സിപിഎം നേതാക്കളുടെ സ്വത്ത് വിവരങ്ങൾ ഓഡിറ്റ് ചെയ്യൽ; ആരോപണം നേരിടുന്ന പലരും പാർട്ടിക്ക് പുറത്ത് പോകേണ്ടിവരും!
ADVERTISEMENT
● കോഴിക്കോട് ചേർന്ന വിശാല സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് നിർണായക തീരുമാനമുണ്ടായത്
● വരാനിരിക്കുന്ന നവംബറിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സ്വത്തുവിവരങ്ങൾ ആദ്യം ഓഡിറ്റ് ചെയ്യും
● തുടർന്നുള്ള ഘട്ടങ്ങളിൽ ഈ പരിശോധന ജില്ലാ നേതാക്കളിലേക്കും ഘതങ്ങളിലേക്കും വ്യാപിപ്പിക്കും
● സഹകരണ മേഖലയിലെ സാമ്പത്തിക ക്രമക്കേടുകളും നേതാക്കളുടെ വായ്പാ തിരിച്ചടവും കർശനമായി പരിശോധിക്കും
● പയ്യന്നൂർ രക്തസാക്ഷി ഫണ്ട് ക്രമക്കേടും ഓഫീസ് നിർമാണത്തിലെ വകമാറ്റലും അന്വേഷണ പരിധിയിൽ വരും
നവോദിത്ത് ബാബു
കണ്ണൂർ: (KAVRTHA) സംഘടനാതലത്തിൽ നിർണായകമായ തെറ്റുതിരുത്തൽ പ്രക്രിയയ്ക്ക് തുടക്കമിട്ട് സിപിഎം ഇറങ്ങിയാൽ നിലവിൽ ആരോപണം നേരിടുന്ന പലരും പാർട്ടിക്ക് പുറത്ത് പോകേണ്ടിവരുമെന്ന് റിപ്പോർട്ട്. സത്യസന്ധമായ അന്വേഷണം വരികയാണെങ്കിൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ നേതാക്കളെയാണ്.
സഹകരണ മേഖലയിലും പ്രതിസന്ധി
കണ്ണൂരിൽ റെയ്ഡ്കോ, ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി, ഹിലാൽ ഫായിദ, കേരള ദിനേശ് സഹകരണ സംഘം തുടങ്ങി ഒട്ടേറെ സഹകരണ സ്ഥാപനങ്ങളും സൊസൈറ്റികളും കടുത്ത സാമ്പത്തിക ആരോപണങ്ങൾ നേരിടുന്നവയാണ്. ഇതുകൂടാതെ ഏതാനും സഹകരണ ബാങ്കുകളിലും സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ട്. പാർട്ടി നേതാക്കൾ തന്നെയാണ് ഇതിൻ്റെയൊക്കെ തലപ്പത്തിരിക്കുന്നത്.
സ്വത്ത് വിവരങ്ങൾ ഓഡിറ്റ് ചെയ്യും
ഈ സാഹചര്യത്തിലാണ് പാർട്ടി നേതാക്കളുടെ വരവിൽ കവിഞ്ഞ സ്വത്തും ബിനാമി ഇടപാടുകളും കർശനമായി പരിശോധിക്കാൻ കോഴിക്കോട് ചേർന്ന വിശാല സംസ്ഥാന സമിതി യോഗത്തിൽ തീരുമാനമായത്. ഇതിൻ്റെ ഭാഗമായി വരാനിരിക്കുന്ന നവംബറിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സ്വത്തുവിവരങ്ങൾ ആദ്യം ഓഡിറ്റ് ചെയ്യും. തുടർന്നുള്ള ഘട്ടങ്ങളിൽ പരിശോധന ജില്ലാ നേതാക്കളിലേക്കും വ്യാപിപ്പിക്കും.
സഹകരണ മേഖലയിലും ശക്തമായ നടപടികൾ ഉണ്ടാകും. പാർട്ടി നേതാക്കൾ എടുത്ത വലിയ തുകയുടെ വായ്പകൾ തിരിച്ചടച്ചില്ലെങ്കിൽ കടുത്ത പാർട്ടി നടപടി നേരിടേണ്ടിവരും. ബാങ്കുകൾക്ക് നിയമപരമായ നടപടികളിലേക്ക് കടക്കാമെന്നും യോഗത്തിൽ നിർദേശമുയർന്നിട്ടുണ്ട്. സിപിഎമ്മിൻ്റെ അഭിമാനസ്ഥാപനങ്ങളായ സഹകരണ സംഘങ്ങൾ പലതും ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. സാമ്പത്തിക കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഇവയെ തളർത്തിയത്.
വിയർക്കാൻ പോകുന്നത് ഉന്നത നേതാക്കൾ
ഇടിഞ്ഞു പൊളിയാറായ കൂരകളിൽ ജീവിച്ച നേതാക്കളിൽ പലരും പ്രത്യേകിച്ചു പണിയൊന്നുമെടുക്കാതെ മണിമാളികകൾ പണിതുവെന്നാണ് ആക്ഷേപം. ഇതിനൊക്കെ എവിടുന്നാണ് പണമെന്ന ചോദ്യം പാർട്ടിക്കുള്ളിൽ നിന്നും ഉയർന്നിരുന്നുവെങ്കിലും ഭയം കാരണം ആരും മുൻപോട്ടു പോയിരുന്നില്ല.
പയ്യന്നൂർ രക്തസാക്ഷി ഫണ്ട് ക്രമക്കേട്, ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണത്തിലെ വകമാറ്റി ചെലവഴിക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അന്വേഷണത്തിൻ്റെ പരിധിയിൽ വരുമ്പോൾ വിയർക്കാൻ പോകുന്നത് ഉന്നത നേതാക്കൾ തന്നെയാണ്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: CPM will strictly audit the wealth of its state and district leaders to tackle corruption.
#Kvartha #CPM #KeralaPolitics #KannurNews #MalayalamNews #CPMKerala #KeralaCooperativeBanks #AmmuNews
