Controversy | അടിയും കിട്ടി പുളിയും കുടിച്ചു; വടകരയിലെ കാഫിർ പരാമർശം സിപിഎമ്മിനെ വേട്ടയാടുമ്പോൾ
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അടിമുടി പ്രതിരോധത്തിലായി സിപിഎം സംസ്ഥാന നേതൃത്വം. പാർട്ടി ഭരിക്കുന്ന സർക്കാർ നിയന്ത്രിക്കുന്ന പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ തന്നെ വർഗീയ പരാമർശമുള്ള സ്ക്രീൻ ഷോട്ടിൻ്റെ പ്രഭവ കേന്ദ്രം സി.പി.എം സൈബർ ഗ്രൂപ്പുകളാണെന്ന് വിരൽ ചൂണ്ടിയിരിക്കുകയാണ്. ഇതോടെ രാഷ്ട്രീയ പ്രതിയോഗികളെ പ്രതിക്കൂട്ടിൽ കയറ്റാൻ സി.പി.എം കളിച്ച എത്തിക്സ് മറന്ന തരം താണ കളികൾ അവർക്ക് തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണെന്നാണ് പ്രതിപക്ഷ വിമർശനം.
എന്നാൽ ഈക്കാര്യത്തിൽ സിപിഎം സംസ്ഥാന നേതൃത്വമോ കോഴിക്കോട്, കണ്ണൂർ ജില്ല നേതൃത്വങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇടത് സൈബർ വാട്സ്ആപ് ഗ്രൂപ്പുകളായ റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നാണ് കാഫിർ ഷോർട്ട് പുറത്തുവന്നതെന്നാണ് അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായത്.
പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലേക്ക് പിന്നീട് വ്യാജ സ്ക്രീൻ ഷോട്ട് എത്തിച്ചേർന്നു. എന്നാൽ അന്വേഷണത്തോട് ഫേസ്ബുക്കിന്‍റെയും വാട്സ്ആപ്പിന്‍റെയും മാതൃകമ്പനിയായ മെറ്റ സഹകരിക്കാത്തത് പൊലീസിന് തിരിച്ചടിയായിരുന്നു. മെറ്റയെ മൂന്നാം പ്രതിയാക്കിയാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുതലേന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ തുടങ്ങിയ ഇടത് ഫേസ്ബുക്ക് പേജുകളിൽ വ്യാജ കാഫിർ ഷോട്ട് പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ലീഗ് പ്രവർത്തകനായ മുഹമ്മദ് ഖാസിമിനെ പ്രതിയാക്കുകയും ചെയ്തു. ഇതിനെതിരെ ഖാസിം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയിൽ പൊലീസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് എത്തിയത്.
അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ എന്ന ഇടതനുകൂല ഫേസ്ബുക് പേജിൽ ഇത് എത്തിയത് റെഡ് ബറ്റാലിയൻ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. റെഡ് എൻകൗണ്ടേഴ്സ് എന്ന മറ്റൊരു ഇടത് സൈബർ ഗ്രൂപ്പിൽ നിന്നാണ് തനിക്കിത് കിട്ടിയതെന്നാണ് റെഡ് ബറ്റാലിയൻ ഗ്രൂപ്പിൽ ഇത് പോസ്റ്റ് ചെയ്ത അമൽ എന്നയാൾ മൊഴി നൽകിയിരിക്കുന്നത്. റെഡ് എൻകൗണ്ടേഴ്സ് എന്ന ഗ്രൂപ്പിൽ ഇതിട്ടത് റിബേഷ് രാമകൃഷ്ണൻ എന്നയാളാണെന്നാണ് പൊലീസ് കണ്ടെത്തൽ. തനിക്ക് ഇത് എവിടെ നിന്നാണ് കിട്ടിയതെന്ന് ഓർമയില്ലെന്നാണ് റിബേഷ് പൊലീസിനോട് പറഞ്ഞത്.
റിബേഷിന്‍റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിനെ ബന്ധിപ്പിക്കുന്ന മൊബൈൽ സിമ്മുകൾ വഹാബ് എന്നയാളുടെ പേരിലുള്ളതാണ്. വിവിധ വാട്സ് ഗ്രൂപ്പുകളിൽ നിന്നാണ് വ്യാജ സ്ക്രീൻ ഷോട് കിട്ടിയിതെന്നും എവിടെനിന്നാണെന്ന് കൃത്യമായി ഓർമയില്ലെന്നുമാണ് വഹാബും മൊഴി നൽകിയിരിക്കുന്നത്. ഇയാളുടെ ഫോണും പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വ്യാജ സ്ക്രീൻ ഷോട് പ്രചരിപ്പിച്ചത് ആദ്യം ആരാണെന്ന് കണ്ടെത്തണമെങ്കിൽ മെറ്റ കമ്പനിയുടെ സഹായം വേണമെന്നും അവർ സഹകരിക്കാത്തതുകൊണ്ടാണ് മൂന്നാം പ്രതിയാക്കിയതെന്നും പൊലീസ് അന്വേഷണ റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തീ പാറും പോരാട്ടം നടന്ന വടകരയിൽ ഏറെ വിവാദങ്ങൾക്കിടയാക്കിയതായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ്ക്കെതിരെയുള്ള കാഫിർ പരാമർശം.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളും ഈ വിഷയത്തിൽ മുസ്ലിം ലീഗിനെയും യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെയും പ്രതികൂട്ടിൽ നിർത്തിയിരുന്നു. എന്നാൽ ഈ നീക്കം ഒടുവിൽ സി.പി.എമ്മിന് തന്നെ തിരിച്ചടി മാറിയിരിക്കുകയാണ്. അടിയും കിട്ടി പുളിയും കുടിച്ചുവെന്നു പഴമൊഴി പോലെ വടകരയിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് ശൈലജ തോൽക്കുകയും ചെയ്തു, അധാർമ്മിക കാഫിർ പരാമർശത്തിൻ്റെ വിഴുപ്പ് ഭണ്ഡാരം മതനിരപേക്ഷ നിലപാടുമായി മുൻപോട്ടു പോകുന്ന പാർട്ടിയുടെ തലയിലാവുകയും ചെയ്തു. ഇതാണ് വടകരയിലെ ബാക്കിപത്രം.