Political Rift | അനുനയിപ്പിക്കാൻ കണ്ണൂരിലെ നേതാക്കളുടെ രക്ഷാപ്രവർത്തനം; വഴങ്ങാതെ മൗനം പാലിച്ച് ഇ പി ജയരാജൻ

 
EP Jayarajan and CPM Reconciliation Efforts
EP Jayarajan and CPM Reconciliation Efforts

Photo Credit: Facebook/ EP Jayarajan

കഴിഞ്ഞ ദിവസം പയ്യാമ്പലത്ത് നടന്ന ചടയൻ ഗോവിന്ദൻ ചരമദിനാചരണ പരിപാടിയിൽ ക്ഷണിച്ചിട്ടും ഇപി ജയരാജൻ വിട്ടു നിന്നത് പാർട്ടി വൃത്തങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്

നവോദിത്ത് ബാബു 

കണ്ണൂർ: (KVARTHA) എൽ.ഡി.എഫ് കൺവീനർ സ്ഥാനം നഷ്ടപ്പെട്ടതോടെ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ഇ.പി ജയരാജനെ അനുനയിപ്പിക്കാൻ സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം അണിയറ നീക്കം തുടങ്ങി. പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കെ ഇനി നടക്കാനിരിക്കുന്ന ലോക്കൽ ഏരിയാ സമ്മേളനങ്ങളിൽ ഇപിയുടെ അസാന്നിദ്ധ്യം ചർച്ചയാകാതിരിക്കാനാണ് മുതിർന്ന നേതാവിനെ പാർട്ടി പരിപാടികളിൽ സജീവമാക്കാൻ അണിയറ നീക്കങ്ങൾ നടത്തുന്നത്. 

EP Jayarajan and CPM Reconciliation Efforts

കഴിഞ്ഞ ദിവസം പയ്യാമ്പലത്ത് നടന്ന ചടയൻ ഗോവിന്ദൻ ചരമദിനാചരണ പരിപാടിയിൽ ക്ഷണിച്ചിട്ടും ഇപി ജയരാജൻ വിട്ടു നിന്നത് പാർട്ടി വൃത്തങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആയുർവേദ ചികിത്സ നടത്തുന്നതുകൊണ്ടാണ് ഇ.പി ജയരാജൻ പരിപാടിയിൽ എത്തിച്ചേരാത്തതെന്നു പാർട്ടി ജില്ലാ സെക്രട്ടറി എം.വി ജയരാജൻ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നുവെങ്കിലും അങ്ങനെയല്ല കാര്യങ്ങളെന്നാണ് സി.പി.എമ്മിനുള്ളിൽ നിന്നും ലഭിക്കുന്ന വിവരം. 

ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി തിരുവനന്തപുരം ആക്കുളത്തെ മകൻ്റെ ഫ്‌ലാറ്റിൽ നിന്നും നടത്തിയ കൂടിക്കാഴ്ചയുടെ പേരിൽ കഴിഞ്ഞ സംസ്ഥാന സെകട്ടറിയേറ്റ് യോഗത്തിലാണ് ഇ.പി. ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും നീക്കം ചെയ്തത്. ഇതിനു പിറ്റേന്ന് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലോ അതിനു ശേഷം നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലോ ഇപി ജയരാജൻ പങ്കെടുത്തില്ല. ആരോളിയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന ഇ.പി ജയരാജൻ ഒരു തവണ മാത്രമാണ് മാധ്യമപ്രവർത്തകരോട് ഫോണിൽ സംസാരിച്ചത്. 

കഴിഞ്ഞു പോയ രാഷ്ട്രീയ അനുഭവങ്ങൾ വെച്ചു താൻ ആത്മകഥ എഴുതാൻ തീരുമാനിച്ചതായും അതു ഉടനെ തുടങ്ങുമെന്നായിരുന്നു ഇപി ജയരാജൻ്റെ വെളിപ്പെടുത്തൽ. കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജനെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാക്കുന്നതിന് ദേശീയ നേതൃത്വത്തിൻ്റെ ഇടപെടൽ ഇതുവരെ കാര്യമായൊന്നും ഉണ്ടായിട്ടില്ല. ഇ.പി ജയരാജനുമായി ഏറെ അടുപ്പം പുലർത്തുന്ന അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി രോഗാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു നേതാക്കൾ ആരും ഈ വിഷയം കൈകാര്യം ചെയ്യാൻ താൽപര്യപ്പെടുന്നുമില്ല. 

മാത്രമല്ല കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ ഇ.പി ജയരാജനെ ചടയൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പരോക്ഷമായി വിമർശിക്കുകയും ചെയ്തു.. പാർട്ടിയിൽ ഇതുവരെ പ്രവർത്തിച്ചിട്ട് ഒന്നും ലഭിച്ചിട്ടില്ലെന്നു ചിലർ കരുതുന്നുവെന്നായിരുന്നു വിജയരാഘവൻ്റെ ഒളിയമ്പ്. മാരകരോഗകാലത്ത് പോലും പാർട്ടിയുടെ സഹായം തേടാൻ ആഗ്രഹിക്കാതെ ചാഞ്ചാട്ടമില്ലാതെ പാർട്ടിയെ നയിച്ച നേതാവായിരുന്നു ചടയനെന്ന് വിജയരാഘവൻ താരതമ്യപ്പെടുത്തുകയും ചെയ്തു. ഈ വിമർശനം ഇ.പിയെ ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

എ.ഡി.ജി.പി.എം.ആർ അജിത്ത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ വിവരം സ്ഥിരീകരിക്കപ്പെട്ടതോടെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതെ ഒളിച്ചു കളിക്കുന്ന പാർട്ടിയും സർക്കാരും ഇ.പി നടത്തിയ രാഷ്ട്രീയേതര കൂടിക്കാഴ്ചയിൽ ദ്രുതഗതിയിൽ അദ്ദേഹത്തെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും നീക്കിയത് എന്തിനെന്ന ചോദ്യവും പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിൽ ഉയരുന്നുണ്ട്.

പാർട്ടി സമ്മേളന കാലയളവിൽ ഇതുവരെയില്ലാത്ത രാഷ്ട്രീയവിവാദങ്ങളാണ് കേരളത്തിലെ സി.പി.എം നേരിടുന്നത്. സംസ്ഥാന നേതൃത്വത്തിൻ്റെ ദൗർബല്യം തെളിയിക്കപ്പെട്ടെ സന്ദർഭങ്ങളിൽ പാർട്ടിയിലെ കരുത്തനായ ഇപി ജയരാജൻ്റെ വിട്ടു നിൽക്കൽ കണ്ണൂരിലെ നേതാക്കളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

#CPM #EPJayarajan #PoliticalDisputes #KeralaPolitics #PartyReconciliation #LeadershipChanges

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia