സിപിഎം കണ്ണൂർ ജില്ലയിൽ വ്യാപകമായി അക്രമവും കള്ളവോട്ടും നടത്തി: ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്

 
 Martin George DCC President photo
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മലപ്പട്ടം, കുറ്റിയാട്ടൂർ, മാതമംഗലം, വെള്ളോറ, മാലൂർ, പയ്യന്നൂർ എന്നിവിടങ്ങളിലും അക്രമം അഴിച്ചുവിട്ടു.
● വനിതാ സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവർ ആക്രമിക്കപ്പെട്ടെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് അക്രമം നടന്നെന്നും ആരോപണം.
● ചൊക്ലിയിൽ ക്യൂ നിൽക്കുന്ന വോട്ടർമാരെ നിർബന്ധിച്ച് ഓപ്പൺ വോട്ട് ചെയ്യിച്ചതായി പരാതി.
● പയ്യന്നൂർ നഗരസഭയിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി എത്തിയ നാല് പേരെ പ്രിസൈഡിങ് ഓഫീസർ തടഞ്ഞു.

കണ്ണൂർ: (KVARTHA) സിപിഎമ്മിന് മേധാവിത്വമുള്ള ജില്ലയിലെ പല പാർട്ടി ഗ്രാമങ്ങളിലും വ്യാപകമായ കള്ളവോട്ടും അക്രമവും നടത്തിയതായി ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ആരോപിച്ചു. ആന്തൂർ നഗരസഭയടക്കം സിപിഎം ശക്തികേന്ദ്രങ്ങളിലെ പല ബൂത്തുകളിൽ നിന്നും വോട്ടെടുപ്പ് ദിനം രാവിലെ തന്നെ യുഡിഎഫ് ബൂത്ത് ഏജന്റുമാരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ച സംഭവമുണ്ടായി.

Aster mims 04/11/2022

മലപ്പട്ടം, കുറ്റിയാട്ടൂർ, മാതമംഗലം, വെള്ളോറ, മാലൂർ, പയ്യന്നൂർ എന്നീ പഞ്ചായത്തുകളിലും സമാനമായ അക്രമങ്ങൾ അഴിച്ചുവിട്ടു. വനിതാ സ്ഥാനാർഥികൾ പോലും പലയിടങ്ങളിലും ആക്രമിക്കപ്പെട്ടു. ബൂത്തിനകത്ത് വെച്ച് തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽവച്ച് സിപിഎം പ്രവർത്തകർ അക്രമം നടത്തുകയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം ഗൗരവത്തോടെ കാണേണ്ടതാണെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ ജനാധിപത്യ ധ്വംസനങ്ങൾക്കു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. പരാജയഭീതിയിലാണ് സിപിഎം നേതൃത്വത്തിന്റെ അറിവോടെ വ്യാപകമായി കള്ളവോട്ട് ചെയ്തതെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു. ജനാധിപത്യത്തിന്റെ അന്തസ്സത്തയെ തന്നെ ഇല്ലാതാക്കുന്ന സമീപനമാണ് തുടക്കം മുതൽ സിപിഎം സ്വീകരിച്ചത്. 

സിപിഎമ്മിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ പോലും ജനാധിപത്യപരമായ പോരാട്ടത്തെ അവർ ഭയക്കുകയാണ്. അതിനുദാഹരണമാണ് ആന്തൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തള്ളിപ്പിച്ച സംഭവം. എല്ലാ കാലങ്ങളിലും കണ്ണൂർ ജില്ലയിൽ സിപിഎം തുടർന്ന് വരുന്ന തെരഞ്ഞെടുപ്പ് അക്രമങ്ങളുടെ ആവർത്തനമാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പ് ദിനത്തിലും കണ്ടത്. 

Martin George DCC President photo

സിപിഎം പ്രവർത്തകരുടെ ഭീഷണിക്കും അതിക്രമങ്ങൾക്കുമിടയിലും നിർഭയം സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാരെയും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അഭിവാദ്യം ചെയ്തു.

ചെങ്ങളായി പഞ്ചായത്തിലെ ഒന്നാം വാർഡ് മാവിലം പാറ വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പോളിങ് ഏജന്റുമാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചു. പോളിങ് ഏജന്റുമാരുടെ പാസ് വാങ്ങാൻ പോലും അനുവദിച്ചില്ല. 

മുഹമ്മദ് സിനാൻ, മുത്തലിബ് എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. പാസ് വാങ്ങാൻ ബൂത്തിലെത്തിയപ്പോൾ സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. പോളിങ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി.

പാർട്ടി ഗ്രാമമായ ചെറുതാഴം പഞ്ചായത്തിലെ ബൂത്തിലും അക്രമം നടന്നു. ചെറുതാഴം പതിനാറാം വാർഡ് യുഡിഎഫ് ബൂത്ത് ഏജന്റായ സുമേഷിനെ മർദിച്ചു. കോക്കാട് വാർഡിലെ ബൂത്തായ മണ്ടൂർ എൽ പി സ്കൂളിലാണ് ഈ അക്രമം നടന്നത്.

ചെങ്ങളായി പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ണാടിപ്പാറ മാവിലം പാറ ബൂത്തിൽ സിപിഎം പ്രവർത്തകർ ഭീഷണി മുഴക്കി. യുഡിഎഫ് ബൂത്ത് ഏജന്റിനെയും പോളിങ് ഉദ്യോഗസ്ഥരെയുമാണ് ഭീഷണിപ്പെടുത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ പ്രതിയായ രാജേഷാണ് ബൂത്തിനുള്ളിൽ കയറി ആക്രോശിച്ചത്.

പയ്യന്നൂർ നഗരസഭയിലെ വാർഡ് 17-ൽ കള്ളവോട്ട് ചെയ്യാൻ ശ്രമമുണ്ടായി. വ്യാജ തിരിച്ചറിയൽ രേഖയുമായി എത്തിയ 4 പേരെ പ്രിസൈഡിങ് ഓഫീസർ തടഞ്ഞു. പെരുമ്പമാപ്പിള എൽ പി സ്കൂളിലാണ് സംഭവം. 

സിപിഎം ഏജന്റ് ഉദ്യോഗസ്ഥരുമായി വാക്ക് തർക്കമുണ്ടായതിനെ തുടർന്ന് പോളിങ് തടസ്സപ്പെട്ടു. ചൊക്ലി യു പി സ്കൂളിൽ ക്യൂ നിൽക്കുന്ന വോട്ടർമാരെ മുൻ എൽഡിഎഫ് പഞ്ചായത്ത് മെമ്പർ മഹിമ മജീദിന്റെ നേതൃത്വത്തിൽ നിർബന്ധിച്ച് ഓപ്പൺ വോട്ട് ചെയ്യിച്ചതായി പരാതിയുണ്ട്.

അഴീക്കോട് പഞ്ചായത്ത് 14, 15 വാർഡുകളിൽ കള്ളവോട്ട് ചെയ്യാൻ ശ്രമമുണ്ടായി. മീങ്കുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത്. യുഡിഎഫ് സ്ഥാനാർഥികളായ ചാന്ദിനി, മോഹനൻ എന്നിവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. കള്ളവോട്ട് യുഡിഎഫ് ബൂത്ത് ഏജന്റ് തടഞ്ഞതിനെ തുടർന്ന് ബൂത്തിൽ ബഹളമുണ്ടായി.

കതിരൂരിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് നേരെ അതിക്രമം നടന്നു. പാനൂർ ബ്ലോക്ക് യുഡിഎഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർഥി കെ ലതികയാണ് ബൂത്തിനകത്ത് അക്രമത്തിന് ഇരയായത്. കതിരൂർ അഞ്ചാം വാർഡ് വേറ്റുമ്മൽ മാപ്പിള എൽ പി സ്കൂളിലെ ബൂത്തിൽ വെച്ചാണ് അക്രമം നടന്നത്. ബൂത്തിനകത്ത് അതിക്രമിച്ചെത്തിയ സിപിഎം പ്രവർത്തകർ ലതികയുടെ കൈയ്യിൽ നിന്ന് ബലം പ്രയോഗിച്ച് വോട്ടേഴ്‌സ് ലിസ്റ്റ് പിടിച്ചുവാങ്ങി. 

