Criticism | 'മുസ്ലിം സമുദായത്തെ വർഗീയതയിൽ നിന്ന് രക്ഷിക്കാൻ സിപിഎം നടത്തുന്ന ശ്രമത്തിന്റെ പത്തിലൊന്ന് ഇക്കാര്യത്തിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ..!' വിമർശനവുമായി സമസ്‌ത എ പി വിഭാഗം യുവജനനേതാവ് 

 
Muhammadali Kinaloor criticizing CPM for its selective focus on Muslims.
Muhammadali Kinaloor criticizing CPM for its selective focus on Muslims.

Photo Credit: Facebook/ Muhammadali Kinalur

● എസ്എസ്എഫ് മുൻ സംസ്ഥാന സെക്രടറിയായ മുഹമ്മദ് അലി കിനാലൂർ, മുസ്ലിം സമുദായത്തിന് എതിരായ വർഗീയതയെതിരെ സിപിഎംനെ വിമർശിച്ചു.
● മുസ്ലിം സമുദായത്തിൽ വർഗീയ ശക്തികളുടെ സ്വാധീനം കണ്ടെത്താൻ സിപിഎംനൊപ്പം മറ്റ് പാർട്ടികൾക്ക് ശ്രമം വേണം.
● ക്രൈസ്തവ സമൂഹത്തിലെ വർഗീയതയും അതിന്റെ പിൻഗാമി ആർ എസ് എസിൻ്റെ സ്വാധീനവും പ്രതിരോധിക്കേണ്ടതാണ്, എന്ന് കിനാലൂർ പറഞ്ഞു.

കോഴിക്കോട്: (KVARTHA) മുസ്ലിം സമുദായത്തിൽ വർഗീയ ശക്തികൾ സ്വാധീനം ചെലുത്തുന്നു എന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി സമസ്‌ത എ പി വിഭാഗം യുവജനനേതാവും എസ്എസ്എഫ് മുൻ സംസ്ഥാന സെക്രടറിയുമായ മുഹമ്മദലി കിനാലൂർ രംഗത്ത്. 

കേരളത്തിലെ മുസ്ലിം സമുദായത്തിൽ വർഗീയ ശക്തികളുടെ സ്വാധീനം കണ്ടെത്താൻ തനിക്ക്  കഴിഞ്ഞിട്ടില്ല. മുസ്‌ലിംകൾ കൂടുതൽ ഉള്ള വാർഡുകളിൽ മത്സരിച്ചിട്ടും തോറ്റു പോയതാണ് എസ് ഡി പി ഐ, വെൽഫയർ പാർട്ടികളുടെ അനുഭവം. മുസ്ലിം സമുദായത്തിന് അകത്തുനിന്ന് തന്നെയാണ് അവർ കൂടുതൽ എതിർപ്പുകൾ നേരിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎമ്മിന് ജമാഅത്തെ ഇസ്ലാമിയുമായി സംബന്ധമുണ്ടായിരുന്ന കാലത്തും സമുദായത്തിലെ മുഖ്യധാര അവർക്ക് എതിരായിരുന്നു എന്നും കിനാലൂർ പറഞ്ഞു. എന്നിട്ടും സിപിഎമ്മിന് മുസ്ലിം സമുദായത്തെ കുറിച്ചാണ് ആധി. മറ്റു സമുദായങ്ങളിലെ വർഗീയതയെക്കുറിച്ച് സിപിഎമ്മിന് ഒട്ടും ആശങ്കയില്ലെന്നും അദ്ദേഹം വിമർശിച്ചു.

