സിപിഎം പയ്യന്നൂർ വിഭാഗീയത: വി കുഞ്ഞികൃഷ്ണന് ശാസന; ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് ക്ലൈമാക്സ്


● കുഞ്ഞികൃഷ്ണൻ പാർട്ടിയുമായി നിസ്സഹകരിച്ച് മാറിനിൽക്കുകയായിരുന്നു.
● സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിലാണ് മഞ്ഞുരുകിയത്.
● പാർട്ടി ഫണ്ടിലെ ക്രമക്കേടുകളിൽ ഉറച്ചുനിൽക്കുന്നതായി കുഞ്ഞികൃഷ്ണൻ.
● കുറ്റാരോപിതർക്കെതിരെയുള്ള നടപടിയിൽ വിയോജിപ്പ് നിലനിർത്തുന്നു.
കണ്ണൂർ: (KVARTHA) സി.പി.എം. മുൻ പയ്യന്നൂർ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി ക്ഷണിതാവുമായ വി. കുഞ്ഞികൃഷ്ണന് സി.പി.എം. ശാസന. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിനായി പിരിച്ച ഫണ്ടിൽ തിരിമറി നടത്തിയെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചതിനാണ് ജില്ലാ കമ്മിറ്റി അംഗമായ വി. കുഞ്ഞികൃഷ്ണനെ പാർട്ടി നേതൃത്വം ശാസിച്ചത്.

ബുധനാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു നടപടി. നേരത്തെ ടി.ഐ. മധുസൂദനൻ എം.എൽ.എക്കെതിരെ വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണത്തിൽ കഴമ്പില്ലെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. കുഞ്ഞികൃഷ്ണൻ പയ്യന്നൂർ ഏരിയാ സെക്രട്ടറിയായിരിക്കെയാണ് ഈ ആരോപണം ഉന്നയിച്ചത്.
സി.പി.എമ്മിൽ ഏറെ വിവാദമായ സംഭവമായിരുന്നു പയ്യന്നൂരിലെ പാർട്ടി ഓഫീസ് നിർമ്മാണ, ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം. പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ പാർട്ടിയിൽ തിരിച്ചെത്തിയതോടെ സി.പി.എമ്മിന് ഒഴിഞ്ഞത് വലിയൊരു പ്രതിസന്ധിയായിരുന്നു.
കുഞ്ഞികൃഷ്ണന്റെ നിസ്സഹകരണം പാർട്ടിയിൽ വിഭാഗീയതയ്ക്ക് പോലും വഴിതുറന്നേക്കാമെന്ന വിലയിരുത്തലിലായിരുന്നു സംസ്ഥാന നേതൃത്വമടക്കം ഉണ്ടായിരുന്നത്. ടി.ഐ. മധുസൂദനനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്ന കുഞ്ഞികൃഷ്ണൻ നിലപാട് മയപ്പെടുത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ്.
ധനരാജ് രക്തസാക്ഷി ഫണ്ട് ഉൾപ്പെടെ പാർട്ടി ഫണ്ടുകളിലെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ സംബന്ധിച്ച് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയതിന് പിന്നാലെയാണ് വി. കുഞ്ഞികൃഷ്ണൻ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുന്നത്. കുഞ്ഞികൃഷ്ണനെ മാറ്റാനുള്ള കാരണം പാർട്ടിയും പരസ്യമാക്കിയില്ല.
‘ഇങ്ങനെ അപമാനിതനായി തുടരേണ്ട കാര്യമില്ലെന്ന്’ വ്യക്തമാക്കി ഒന്നര വർഷം മുൻപ് താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കുഞ്ഞികൃഷ്ണൻ നിലപാടെടുത്തു. പാർട്ടി നേതൃത്വം പല ശ്രമങ്ങൾ നടത്തിയിട്ടും കുഞ്ഞികൃഷ്ണൻ തീരുമാനം മാറ്റിയില്ല.
കുറ്റാരോപിതനായ പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ അടക്കമുള്ളവർക്കെതിരെ ലഘുവായ നടപടികളെടുത്തതിലും പ്രതിഷേധിച്ച് വി. കുഞ്ഞികൃഷ്ണൻ പാർട്ടിയുടെയും പോഷക സംഘടനകളുടെയും പ്രവർത്തനങ്ങളിൽ നിന്ന് 2024 ജൂൺ 17 മുതൽ വിട്ടുനിൽക്കുകയായിരുന്നു. ഒടുവിൽ ഈ മഞ്ഞുരുകലിന് കാരണം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേരിട്ടുള്ള ഇടപെടലാണ്.
അര മണിക്കൂറോളം മാത്രം നീണ്ട ബുധനാഴ്ചത്തെ സി.പി.എം. ഏരിയ കമ്മിറ്റി യോഗത്തിൽ, പാർട്ടി ഫണ്ട് തിരിമറി പരാതി ചർച്ച ചെയ്തില്ല. ‘ഫണ്ട് ക്രമക്കേടു സംബന്ധിച്ച് താൻ നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുന്നതായും അതിൽ പറഞ്ഞ കണക്കുകൾ പാർട്ടി തള്ളിയിട്ടില്ലെന്നും’ യോഗത്തിൽ വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
‘പാർട്ടിയാണ് എനിക്ക് വലുത്. സംസ്ഥാന നേതൃത്വം തന്നെ ആവശ്യപ്പെടുമ്പോൾ മാറിനിൽക്കാനാവില്ല’ എന്നായിരുന്നു തിരിച്ചു വരവിന്റെ കാരണം കുഞ്ഞികൃഷ്ണൻ യോഗത്തിൽ വിശദീകരിച്ചത്. കുറ്റാരോപിതർക്കെതിരെ പാർട്ടി എടുത്ത ലഘുവായ നടപടികളിലുള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ട് തന്നെ പാർട്ടിയിൽ വീണ്ടും സജീവമാകാൻ കുഞ്ഞികൃഷ്ണൻ തീരുമാനിച്ചിരുന്നു.
പയ്യന്നൂർ സിപിഎമ്മിലെ വിഭാഗീയതയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: CPM resolves Payyanur factionalism with censure for V Kunjikrishnan.
#CPMKerala #PayyanurPolitics #VKunjikrishnan #MVGovindan #PartyDispute #KeralaPolitics