സിപിഎമ്മിലെ കത്ത് വിവാദം കണ്ണൂരിലെ നേതാക്കൾ തമ്മിലുള്ള അണിയറ യുദ്ധത്തിന് തീപ്പൊരിയാകുന്നു


● മാഹിയിലെ വ്യവസായി മുഹമ്മദ് ഷർഷാദാണ് ആരോപണമുയർത്തിയത്.
● ഷർഷാദ് നൽകിയ കത്ത് ചോർന്നത് ഗുരുതര വിഷയമാണ്.
● ഈ വിവാദത്തിനു പിന്നിൽ കണ്ണൂരിലെ ഉന്നത നേതാവാണെന്ന് സൂചന.
● പാർട്ടിക്ക് നൽകിയ കത്ത് ആരോപണ വിധേയന് ലഭിച്ചെന്ന് പരാതി.
കണ്ണൂർ: (KVARTHA) പാർട്ടി ഭരണത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും മക്കൾ രാഷ്ട്രീയത്തിലും ഭരണതലത്തിലും ഇടപെട്ട് പുലിവാൽ പിടിക്കുന്നവരാണ് സിപിഎം നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റിയംഗമായ ഇപി ജയരാജൻ, മുൻ ആരോഗ്യ മന്ത്രി പികെ ശ്രീമതി തുടങ്ങി ഒട്ടേറെ നേതാക്കൾ മക്കളെ കൊണ്ടു പഴി കേട്ടവരാണ്. നേതാക്കളുടെ മക്കൾക്കെതിരെയുള്ള ആരോപണങ്ങൾ എതിർപാർട്ടിക്കാരല്ല, സ്വന്തം പാർട്ടിയിലെ എതിരാളികളാണ് കൂടുതൽ ആയുധങ്ങളാക്കുന്നത്. ഒരു ഘട്ടത്തിൽ മകൻ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ ബെംഗളൂരു ജയിലിൽ കിടന്നപ്പോൾ പിതാവായ കോടിയേരി ബാലകൃഷ്ണന് പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നുതന്നെ മാറി നിൽക്കേണ്ടിവന്നു.

കണ്ണൂർ സിപിഎമ്മിൽ വീണ്ടും മക്കൾ രാഷ്ട്രീയവിവാദം ഉയരുമ്പോൾ പ്രതിരോധത്തിലായിരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ്. എം വി ഗോവിന്ദൻ്റെ മകൻ ശ്യാംജിത്തിനെതിരെയാണ് അതീവ ഗുരുതരമായ ആരോപണവുമായി ന്യൂ മാഹിയിലെ വ്യവസായി മുഹമ്മദ് ഷർഷാദ് രംഗത്തുവന്നത്. ഇതിന് പിന്നിൽ എം വി ഗോവിന്ദനുമായി കഴിഞ്ഞ കുറെക്കാലമായി ഇടഞ്ഞു നിൽക്കുന്ന ഒരു ഉന്നത നേതാവുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തനിക്കെതിരെ തുടർച്ചയായി എം വി ഗോവിന്ദൻ്റെ രഹസ്യ പിന്തുണയോടെ കണ്ണൂരിലെ തന്നെ ഒരു മുതിർന്ന നേതാവ് ആരോപണമുന്നയിക്കുന്നതിൻ്റെ തിരിച്ചടിയായാണ് ഇപ്പോഴുള്ള സംഭവവികാസങ്ങൾ വിലയിരുത്തപ്പെടുന്നത്. യു കെ യിലെ വ്യവസായി രാജേഷ് കൃഷ്ണയ്‌ക്കെതിരെ താൻ പൊളിറ്റ്ബ്യൂറോയ്ക്ക് നൽകിയ കത്ത് എം വി ഗോവിന്ദൻ്റെ മകൻ ശ്യാംജിത്ത് നിയമനടപടികൾക്കായി രാജേഷ് കൃഷ്ണയ്ക്ക് കൈമാറിയെന്നാണ് സിപിഎം സഹയാത്രികനും ന്യൂ മാഹിയിലെ വ്യവസായിയുമായ ഷർഷാദാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.