ക്രൈസ്തവ സമുദായത്തിൽ വളർന്നുവരുന്ന വർഗീയതയെക്കുറിച്ച് സിപിഎമ്മും കേരള കോൺഗ്രസും നിശ്ശബ്ദരാണെന്നും കിനാലൂർ കുറ്റപ്പെടുത്തി. കാസ എന്ന വർഗീയ പ്രസ്ഥാനം ക്രൈസ്തവ സമൂഹത്തെ ആർഎസ്എസിന്റെ ആശയങ്ങളിലേക്ക് ആകർഷിക്കുന്നതിനെതിരെ ഇവർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ആർഎസ്എസിന്റെ ആശയപരമായ സ്വാധീനം ഇല്ലാത്ത ഒരു പാർട്ടിയും ഇന്ത്യയിൽ ഇല്ലെന്നും സിപിഎമ്മിൽ പോലും ഈ സ്വാധീനമുണ്ടെന്നും മുഹമ്മദലി പറഞ്ഞു. മുസ്ലിം സമുദായത്തെ മാത്രം ലക്ഷ്യമാക്കി നടത്തുന്ന സിപിഎമ്മിന്റെ ഈ നീക്കം അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുമ്പ് ബിജെപിക്ക്‌ ബാലി കേറാമല ആയിരുന്ന ചില മണ്ഡലങ്ങളിൽ ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ഒന്നാം സ്ഥാനത്ത് വന്നതിൽ ആരും വ്യാകുലപ്പെടുന്നില്ല. എസ് ഡി പി ഐക്കോ വെൽഫയർ പാർട്ടിക്കോ അഞ്ഞൂറ് വോട്ട് തികച്ചും നൽകാത്ത മുസ്ലിം സമുദായത്തെ വർഗീയതയിൽ നിന്ന് രക്ഷിക്കാൻ സിപിഎം നടത്തുന്ന എഫർട്ടിന്റെ പത്തിലൊന്ന് മറ്റു സമുദായങ്ങളിൽ ബിജെപി / ആർഎസ്എസ് വേരാഴ്ത്തുന്നതിനെതിരെയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർഥമായും ആഗ്രഹിച്ചു പോകുന്നു. മുസ്ലിംകൾ മാത്രം നന്നായി കണ്ടാൽ മതിയെന്ന സ്വാർത്ഥത സിപിഎമ്മിനെ പോലെ ഒരു കറകളഞ്ഞ മതേതര പാർട്ടിക്ക് ഉണ്ടായിക്കൂടാത്തതാണെന്ന് കിനാലൂർ തന്റെ പോസ്റ്റിൽ പറഞ്ഞു.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:

Muhammadali Kinaloor criticizing CPM for its selective focus on Muslims.

'നേരം പര പരാ വെളുക്കുമ്പോൾ എന്റെ ഉള്ളിൽ പതഞ്ഞു പൊങ്ങിയ ഒരു സംശയം, കേരളത്തിലെ മുസ്‌ലിംകൾ മാത്രം വർഗീയ മുക്തമായാൽ മതിയോ എന്നാണ്. മുസ്‌ലിം സമുദായത്തിൽ വർഗീയ ശക്തികൾ സ്വാധീനം ചെലുത്തുന്നു എന്നും മുസ്ലിം ലീഗ് അതിനു പാലമായി വർത്തിക്കുന്നു എന്നുമാണല്ലോ ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഏത് മാപിനി വെച്ച് പരിശോധിച്ചിട്ടും മുസ്‌ലിം സമുദായത്തിൽ ഇപ്പറയുന്ന സംഘടനകൾ ഉണ്ടാക്കിയ സ്വാധീനം കണ്ടെത്താൻ എനിക്ക് സാധിച്ചിട്ടില്ല. എന്റെ പിഴ എന്ന് കരുതി സമാധാനിക്കുക. 

എന്ന് മാത്രമല്ല മുസ്‌ലിം സമുദായം ഇപ്പറയുന്ന വർഗീയ സംഘടനകൾക്ക് ചാരി നിന്ന അനുഭവവും ഇല്ല. അങ്ങനെ ചാരി നിന്നിരുന്നുവെങ്കിൽ അവർക്ക് എത്രയോ തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കാമായിരുന്നു. മുസ്‌ലിംകൾ കൂടുതൽ ഉള്ള വാർഡുകളിൽ മത്സരിച്ചിട്ടും തോറ്റു പോയതാണ് എസ് ഡി പി ഐ, വെൽഫയർ പാർട്ടികളുടെ അനുഭവം. മുസ്ലിം സമുദായത്തിന് അകത്തുനിന്ന് തന്നെയാണ് അവർ കൂടുതൽ എതിർപ്പുകൾ നേരിട്ടത്. ഇപ്പോഴും അതേ. സിപിഎമ്മിന് ജമാഅത്തെ ഇസ്ലാമിയുമായി സംബന്ധമുണ്ടായിരുന്ന കാലത്തും സമുദായത്തിലെ മുഖ്യധാര അവർക്ക് എതിരായിരുന്നു. എസ് ഡി പി ഐയുടെ കാര്യത്തിലും അതാണവസ്ഥ. എന്നിട്ടും മുസ്‌ലിം സമുദായത്തെ കുറിച്ചാണ് സി പി എം നേതാക്കൾക്ക് ആധി. സമുദായം ജമാഅത്തിന്റെയും എസ് ഡി പി ഐയുടെയും കെണിയിൽ വീണുപോകുമോ എന്ന് ആലോചിച്ച് അവർക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. 

അതേസമയം മുസ്ലിമിതര സമുദായങ്ങളിലെ സ്ഥിതി എന്താണ്? കാസ എന്ന പേരിൽ ഒരു കൊടുംവർഗീയ പ്രസ്ഥാനം ക്രൈസ്തവ സമൂഹത്തെ ആർ എസ് എസിന്റെ ആലയിൽ  കെട്ടാൻ അച്ചാരം വാങ്ങി ഇറങ്ങിയിട്ട് കാലമൊത്തിരിയായി. ചില വൈദികർ പോലും അവരുടെ കെണിയിൽ വീണിട്ടുണ്ട്. കടുത്ത മുസ്‌ലിം വിദ്വേഷം സാമൂഹിക മാധ്യമങ്ങളിലൂടെ കാസ പുറന്തള്ളുന്നുണ്ട്. ക്രൈസ്തവർ വർഗീയക്കുഴിയിൽ വീണുപോകുന്നതിൽ സിപിഎം നേതാക്കൾക്ക് പരിഭവമില്ലേ. അത് തടയണ്ടേ? ക്രിസ്ത്യാനികളെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസുകൾ മിണ്ടിയിട്ടുണ്ടോ കാസക്കെതിരെ? ക്രൈസ്തവരിൽ ചെറു ന്യൂനപക്ഷം വർഗീയവത്കരിക്കപ്പെടുമ്പോൾ കയ്യും കെട്ടി നിൽക്കുന്ന ജോസ് കെ മാണിയും പി ജെ ജോസഫും വിമർശിക്കപ്പെടണ്ടേ? സാദിഖലി തങ്ങൾക്കെതിരെ നടത്തിയത് പോലെ ഒരു 'രാഷ്ട്രീയ വിമർശനം' കേരള കോൺഗ്രസ്‌ നേതാക്കൾക്കെതിരെ നടത്താൻ മുഖ്യമന്ത്രി ധൈര്യം കാട്ടുമോ? 

ആർ എസ് എസിന്റെ ആശയപരമായ സ്വാധീനം ഇല്ലാത്ത ഏത് പാർട്ടിയുണ്ട് ഇന്ത്യയിൽ? കേരളത്തിൽ? സിപിഎമ്മിൽ പോലുമില്ലെ ഈ സ്വാധീനം? ഹിന്ദു സമുദായത്തിലേക്ക് ആർ എസ് എസ് കടന്നു കയറുന്നതിൽ ആർക്കും വേവലാതിയില്ല. മുമ്പ് ബിജെപിക്ക്‌ ബാലി കേറാ മല ആയിരുന്ന ചില മണ്ഡലങ്ങളിൽ ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ഒന്നാം സ്ഥാനത്ത് വന്നതിൽ ആരും വ്യാകുലപ്പെടുന്നില്ല. എസ് ഡി പി ഐക്കോ വെൽഫയർ പാർട്ടിക്കോ അഞ്ഞൂറ് വോട്ട് തികച്ചും നൽകാത്ത മുസ്ലിം സമുദായത്തെ വർഗീയതയിൽ നിന്ന് രക്ഷിക്കാൻ സിപിഎം നടത്തുന്ന എഫർട്ടിന്റെ പത്തിലൊന്ന് മറ്റു സമുദായങ്ങളിൽ ബിജെപി / ആർഎസ്എസ് വേരാഴ്ത്തുന്നതിനെതിരെയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർഥമായും ആഗ്രഹിച്ചു പോകുന്നു. മുസ്ലിംകൾ മാത്രം നന്നായി കണ്ടാൽ മതിയെന്ന സ്വാർത്ഥത സിപിഎമ്മിനെ പോലെ ഒരു കറകളഞ്ഞ മതേതര പാർട്ടിക്ക്‌ ഉണ്ടായിക്കൂടാത്തതാണ്'.

#Samastha #CPM #Communalism #KeralaPolitics #RSSInfluence #MuhammadaliKinaloor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia