Crisis | എളിയിൽ തിരുകിയ പാമ്പ് തിരിഞ്ഞു കൊത്തുമ്പോൾ; അൻവറിസം പാർട്ടിയാകുമ്പോൾ സിപിഎം നേരിടുന്ന പ്രതിസന്ധികൾ?
● പി.വി. അൻവർ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
● സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അൻവർ
● നിരവധി പ്രവർത്തകർ അൻവറിനെ പിന്തുണയ്ക്കാൻ സാധ്യത.
ഭാമനാവത്ത്
(KVARTHA) സ്വന്തമായി പാർട്ടി രുപീകരിക്കാനുള്ള നിലമ്പൂർ എം.എൽ.എ പി.വി അൻവറിൻ്റെ നീക്കം സി.പി.എം നേതൃത്വത്തെ വെള്ളം കുടിപ്പിക്കുന്നു. എളിയിൽ തിരുകിയ പാമ്പ് തിരിച്ചു കൊത്തിയതിനാൽ പുളയുകയാണ് കേരളത്തിലെ സി.പി.എം നേതൃത്വം. സംസ്ഥാനഭരണത്തെ തന്നെ ആടിയുലക്കുന്നതാണ്. ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങൾ. ആരോപണം കടുപ്പിച്ച് പി.വി അൻവറും പ്രതിരോധവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിലെ പ്രമുഖ നേതാക്കളും രംഗത്തിറങ്ങിയതോടെ വിവാദത്തിന് ചൂടുപിടിക്കുകയല്ല കത്തിക്കയറുകയാണ്.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അൻവറുമായി യാതൊരു ബന്ധവും പാർട്ടിക്ക് ഇനിയില്ലെന്ന് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. പാർട്ടി സ്വതന്ത്ര എം.എൽ എ യെ ശത്രുപക്ഷത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചിരിക്കുകയാണ്. എന്നാൽ പാർട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് അൻവർ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും പാർട്ടി നേതൃത്വം കണക്കിലെടുത്തിട്ടില്ല. എന്തു തന്നെയായാലും സി.പി.എമ്മിനെതിരെ താൻ നടത്തുന്ന പോരാട്ടത്തിൻ്റെ മൂർധന്യത്തിൽ പുതിയ പാർട്ടി രൂപീകരിക്കാനാണ് അൻവർ ഒരുങ്ങുന്നത്.
മലപ്പുറം കേന്ദ്രീകരിച്ച് പുതിയ പാർട്ടി വരികയും അതു കേരളമാകെ വ്യാപിക്കുകയും ചെയ്താൽ സി.പി.എമ്മിൻ്റെ മാത്രമല്ല മുസ്ലിം ലീഗിൻ്റെയും വോട്ടുകൾ ചോർത്താൻ സാധ്യതയേറെയാണ്. സാധാരണക്കാർക്ക് ഒപ്പം നിൽക്കുന്നതായിരിക്കും തൻ്റെ പാർട്ടിയെന്ന പ്രഖ്യാപനമാണ് അൻവർ നടത്തിയത്. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നു അൻവർ പ്രഖ്യാപിച്ചത് സി.പി.എം അണികളെയും അനുഭാവികളെയും ലക്ഷ്യമിട്ടുകൊണ്ടാണ്. ഇതിനു പുറമേ സർക്കാരിൻ്റെയും പൊലീസിൻ്റെയും സംഘ്പരിവാർ വിധേയത്വത്തിനെതിരെ മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കുമെന്ന വെല്ലുവിളിയും അൻവർ ഉയർത്തിട്ടുണ്ട്.