അവരെ തള്ളിയിടാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ലതികയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹിളാ കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് പ്രസിഡന്റുമായ ലതിക ബൂത്തിൽ അക്രമത്തിനിരയായത് ഗൗരവമേറിയ കാര്യമാണ്.

മാലൂർ പഞ്ചായത്തിൽ ബൂത്തിൽ ഇരുന്ന യുഡിഎഫ് വനിതാ സ്ഥാനാർഥിക്ക് മർദനമേറ്റു. മാലൂർ പതിനൊന്നാം വാർഡ് കുണ്ടേരി പൊയിൽ എൽ പി സ്കൂളിലെ ബൂത്തിലാണ് സിപിഎം പ്രവർത്തകരുടെ അതിക്രമം നടന്നത്. യുഡിഎഫ് സ്ഥാനാർഥി അമല, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി രാഹുൽ മേക്കിലേരി എന്നിവർക്കാണ് മർദനമേറ്റത്. കള്ളവോട്ട് ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണം.

പയ്യന്നൂർ നഗരസഭ വാർഡ് 43-ലെ ബൂത്തിലെ യുഡിഎഫ് ഏജന്റുമാരെ ബലം പ്രയോഗിച്ച് ബൂത്തിൽ നിന്ന് ഇറക്കിവിട്ടു. സിപിഎം പ്രവർത്തകർ ബൂത്തിൽ സംഘടിച്ച് എത്തിയാണ് ഇറക്കിവിട്ടത്. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിക്ക് നേരെയുൾപ്പെടെ ആക്രമണം നടന്നു. മുഴക്കുന്ന് പഞ്ചായത്തിലെ 9, 11 വാർഡുകളിലെ ബൂത്ത് ഏജന്റുമാർക്ക് നേരെയും സിപിഎം പ്രവർത്തകർ ആക്രമണം നടത്തി. 

പേരാവൂർ ജില്ലാ ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി സജിത മോഹൻ, ഒൻപതാം വാർഡ് സ്ഥാനാർഥി സി കെ മോഹനൻ, യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കൺവീനർ ഗിരീശൻ എന്നിവരെയാണ് ആക്രമിച്ചത്. വ്യാപകമായി കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് ആക്രമണം ഉണ്ടായത്. സജിതയെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൂത്തിന് മുന്നിൽ തടിച്ചുകൂടിയ സിപിഎം പ്രവർത്തകരെ പോലീസ് ലാത്തി വീശി ഓടിക്കുകയുണ്ടായി.

ആന്തൂർ മണ്ഡലം പ്രസിഡന്റ് പ്രജോഷിനെ സിപിഎം പ്രവർത്തകർ ബൂത്തിൽ കയറി തല്ലിയോടിച്ചു. അക്രമത്തിൽ പരിക്കേറ്റ വിനോദ് കുമാർ പി കെ, ദിനേശൻ കുമാർ, ആദിത്യൻ ഡി, സദാനന്ദൻ ഡി എം, രാജേഷ് ടി അന്നൂർ, ശാരദ പി (സ്ഥാനാർഥി) എന്നിവരെ പയ്യന്നൂർ ഇന്ദിരാ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുറ്റിയാട്ടൂർ പഞ്ചായത്തിലെ നെടുകുളം ബൂത്തിലേക്ക് രാവിലെ പോകുന്ന യുഡിഎഫ് പ്രവർത്തകൻ അസ്‌ലമിനെ സിപിഎം പ്രവർത്തകർ മർദിച്ചു. ഗുരുതരമായ പരിക്കേറ്റ അസ്‌ലമിനെ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.

ഈ വാർത്ത കൂട്ടുകാർക്ക് ഷെയർ ചെയ്യൂ. 

Article Summary: DCC President alleges widespread violence, bogus voting, and assault on UDF agents/candidates by CPM in Kannur.

#KannurViolence #KeralaElections #BogusVoting #CPMAttack #DCCPresident #MartinGeorge

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia