Crisis | ആരോപണങ്ങൾ തള്ളി കണ്ണൂരിലെ സിപിഎം നേതാക്കൾ; പാർട്ടിയിൽ പിന്തുണ നഷ്ടപ്പെട്ട അൻവർ എന്ത് ചെയ്യും?
എ.ഡി.ജി.പി ആർ എസ്.എസ് നേതാക്കളുമായി സ്വകാര്യമായി കൂടിക്കാഴ്ച്ച നടത്തിയതിൽ തെറ്റില്ലെന്നായിരുന്നു ഷംസീറിൻ്റെ വാദം
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തർക്കെതിരെ ഗുരുതരമായ ആരോപണമുന്നയിച്ച പാർട്ടി സ്വതന്ത്ര എം.എൽ.എയായ പി.വി അൻവറിനെ തള്ളി കണ്ണൂരിലെ സി.പി.എം നേതാക്കൾ. ഇതോടെ ഇടതു ക്യാംപിൽ അൻവറുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. അൻവറിനെ പിൻതുണയ്ക്കുന്ന റിപ്പോർട്ടർ ടി.വി ചാനൽ മരം കൊള്ളക്കാരുടെതാണെന്ന് പാർട്ടി പി.ബി അംഗം എ വിജയരാഘവൻ കണ്ണൂരിൽ നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യവേ ആരോപിച്ചിരുന്നു.
ഇതിനു പുറമേ എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെ ന്യായീകരിച്ചു സ്പീക്കർ എ.എൻ ഷംസീറും രംഗത്തെത്തി. എ.ഡി.ജി.പി ആർ എസ്.എസ് നേതാക്കളുമായി സ്വകാര്യമായി കൂടിക്കാഴ്ച്ച നടത്തിയതിൽ തെറ്റില്ലെന്നായിരുന്നു ഷംസീറിൻ്റെ വാദം. ആർ.എസ്.എസ് രാജ്യത്തെ വലിയ സംഘടനയാണെന്നായിരുന്നു ഷംസീറിൻ്റെ വിലയിരുത്തൽ. എന്നാൽ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ഫോൺ കോളുകൾ അജിത്ത് കുമാർ ചോർത്തിയെന്ന അൻവറിൻ്റെ ആരോപണം സ്പീക്കർ തള്ളി.
സർക്കാർ സംവിധാനത്തിൽ അങ്ങനെ നടക്കാൻ സാധ്യത കുറവാണെന്നായിരുന്നു ഷംസീറിൻ്റെ പ്രതികരണം. കഴിഞ്ഞ ദിവസം അൻവറിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തള്ളി പറഞ്ഞിരുന്നു. അൻവർ ആരോപണങ്ങൾ ഉന്നയിച്ച രീതി ശരിയല്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
സി.പി.എം. നേതൃത്വം ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ പി.വി അൻവർ കടുത്ത പ്രതിരോധത്തിലാണ്. പൊലീസിനെതിരെ പരാതിപ്പറയാൻ അൻവർ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. സി.പി.എം സഹയാത്രികനായി അൻവറിന് ഇനി ഏറെക്കാലം മുൻപോട്ടു പോകാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. പുതിയ ലാവണങ്ങൾ തേടി അൻവർ പ്രയാണമാരംഭിക്കുമോയെന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നത്.