സംസ്ഥാനത്തെ കർഷകരുടെ പ്രശ്നം ഏറ്റെടുക്കാനാണ് താൻ പോരാട്ടത്തിനിറങ്ങുന്നതെന്നാണ് അൻവർ തൻ്റെ മാനിഫെസ്റ്റോയായി വാക്കാൽ പ്രഖ്യാപിച്ചിരിക്കുന്നത്. നീതി കിട്ടിയില്ലെങ്കിൽ തീപ്പന്തം പോലെ കത്തുമെന്നും ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നുമുള്ള അൻവറിൻ്റെ മാസ് ഡയലോഗുകൾ സി.പി.എമ്മിൻ്റെയും സർക്കാരിൻ്റെയും ഇട നെഞ്ചിലാണ് കൊള്ളുന്നത്. പാർട്ടി നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന നിലയിൽ പൊലീസ് സംവിധാനമെത്തി നിൽക്കുന്നു. അതിനെതിരെയാണ് താൻ സംസാരിച്ചതെന്നാണ് അൻവർ ചൂണ്ടിക്കാട്ടുന്നത്.
സാധാരണക്കാരുടെ സർക്കാരിനെതിരെയുള്ള ജനവികാരം തൻ്റെ കൂടെയാക്കാൻ ചില പൊടിക്കൈകളും അൻവർ പ്രയോഗിക്കുന്നുണ്ട്. എ.ഡി.ജി.പിക്കെതിരെ അവർ വിരൽ ചൂണ്ടിയത് പി ശശിയെ മാത്രമല്ല മുഖ്യമന്ത്രിയെയാണ് ലക്ഷ്യമിടുന്നതെന്ന് തുടക്കത്തിലെ വ്യക്തമാണ്. പാർട്ടി സമ്മേളനങ്ങൾ തുടങ്ങിയപ്പോഴാണ് അൻവർ ആദ്യ വെടി പൊട്ടിച്ചത്. പൊലീസിനെതിരെയും മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിൻ്റെ കെടുകാര്യസ്ഥതയിലും പ്രതിഷേധമുള്ള പാർട്ടി പ്രവർത്തകരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു അൻവറിൻ്റെ നീക്കങ്ങൾ.
സാധാരണക്കാർക്ക് പൊലീസ് സ്റ്റേഷനിൽ പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന വിമർശനം സി.പി.എം പ്രവർത്തകരുടെ കൂടി വികാരമാണ്. പാർട്ടി സാധാരണക്കാരിൽ നിന്നും അകന്നുവെന്ന വിമർശനം പാർട്ടി ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ തോൽവിയെ കുറിച്ചുള്ള റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്കുളള വോട്ട് ഇവിടത്തെ സാധാരണക്കാരാണെന്ന് അൻവർ സി.പി.എമ്മിനെയും സർക്കാരിനെയും ഓർമ്മിപ്പിക്കുന്നു.
കർഷക തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും പോലുളള സാധാരണക്കാരാണ് പാർട്ടിയോടൊപ്പമുള്ളത്. ഈ പാർട്ടിക്ക് വേണ്ടി അവർ ജീവൻ കൊടുക്കും. ആ പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് ഇവിടെയുളള ലോക്കൽ നോതാക്കളാണ്. അവർക്ക് സാധാരണക്കാർക്ക് വേണ്ടി പറയാൻ പറ്റാത്ത സ്ഥിതിയാണ്. പാർട്ടി ഓഫീസിലേക്ക് സാധാരണക്കാർക്ക് വരാൻ പറ്റാത്ത സ്ഥിതിയാണ്. എത്ര ലോക്കൽ നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. താൻ കൊടുത്തസ്വർണ്ണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ല.
വസ്തു നിഷ്ഠമായ അന്വേഷണം നടത്തിയെന്ന പാർട്ടി സെക്രട്ടറിയുടെ നിലപാട് തെറ്റാണ്. തനിക്കെതിരെ മൂർദ്ധാബാദ് വിളിച്ച പാർട്ടി പ്രവർത്തകർ തന്നെ പിന്നീട് തനിക്ക് സിന്ദാബാദ് വിളിച്ചിട്ടുണ്ടെന്ന് പാർട്ടി പ്രവർത്തകർ അൻവറിനെതിരെ രംഗത്തിറങ്ങണമെന്ന ഗോവിന്ദന്റെ ആഹ്വാനത്തിനെ വിമർശിച്ചു കൊണ്ടു അൻവർ മറുപടി നൽകി.
