Controversy | കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പ്രതിരോധത്തിലായ സിപിഎം കരകയറാൻ പുതുവഴി തേടുന്നു

 
cpm struggles to defend against kafir screenshot controversy

Image Credit: Facebook /CPIM Kerala

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തുവന്നതോടെ ഈ വിഷയം ഇടതുമുന്നണിയിലും ചർച്ചയായിരിക്കുകയാണ്

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ പ്രചരിച്ച കാഫിർ സ്ക്രീൻ ഷോട്ട്  വിവാദങ്ങൾ അണയാതെ നിൽക്കുമ്പോൾ രാഷ്ട്രീയ പ്രതിരോധത്തിലായി സി.പി.എം. കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് കേസിലെ പൊലീസ് കണ്ടെത്തലുകൾ തങ്ങളുടെ സൈബർ പോരാളികളിലേക്ക് എത്തിയതോടെയാണ് സി.പി.എമ്മിന് പ്രതിരോധത്തിലേക്ക് പിൻവലിയേണ്ടി വന്നത്. പൊതു സമൂഹത്തിൽ മതസ്പര്‍ധ ഉണ്ടാക്കാന്‍ ഇടയാക്കുന്ന സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം പാര്‍ട്ടിയുടെ സൈബര്‍ ഇടങ്ങളാണെന്ന കണ്ടെത്തലാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്. 

കാഫിർ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത കെ.കെ. ലതികയെ ഇടത്  സ്ഥാനാർത്ഥിയായി മത്സരിച്ച കെ.കെ ശൈലജ ടീച്ചർ പരസ്യമായി തള്ളി പറഞ്ഞതോടെ ഈ വിഷയത്തിൽ സി.പി.എമ്മിലെ ആന്തരിക വൈരുദ്ധ്യങ്ങളും പുറത്തു വന്നു. എന്നാൽ സി.പി.എം പ്രതിരോധത്തിലായിരിക്കെ കടന്നാക്രമിക്കുകയെന്ന പതിവു ശൈലി പുറത്തെടുത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തുവന്നതോടെ ഈ വിഷയം ഇടതുമുന്നണിയിലും ചർച്ചയായിരിക്കുകയാണ്.

വര്‍ഗീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇടത് നയമല്ലെന്നായിരുന്നു ബിനോയ് വിശ്വം പ്രതികരിച്ചത്.. വര്‍ഗീയ പ്രചാരവേലയുടെ രാഷ്ട്രീയമോ ആശയങ്ങളോ ഇടതുപക്ഷത്തിന്റേതല്ലെന്നും അദ്ദേഹം തുറന്നടിച്ചത്. അതേസമയം സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവരെ പൊലീസ് സംരക്ഷിക്കുകയാണൊരോപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിട്ടുണ്ട്. നേതാക്കൾ അറിയാതെ കാഫിർ പ്രയോഗം വരില്ലെന്നും അദ്ദേഹം ആരോപിച്ചു. കാഫിര്‍ പ്രയോഗം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിലവിലുള്ള സത്യാവസ്ഥ അട്ടിമറിക്കാന്‍ ശ്രമിച്ചതാരാണെന്നും അതിന്റെ പിന്നിലാരാണെന്നും കണ്ടെത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

മത വിദ്വേഷം ഉണ്ടാക്കുന്ന വ്യാജസ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് സിപിഎമ്മിനെ പിന്തുണക്കുന്ന സൈബര്‍ ഹാന്‍ഡിലുകളാണെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കെകെ ശൈലജ ഒഴികെയുള്ള പാര്‍ട്ടി നേതൃത്വം നിശബ്ദത പാലിക്കുകയാണ് ചെയ്തത്. ഈ വിഷയത്തിൽ  ഓഗസ്റ്റ് 16 ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം പ്രതികരിക്കാമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തിൽ പൊലീസ് നിയമനടപടികളുമായി മുൻപോട്ട് പോകുമെന്ന് മാത്രം പറഞ്ഞു പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.

കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്‍ അഡ്മിനായ റെഡ് എന്‍കൌണ്ടറെന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ റിബേഷിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ഇതും രാഷ്ട്രീയ വിവാദമായിട്ടുണ്ട്. 

കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുട വ്യാജ ലെറ്റർ പാഡുപയോഗിച്ചു മുസ്ലിം ലീഗ് പ്രവർത്തകർ വോട്ടു അഭ്യർത്ഥിച്ചുവെന്ന ആരോപണം വ്യാജ കാഫിർ പ്രയോഗത്തിൽ പ്രതിരോധത്തിലായ സി.പി.എം നേതാക്കൾ ഉയർത്തി കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതു വേണ്ടത്ര ഏൽക്കുന്നില്ലെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് പാർട്ടിക്ക് നാണക്കേടായി മാറിയ കാഫിർ വിവാദത്തിൽ നിന്നും കരകയറാൻ പാർട്ടി നേതൃത്വം പുതുവഴി തേടുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia