Disciplinary Action | പാര്‍ട്ടി അച്ചടക്ക നടപടി തന്നെ രോഗിയാക്കിയെന്ന് ആരോപിച്ച സികെപി പത്മനാഭനെ ഏരിയാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി; ഇനി ബ്രാഞ്ച് അംഗം മാത്രം
● സി.കെ.പിക്കെതിരെ പ്രതിനിധികളിൽ ചിലർ വിമർശനം ഉന്നയിച്ചിരുന്നു
● സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കർഷകസംഘം സംസ്ഥാന പ്രസിഡന്റുമായിരുന്നു സി.കെ.പി
കണ്ണൂർ: (KVARTHA) മുൻ തളിപ്പറമ്പ് മണ്ഡലം എം.എൽ.എ സി.കെ.പി പത്മനാഭനെ സി.പി.എം മാടായി ഏരിയാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് ഒഴിവാക്കി. ഞായറാഴ്ച സമാപിച്ച ഏരിയാ സമ്മേളനത്തിൽ പാർട്ടിക്കെതിരെ വിവാദ അഭിമുഖം നൽകിയ സി.കെ.പിക്കെതിരെ പ്രതിനിധികളിൽ ചിലർ വിമർശനം ഉന്നയിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് ഒരു ചാനലിലെ മുഖാമുഖം പരിപാടിയിൽ പാർട്ടി തന്റെ ഭാഗം കേൾക്കാതെ സ്വീകരിച്ച അച്ചടക്ക നടപടി തന്നെ വൃക്കരോഗിയാക്കിയെന്നു സി.കെ.പി ആരോപിച്ചിരുന്നു.
എന്നാൽ ഈ വിഷയത്തിൽ സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം പ്രതികരിച്ചിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി.കെ.പിയെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതെന്നാണ് സി.പി.എം വിശദീകരണം. കഴിഞ്ഞ കുറെമാസങ്ങളായി ഡയാലിസിസ് ചെയ്യുന്ന രോഗിയാണ് സി.കെ.പി. വൃക്കരോഗിയായ അദ്ദേഹം കഴിഞ്ഞ ഒരു വർഷമായി പാർട്ടി പരിപാടികളിൽ പങ്കെടുക്കാറില്ല.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കർഷകസംഘം സംസ്ഥാന പ്രസിഡന്റുമായിരുന്നു സി.കെ.പി. 2011 സെപ്റ്റംബർ പതിനെട്ടിനാണ് അദ്ദേഹത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും സംസ്ഥാന നേതൃത്വം ഒഴിവാക്കിയത്. കർഷക സംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ ഫണ്ടുകൈക്കാര്യം ചെയ്തതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നായിരുന്നു ആരോപണം.
ഓഫീസ് സെക്രട്ടറി നടത്തിയ തിരിമറിയിൽ തന്നെ ബലിയാടാക്കിയെന്നായിരുന്നു ഇതുസംബന്ധിച്ചു സി.കെ.പിയുടെ വിശദീകരണം. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരെ സ്വഭാവദൂഷ്യത്തിന് പാർട്ടിക്ക് പരാതി നൽകിയതിനെ തുടർന്നാണ് സി.കെ.പിക്കെതിരെ പാർട്ടി നേതൃത്വം നടപടിയെടുത്തതെന്നായിരുന്നു ആരോപണം.
അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അതീവ വിശ്വസ്തനായ പി.ശശിക്കെതിരെ അതീവ ഗുരുതരമായി ആരോപണമുന്നയിച്ചതിന് പിന്നാലെയായിരുന്നു വി.എസ് അച്യുതാനന്ദന്റെ പക്ഷത്തെ നേതാവായ സി.കെ.പിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. 2006-2011 കാലത്ത് തളിപ്പറമ്പ് മണ്ഡലത്തിലെ എം.എൽ.എയായ സി.കെ.പി പത്മനാഭന് വീണ്ടും മത്സരിക്കാനും പാർട്ടി അവസരം നൽകിയില്ല.