2016 ൽ നിലമ്പൂരിൽ സിപിഎം തനിക്ക് ഇങ്ങോട്ട് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനം നൽകിയ തിരിച്ചടിയാണ്. വടകരയിൽ തോറ്റത് കെ കെ ശൈലജയുടെ ടീച്ചറുടെ കുഴപ്പം കൊണ്ടല്ല. എന്നിട്ടും പാർട്ടിലോക്സഭ തെരഞ്ഞെടുപ്പ് ഫലം ഗൗരവകരമായി വിലയിരുത്തിയില്ല. പാർട്ടി സഖാക്കളുടെ വിഷയങ്ങളിൽ താൻ നടത്തിയ അന്വേഷണം പോലും സിപിഎം നടത്തുന്നില്ലെന്നും അൻവർ തുറന്നടിക്കുന്നു..
താൻ കമ്യൂണിസം പഠിച്ച് പാർട്ടിയുടെ കൂടെവന്നതല്ല. സാധാരണക്കാർക്ക് വേണ്ടി പോരാടുന്ന സംഘടനയാണ് കമ്യൂണിസ്റ്റ് പാർട്ടി. സാധാരണ പാർട്ടിക്കാർക്ക് ഒപ്പമാണ് ഞാൻ. ആർക്കൊപ്പം വേണമെന്ന് പ്രവർത്തകർ തീരുമാനിക്കട്ടേ. യഥാർത്ഥ പ്രവർത്തകർക്ക് കാര്യം മനസിലായിട്ടുണ്ട്. അതിന് തൻ്റെ നെഞ്ചത്ത് കേറിയിട്ട് കാര്യമില്ലെന്നും അൻവർ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പു നൽകുന്നുണ്ട്. അൻവറിൻ്റെ പോരാട്ടങ്ങൾക്ക് നേരത്തെ ശക്തമായ പിൻതുണ നൽകിയ കെ.ടി ജലീൽ ഇപ്പോൾ മൗനം പാലിക്കുകയാണ്.
ഇക്കാര്യത്തിൽ ഒക്ടോബർ രണ്ടിന് തൻ്റെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് തൻ്റെ ഫേസ്‌ബുക്ക് പേജിലൂടെ ജലീൽ വ്യക്തമാക്കിയിട്ടുള്ളത്. അൻവർ പുതിയ പാർട്ടി രുപീകരിച്ചാൽ ജലീൽ മുൻപിൽ തന്നെയുണ്ടാകുമെന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്. എന്നാൽ സി.പി.എം കണ്ണുരുട്ടിയതോടെ മന്ത്രി വി. അബ്ദുറഹിമാനും മുൻ എംഎൽഎ കാരാട്ട് റസാഖും യുടേൺ അടിച്ചിട്ടുണ്ട്. സി.പി.എമ്മിന് പുറമേ മുസ്ലിം ലീഗ്, കോൺഗ്രസ് എന്നീ പാർട്ടികളിൽ നിന്നും അൻവർ പുതിയ പാർട്ടി തുടങ്ങിയാൽ പ്രവർത്തകരുടെ ഒഴുക്ക് പ്രതീക്ഷിക്കുന്നുണ്ട്. സ്വന്തമായി പാർട്ടി രുപീകരിച്ച പി.സി ജോർജിൻ്റെ വഴിയെയാണ് അൻവർ സഞ്ചരിക്കുന്നത്. കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും തന്നെവട്ടമിട്ടു പറക്കവെ അൻവർ ജയിലിൽ അടയ്ക്കപ്പെടാനും ഇന്നല്ലെങ്കിൽ നാളെ സാധ്യതയുണ്ടെന്ന് കരുതുന്നവരുമുണ്ട്.
#KeralaPolitics #CPIM #PVAnvar #NewParty #KeralaElections