CPM | തെറ്റുതിരുത്തൽ രേഖയുടെ മറവിൽ വെട്ടിനിരത്തുമോ? തലമുറ കൈമാറ്റക്കാലത്ത് സിപിഎം നേരിടുന്നത് വൻ പ്രതിസന്ധികൾ
കേരളത്തിലെ യുവ നേതാക്കളുടെ ജനസ്വീകാര്യത കുറയുന്നുവോയെന്ന സംശയം പാർട്ടിക്കുണ്ട്
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) തെറ്റു തിരുത്തൽ രേഖ നടപ്പിലാക്കുന്നതിൻ്റെ പേരിൽ സി.പി.എമ്മിൽ വരാൻ പോകുന്നത് വൻ വെട്ടി നിരത്തലെന്ന് സൂചന. മുതിർന്ന തലമുറയിലെ ഒരു വിഭാഗം നേതാക്കൾ ഇതോടെ പാർട്ടിയുടെ പടിക്ക് പുറത്തായേക്കും. അടുത്ത വർഷം നടക്കുന്ന പാർട്ടി കോൺഗ്രസോടെ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും തലമുറ മാറ്റം കൊണ്ടുവരാനാണ് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്. ഇതോടൊപ്പം തെറ്റുതിരുത്തൽ രേഖ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി പാർട്ടിക്കുള്ളിൽ ശുദ്ധികലശവുമുണ്ടാകും.
കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അവസാന ടേം ഭരണമായിരിക്കും നടക്കാൻ പോവുന്നതെന്നാണ് അറിയുന്നത്. മൂന്നാം ടേം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പിണറായി വന്നേക്കില്ല. എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ, മുൻമന്ത്രി തോമസ് ഐസക്ക്, എ.കെ ബാലൻ, ടി.പി. രാമകൃഷ്ണൻ, എളമരം കരീം പി ജയരാജൻ, പി.കെ ശ്രീമതി തുടങ്ങി ഒട്ടേറെ നേതാക്കൾ ഇനി പാർട്ടിയിൽ തലമുറ മാറ്റത്തിന് വഴിമാറി കൊടുക്കേണ്ടിവരും.
നിലവിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദനെയും കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.കെ. ശൈലജയെയും കർഷക സംഘം നേതാവ് വിജു കൃഷ്ണനെയും മുൻനിർത്തി മുൻപോട്ടു പോകാനാണ് പാർട്ടി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. കെ രാധാകൃഷ്ണൻ എം.പിയായിരിക്കും ദേശീയ തലത്തിൽ പാർട്ടിയുടെ കേരളത്തിലെ മുഖം. തലമുറ കൈമാറ്റം പറയുന്നുണ്ടെങ്കിലും കേരളത്തിലെ യുവ നേതാക്കളുടെ ജനസ്വീകാര്യത കുറയുന്നുവോയെന്ന സംശയം പാർട്ടിക്കുണ്ട്.
എംഎ റഹീം, എ.എൻ. ഷംസീർ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കമ്യൂണിസ്റ്റ് മൂല്യങ്ങൾ മറന്നുകൊണ്ടു പ്രവർത്തിക്കുന്നുവെന്ന ആരോപണം പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയർന്നിരുന്നു. മന്ത്രി പി രാജീവ്, പി കെ ബിജു എന്നിവർക്കെതിരെ സാമ്പത്തിക ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. എം സ്വരാജ്, ആർഷോ, ചിന്താ ജെറോം, വി കെ സനോജ്, വസീഫ് എന്നിവർക്കെതിരെ പെരുമാറ്റത്തിലെ ധാർഷ്ട്യവും ജനങ്ങൾക്കു മുൻപിൽ കാണിക്കുന്ന ധിക്കാരവുമാണ് ആരോപണമായി മാറുന്നത്.
പാർട്ടിയിൽ യുവ കാഡർമാരുടെ ക്ഷാമം അതിരൂക്ഷമാണെന്ന സംസ്ഥാന നേതൃത്വത്തിൻ്റെ മാർഗരേഖയിൽ എടുത്തു പറയുന്നത് കാഡർമാരുടെ ക്ഷാമം കാരണമാണെന്നാണ് വിലയിരുത്തൽ. പാർട്ടിയിൽ തലമുറ മാറ്റം കൊണ്ടു വരുമ്പോൾ സി.പി.എം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി ഇതു മാറിയേക്കാം.