CPM | 'കടപ്പുറത്തു വച്ച് കാള കുത്തിയതിന് വീട്ടിലെത്തി അമ്മയെ തല്ലരുത്'; വെള്ളാപ്പള്ളിയെ വിമര്‍ശിച്ചു വലുതാക്കുന്ന സിപിഎം കാണാതെ പോകുന്ന യാഥാർഥ്യങ്ങൾ 

 
CPM Kerala
CPM Kerala

Image Credit: Facebook / CPIM Kerala

സംസ്ഥാനത്ത് ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി നടപ്പാക്കാന്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും വെള്ളാപ്പള്ളി കൂട്ടുനില്‍ക്കുകയാണെന്നായിരുന്നു സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ വിമര്‍ശനം

കണ്ണൂര്‍: (KVARTHA) വോട്ടുബാങ്കുകള്‍ നഷ്ടപ്പെട്ടതിനു പിന്നില്‍ ജാതിരാഷ്ട്രീയമാണെന്ന് സമര്‍ത്ഥിക്കുന്ന സി.പി.എം പരാജയകാരണങ്ങള്‍ കണ്ടെത്തുന്നതിലും പരാജയപ്പെടുന്നുവെന്ന വിമര്‍ശനം ശക്തമായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ പരാജയം സ്വത്വരാഷ്ട്രീയത്തിലേക്ക് ഇറക്കി നിര്‍ത്താനുളള സിദ്ധാന്തം ആവിഷ്‌കരിച്ചത്. എന്നാല്‍  പരാജയകാരണം പാര്‍ട്ടിയോടൊപ്പം നിന്ന അടിസ്ഥാനവിഭാഗങ്ങളുടെ വോട്ടുനഷ്ടമായതെന്ന സി.പി. എം കണ്ടെത്തല്‍ ബൂമറാങ് പോലെ തിരിച്ചടിക്കുകയാണ് ചെയ്യുന്നത്. 

ഇതോടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനുമായുളള കൊമ്പുകോര്‍ക്കലിലാണ് കലാശിച്ചത്. വെളളാപ്പളളിയെന്ന ഒരു സാമുദായിക നേതാവിന് പരാജയകാരണത്തിന്റെ പാപഭാരം തലയില്‍വെച്ചു നല്‍കി തങ്ങളുടെ രാഷ്ട്രീയ എതിരാളിയാക്കി വലുതാക്കുകയായിരുന്നു പാര്‍ട്ടി നേതൃത്വം. നവോത്ഥാനസമിതിയുടെ നേതാവാക്കി വെളളാപ്പളളിയെ വാഴിച്ചു കൊണ്ടു നടന്ന മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ തിരിഞ്ഞുകൊത്തുമ്പോള്‍ വെളളാപ്പളളിയെ എങ്ങനെ നേരിടാന്‍ കഴിയുമെന്ന ചോദ്യമാണ് നേരിടേണ്ടി വരുന്നത്. 

പാര്‍ട്ടിയുടെ എതിരാളികള്‍ പോലും കാണിക്കാത്ത പരിഹാസവും പുച്ഛവുമാണ് വെളളാപ്പളളി ഇപ്പോള്‍ അഴിച്ചുവിടുന്നത്.  കടപ്പുറത്തു വച്ച് കാള കുത്തിയതിന് വീട്ടിലെത്തി അമ്മയെ തല്ലരുതെന്ന്' സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനെ ഉപദേശിക്കുന്ന വെള്ളാപ്പളളി രാഷ്ട്രീയ കേരളത്തിന് തന്നെ പുതിയ അനുഭവമായി മാറുകയാണ്. എസ്.എന്‍.ഡി.പി യോഗത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് വെള്ളാപ്പള്ളി കൊണ്ടുപോയെന്ന എം.വി ഗോവിന്ദന്റെ വിമര്‍ശനത്തിനാണ് ചുട്ടമറുപടിയുമായി കഴിഞ്ഞ ദിവസമാണ് വെളളാപ്പളളി രംഗത്തുവന്നത്. എന്നാല്‍ യോഗത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് ഗോവിന്ദന്‍  അങ്ങനെ ആക്ഷേപിച്ചതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

സംസ്ഥാനത്ത് ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി നടപ്പാക്കാന്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും വെള്ളാപ്പള്ളി കൂട്ടുനില്‍ക്കുകയാണെന്നായിരുന്നു സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ വിമര്‍ശനം. ഈ പ്രസ്താവനയ്ക്ക് വെള്ളാപ്പള്ളി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വേണ്ടത്ര പഠിച്ചിരുന്നെങ്കില്‍ അദ്ദേഹം അങ്ങനെ പറയില്ലായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയമാണ് ഇതിന് പിന്നിലുള്ള വികാരമെങ്കില്‍ ചോദിക്കാനുള്ളത്, വടക്ക് തീയര്‍ ഒരുപാടുള്ള സ്ഥലമല്ലേ. 

അവിടെ പാര്‍ട്ടിയുടെ വോട്ട് എന്തേ ഇല്ലാതെ പോയി? അവിടെ നല്ലൊരു ടീച്ചര്‍ നിന്നതല്ലേ? ഒരു ലക്ഷത്തിപതിന്നാലായിരം വോട്ടിനല്ലേ ടീച്ചര്‍ തോറ്റത്? അവിടത്തെ പാര്‍ട്ടി വോട്ട് എവിടെപ്പോയി? അവിടത്തെ തീയ വോട്ട് എവിടെപ്പോയി? സ്വന്തം കണ്ണിലെ കോല് കാണാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് കാണാന്‍ പോകരുത്. പിണറായി എന്താ ഇങ്ങനെ പറയാത്തത്? പിണറായിക്ക് കാര്യമറിയാം. അതുകൊണ്ട് കഥയറിയാതെ ആട്ടം കാണരുത്. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാന്‍ നടക്കുകയാണ് എം.വി ഗോവിന്ദനെന്നും വെളളാപ്പളളി തുറന്നടിച്ചു.  

എസ് എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ വിചാരിച്ചാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരാളെ തോല്‍പിക്കാനോ വിജയിപ്പിക്കാനോ കഴിയില്ലെന്നു കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഏടുകള്‍ പരിശോധിച്ചലറിയാമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അങ്ങനെയെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ബി.ഡി. ജി.എസ് സ്ഥാനാര്‍ത്ഥിയായ അദ്ദേഹത്തിന്റെ മകന്‍ തുഷാര്‍ വെളളാപ്പളളി തന്നെ വിജയിക്കുമായിരുന്നു. വെളളാപ്പളളിയുടെ ആജന്മ ശത്രുവായ കെ സി വേണുഗോപാല്‍ ആലപ്പുഴയിലും കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും വിജയിക്കുമായിരുന്നില്ല. കേരളരാഷ്ട്രീയത്തില്‍ സ്വത്വരാഷ്ട്രീയത്തിന്റെ നിഴലായി നടക്കുന്ന വെളളാപ്പളളിയെ വിമര്‍ശിച്ചു വലുതാക്കുന്ന സി.പി. എം കാണാതെ പോകുന്നത് യഥാര്‍ത്ഥ പരാജയകാരണമായ സാമാന്യജനങ്ങള്‍ അകന്നു പോയതാണെന്നാണ് ഉയരുന്ന അഭിപ്രായം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia