പയ്യന്നൂരിന് പിന്നാലെ കണ്ണൂരിലും ഫണ്ട് വിവാദം; സിപിഎം ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറിയെ നീക്കി

 
Representational image for political office building fund and local committee meeting

Photo: Special Arrangement

ADVERTISEMENT

● കോടിയേരി ബാലകൃഷ്ണൻ്റെ സ്മരണാർഥമുള്ള ഓഫീസ് നിർമാണ ഫണ്ടിൽ 1 കോടിയോളം രൂപ പിരിച്ചു
● ഓഫീസ് നിർമാണത്തിനായി വാങ്ങിയ 4 സെൻ്റ് സ്ഥലം രമേശൻ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തു
● ഈ സ്ഥലം ഈടുവെച്ച് സഹകരണ ബാങ്കിൽ നിന്നും 30 ലക്ഷം രൂപ വായ്പയെടുത്തതായും ആരോപണം
● 'കാഴ്ച' വ്യാപാര പ്രദർശനത്തിലൂടെയും 500 രൂപയുടെ കൂപ്പൺ വഴിയും പിരിച്ച തുകയ്ക്ക് കണക്കില്ല

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) പയ്യന്നൂരിന് പുറമേ സിപിഎം നേതൃത്വത്തിന് വലിയ തലവേദനയായി കണ്ണൂരിലും കെട്ടിട നിർമാണ ഫണ്ട് വിവാദം. അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ സ്മരണയ്ക്കായി സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് നിർമിക്കാൻ നടത്തിയ ധനസമാഹരണത്തിൻ്റെ മറവിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് പുതിയ നടപടി. 

Aster mims 04/11/2022

പാർട്ടി ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പിരിച്ച 1 കോടിയോളം രൂപയ്ക്ക് കൃത്യമായ കണക്കില്ലെന്ന പരാതി കഴിഞ്ഞ 2 വർഷമായി നേതൃത്വത്തിന് മുന്നിലുണ്ട്. ഇതിന് പിന്നാലെയാണ് കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ രമേശനെ തൽസ്ഥാനത്തുനിന്നും നീക്കിയത്. സിപിഎം നേതൃത്വത്തിന് മുന്നിലുള്ള പരാതികളിൽ നടപടിയില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പാർട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിച്ചത്.

സ്വന്തം പേരിൽ വസ്തുവും വായ്പയും

സഹകരണ ബാങ്ക് ജീവനക്കാരൻ കൂടിയായ കണ്ണൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ രമേശനാണ് (56) ആരോപണവിധേയൻ. ലോക്കൽ കമ്മിറ്റി ഓഫീസിനായി കണ്ണൂർ നഗരത്തിലെ തെക്കീബസാറിൽ 30 വർഷം പഴക്കമുള്ള വീടുൾപ്പെടുന്ന 4 സെൻ്റ് സ്ഥലം 70 ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നു. 

ഈ വസ്തു ലോക്കൽ സെക്രട്ടറിയുടെ ഔദ്യോഗിക പേരിൽ രജിസ്റ്റർ ചെയ്യേണ്ടതിന് പകരം സ്വന്തം പേരിലാണ് ഇയാൾ രജിസ്റ്റർ ചെയ്തത്. തുടർന്ന് സഹോദരി സെക്രട്ടറിയായ സഹകരണ ബാങ്കിൽ ഇത് ഈടുവെച്ച് 30 ലക്ഷം രൂപ വായ്പയുമെടുത്തു. കെട്ടിട നിർമാണത്തിനായാണ് തുകയെന്നാണ് ഈ കാര്യത്തിൽ ചോദ്യമുയർന്നപ്പോൾ ലോക്കൽ സെക്രട്ടറി കമ്മിറ്റികളിൽ വിശദീകരിച്ചത്.

കൂപ്പണും വ്യാപാര പ്രദർശനവും

പാർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ളവരിൽ നിന്നും സഹകരണ സംഘം ജീവനക്കാരിൽ നിന്നും പലിശ വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ ഇയാൾ വാങ്ങിയതായും ആരോപണമുണ്ട്. പിന്നീട് ഫണ്ട് കണ്ടെത്താനായി 'കാഴ്ച' എന്ന പേരിൽ കണ്ണൂരിൽ വ്യാപാര പ്രദർശനവും നടത്തിയിരുന്നു. ഇതിനുപുറമേ, 500 രൂപയുടെ കൂപ്പണടിച്ച് ലോട്ടറി മാതൃകയിൽ കാർ ഒന്നാം സമ്മാനം വാഗ്ദാനം നൽകി തുക പിരിച്ചു. 

എന്നാൽ ഇതിൻ്റെയൊന്നും കണക്കുകൾ എവിടെയും അവതരിപ്പിച്ചിരുന്നില്ല. ആരോപണവിധേയനായ ലോക്കൽ സെക്രട്ടറിയുടെ അളിയനായ ഏരിയ സെക്രട്ടറി ഇതിനെല്ലാം കൂട്ടുനിന്നെന്നും പരാതിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 2 വർഷമായി ഇത് സംബന്ധിച്ച പരാതികൾ പാർട്ടിക്കു മുന്നിലുണ്ടെങ്കിലും പരിഗണിച്ചിരുന്നില്ല.

തിരഞ്ഞെടുപ്പ് തോൽവിയും നടപടിയും

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ ഈ വിഷയം വീണ്ടും ശക്തമായി ചർച്ചയായതോടെയാണ് ഗത്യന്തരമില്ലാതെ നടപടിയിലേക്ക് ജില്ലാ നേതൃത്വം നീങ്ങിയതെന്നാണ് വിവരം. 

ഫണ്ട് വിവാദം അന്വേഷിക്കാൻ ജില്ലാ കമ്മിറ്റിയംഗങ്ങളായ രണ്ടു പേരെ കമീഷനായി പാർട്ടി നിയോഗിച്ചിട്ടുണ്ട്. എല്ലാം പാർട്ടി നേതൃത്വത്തിൻ്റെ അറിവോടെയാണ് ചെയ്തതെന്നാണ് ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം. എന്നാൽ നേതൃത്വം ഇത് മുഖവിലയ്ക്കെടുക്കാതെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങൾളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: CPM removes local secretary in Kannur over memorial building fund scam.

#KannurNews #CPMKerala #KeralaPolitics #PoliticalNews #FundScam #KeralaNews #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia