Discipline Drive | ഇപി ജയരാജന്‍ - പി ശശി വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാതെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം
കനവ് കണ്ണൂർ
കണ്ണൂര്‍: (KVARTHA) ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ വിവാദങ്ങള്‍ക്കും വിഭാഗീയതയ്ക്കും ഇടയാക്കാത്ത വിധത്തില്‍ നടത്താന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടി സമ്മേളനങ്ങളിലെ പോരായ്മകള്‍ നികത്തി മുന്‍പോട്ടു പോകാന്‍ തീരുമാനിച്ചത്.
മൊറാഴ, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ പ്രാദേശിക വിഭാഗീയതയെ തുടര്‍ന്ന് ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തിലാണ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായത്. ഇവിടങ്ങളിലെ പ്രാദേശിക പ്രശ്‌നങ്ങളും ബ്രാഞ്ച് മെമ്പര്‍മാരുടെ പരാതികളും ലോക്കല്‍, ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇടപ്പെട്ട് പരിഹരിക്കും. ജില്ലാ കമ്മിറ്റി ഇക്കാര്യത്തില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും.
പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്ന വിവാദ വിഷയങ്ങള്‍ ജില്ലാ സെക്രട്ടറിയേറ്റ് ചര്‍ച്ചയ്‌ക്കെടുത്തില്ല. ഇപി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ചയായില്ല.
സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു യോഗത്തിലെ മുഖ്യ അജന്‍ഡ. സെക്രട്ടറിയേറ്റ് തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗമായ പികെ ശ്രീമതിയും യോഗത്തില്‍ പങ്കെടുത്തു.
#CPMKannur #KeralaPolitics #OrganizationalRestructuring #PartyMeeting #Controversies #EPJayarajan #PSasi