പിണറായി വിജയൻ്റെ വാദങ്ങൾ തള്ളി പി ജയരാജനും സംസ്ഥാന സെക്രട്ടേറിയറ്റും; തെറ്റ് തിരുത്തേണ്ടത് പാർട്ടിയാണെന്ന് സിപിഎം, വാർത്ത ചോർന്നാൽ ഫോൺ പരിശോധിക്കും
ADVERTISEMENT
● കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമാണെന്ന് പി ജയരാജൻ തുറന്നടിച്ചു
● ജനങ്ങളല്ല, പാർട്ടി തന്നെയാണ് തെറ്റുകൾ തിരുത്തേണ്ടതെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ടിലുള്ളത്
● സെപ്റ്റംബർ 13 മുതൽ കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ മുൻ സർക്കാരിന്റെ ഭരണവും ചർച്ചയാകും
● വി കുഞ്ഞികൃഷ്ണൻ, ടി കെ ഗോവിന്ദൻ, ജി സുധാകരൻ എന്നിവരുടെ വിഷയം പാർട്ടി ഗൗരവത്തോടെ പരിശോധിക്കണമെന്ന് പി ജയരാജൻ ആവശ്യപ്പെട്ടു
കണ്ണൂർ: (KVARTHA) കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ പാർട്ടിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനകളെ പരസ്യമായി തള്ളി സിപിഎം നേതാക്കൾ രംഗത്ത്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും പ്രസംഗങ്ങളെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, മുൻ മന്ത്രി സജി ചെറിയാൻ എന്നിവർ മാത്രമാണ് രംഗത്തുവന്നത്.
എന്നാൽ മുൻ മന്ത്രി വി ശിവൻകുട്ടി, സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ എന്നിവർ പ്രസംഗങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞു. ഇ പി ജയരാജൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവർ വിഷയത്തിൽ മൗനം പാലിക്കുകയാണ്. പി ജയരാജൻ പരസ്യമായി രംഗത്തുവന്നത് പാർട്ടിയിൽ വലിയ അടിയൊഴുക്കുകൾക്ക് വഴിവെച്ചിട്ടുണ്ട്.
ശുദ്ധീകരണം ആവശ്യമാണെന്ന് പി ജയരാജൻ
കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമാണെന്ന് പി ജയരാജൻ തുറന്നടിച്ചു. അണികളുടെ അഭിപ്രായം കേട്ട് തിരുത്തൽ നടത്തുമെന്നും, രാഷ്ട്രീയ സ്വാധീനത്തിൽ ഇടതുപക്ഷം എന്തുകൊണ്ട് പിന്നിലായെന്ന് പരിശോധിക്കണമെന്നും സിപിഎം കണ്ണൂർ ഡി സിയുടെ പോഡ്കാസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.
വി കുഞ്ഞികൃഷ്ണൻ, ടി കെ ഗോവിന്ദൻ, ജി സുധാകരൻ എന്നിവർ പോയത് പാർട്ടി ഗൗരവത്തോടെ പരിശോധിക്കണം. ഇവർ പ്രശ്നങ്ങൾ പാർട്ടിയിലാണ് പറയേണ്ടിയിരുന്നത്. ഇതിന് പകരം സിപിഎം വിരുദ്ധരുടെ കൂടെ ചേർന്ന് പാർട്ടിയെ ആക്രമിച്ച ഇവരുടേത് താത്കാലിക വിജയം മാത്രമാണ്. കെ കെ രാഗേഷിനെതിരായ സൈബർ ആക്രമണം ശരിയല്ലെന്നും പി ജയരാജൻ ചൂണ്ടിക്കാട്ടി.
സെക്രട്ടേറിയറ്റും തള്ളി; യോഗത്തിൽ കർശന നിയന്ത്രണം
വോട്ട് മാറി ചെയ്ത അണികൾക്ക് തെറ്റ് പറ്റിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വ്യാഖ്യാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. ജനങ്ങളല്ല, പാർട്ടി തന്നെയാണ് തെറ്റുകൾ തിരുത്തേണ്ടതെന്നാണ് റിപ്പോർട്ടിലുള്ളത്. അതേസമയം, ഞായറാഴ്ച (സെപ്റ്റംബർ 13) മുതൽ കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ നിന്ന് വാർത്തകൾ പുറത്തേക്ക് പോകരുതെന്ന് കർശന നിർദേശമുണ്ട്.
വാർത്തകൾ പുറത്തുപോയാൽ പ്രതിനിധികളുടെ ഫോൺ പരിശോധിക്കുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ പാർട്ടി സെക്രട്ടറി വാർത്താസമ്മേളനം നടത്തി പറയുമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. മുൻ സർക്കാരിൻ്റെ 10 വർഷത്തെ ഭരണത്തിൽ നിശിതമായ വിമർശനങ്ങൾക്ക് യോഗം വേദിയാകുമെന്നാണ് സൂചന.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The CPM state secretariat and senior leader P Jayarajan openly contradicted Opposition Leader Pinarayi Vijayan's stance on the assembly election defeat, asserting that the party must correct its own mistakes while issuing a warning that delegates' phones will be inspected if discussions from the upcoming state committee meeting in Kozhikode are leaked to the media.
#Kvartha #CPM #PinarayiVijayan #PJayarajan #KeralaPolitics #CPMKerala #MalayalamNews #KannurNews #PoliticalNewsKerala #AmmuNews