മധുരയിൽ നടന്ന ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ യു കെ പ്രതിനിധിയായി പങ്കെടുക്കാനെത്തിയപ്പോൾ ഷർഷാദിൻ്റെ പരാതിയിലാണ് രാജേഷ് കൃഷ്ണയെ പാർട്ടി കേന്ദ്ര നേതൃത്വം പുറത്താക്കിയത്. സിപിഎം നേതാക്കൾക്കെതിരായ അതീവ ഗുരുതരമായ ആരോപണങ്ങൾ അടങ്ങിയ കത്താണ് പുറത്തുവന്നത്. തന്നെ പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരായ മാനനഷ്ട കേസിലെ തെളിവായി രാജേഷ് കൃഷ്ണ തന്നെയാണ് തൻ്റെ അഭിഭാഷകൻ മുഖേനെ ഡൽഹി ഹൈക്കോടതിയിൽ ഹാജരാക്കിയത്. വിദേശത്തെ കടലാസ് സ്ഥാപനങ്ങളുമായി ചേർന്ന് രാജേഷ് കൃഷ്ണ സർക്കാർ പദ്ധതികളിൽ നിന്ന് പണം തട്ടിയെന്നാണ് പരാതി. ചെന്നൈയിൽ രജിസ്റ്റർ ചെയ്ത കമ്പനി വഴി വിദേശത്തു നിന്ന് പണം എത്തിച്ച് പാർട്ടി നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് പണം കൈമാറി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. എം വി ഗോവിന്ദൻ, പി ശ്രീരാമകൃഷ്ണൻ തുടങ്ങിയ നേതാക്കളുടെ ലണ്ടൻ യാത്രയിൽ സഹായിയായത് രാജേഷ് കൃഷ്ണയാണ്. ഈ ബന്ധം ഉപയോഗിച്ച് മറ്റു ചില സാമ്പത്തിക ഇടപാടുകൾ ഇയാൾ നടത്തിയെന്നാണ് പരാതി. താൻ പി ബിക്ക് കൊടുത്ത പരാതി രാജേഷ് കൃഷ്ണയ്ക്ക് കിട്ടിയതിനു പിന്നിൽ എം വി ഗോവിന്ദൻ്റെ മകൻ ശ്യാംജിത്താണെന്നാണ് ഷർഷാദിൻ്റെ ആരോപണം. ഇതു ചൂണ്ടിക്കാട്ടിക്കൊണ്ട് ഷർഷാദ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിക്ക് വീണ്ടുമൊരു പരാതി നൽകിയത്.
കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായപ്പോഴാണ് ഷർഷാദ് ആദ്യം രാജേഷ് കൃഷ്ണക്കെതിരെ പരാതി നൽകിയത്. കോടിയേരിയുടെ മരണശേഷം നടന്ന പാർട്ടി കോൺഗ്രസിൽ രാജേഷ് യു കെ യിൽ നിന്നുള്ള പാർട്ടി പ്രതിനിധിയായെത്തി. ഇതോടെ ഷർഷാദ് പി ബി അംഗം അശോക് ധാവ്ളെക്ക് നേരിട്ട് പരാതി നൽകി. ഇതിനുപിന്നാലെയാണ് പാർട്ടി കോൺഗ്രസിൽ നിന്ന് രാജേഷ് കൃഷ്ണയെ പുറത്താക്കുന്നത്. കളങ്കിതനായ പ്രവാസി വ്യവസായി രാജേഷ് കൃഷ്ണയുമായി ചില ഉന്നത സിപിഎം നേതാക്കൾക്കുള്ള ബന്ധം പരിശോധിക്കാനാവശ്യപ്പെട്ട് പി ബി സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പരാതിയാണ് പുറത്തുവന്നത്. പത്തനംതിട്ടയിലെ മുൻ എസ് എഫ് ഐ നേതാവായ രാജേഷ് കൃഷ്ണ നേതാക്കളുമായുള്ള ബന്ധം ദുരുപയോഗം ചെയ്യുന്നതിൽ ഒരു വിഭാഗം നേതാക്കൾക്ക് നേരത്തെ അമർഷമുണ്ട്. ഇതിനിടയിലാണ് പാർട്ടിക്ക് ലഭിച്ച പരാതിയും ചോരുന്നത്. എന്നാൽ പുതിയ വിവാദത്തിൽ രാജേഷ് കൃഷ്ണ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജേഷ് കൃഷ്ണയുടെ വിവാദ ഇടപാടുകളെക്കുറിച്ച് താൻ കോടിയേരി അസുഖബാധിതനായി ചെന്നൈയിലെ ആശുപത്രിയിൽ കഴിയുമ്പോൾ അവിടെയെത്തിയ എം വി ഗോവിന്ദനോട് മണിക്കൂറുകൾ നേരിട്ട് കാര്യങ്ങൾ സംസാരിച്ചുവെങ്കിലും 'നോക്കാം, പരിശോധിക്കാം' എന്ന് പറഞ്ഞുവെങ്കിലും അദ്ദേഹം പിന്നീട് മൗനം പാലിക്കുകയായിരുന്നുവെന്ന് ഷർഷാദ് മാധ്യമങ്ങളോട് പ്രതികരിച്ചു. തൻ്റെ മകൻ ശ്യാംജിത്തുമായുള്ള അടുപ്പം കാരണം അദ്ദേഹം ഈ കാര്യത്തിൽ പിന്നെ പ്രതികരിച്ചിട്ടില്ല. എം വി ഗോവിന്ദനെ കാണാൻ പലവട്ടം എ കെ ജി സെൻ്ററിൽ പോയെങ്കിലും അദ്ദേഹം കാണാൻ അനുവദിച്ചില്ലെന്നും ഷർഷാദ് വ്യക്തമാക്കി. സിപിഎം സഹയാത്രികൻ കൂടിയായ ന്യൂമാഹിയിലെ ഷർഷാദിൻ്റെ വെളിപ്പെടുത്തലുകൾ സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകൻ തന്നെ പാർട്ടിക്ക് നൽകിയ കത്ത് ആരോപണ വിധേയന് ചോർത്തി നൽകിയത് വരും നാളുകളിൽ പാർട്ടിക്കും പുറത്തും വിവാദമായി വളരാൻ സാധ്യതയുണ്ട്.
ഈ വിഷയത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Leaked letter controversy hits CPM, implicating leaders' son.
#KeralaPolitics #CPM #Kerala #MVGovindan #Corruption #Controversy