Politics | തീക്കാറ്റായി അൻവർ; പുതിയ പാർട്ടി രൂപീകരണത്തിലേക്ക് ഒരു ചുവട് കൂടി; അൻവറിസം പാർട്ടിയാകുമ്പോൾ അടിപതറുന്നതാര് ?


● വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്.
● സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷം.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) സി.പി.എം ലോക്കൽ-ഏരിയ സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ തീക്കാറ്റായി പി. വി അൻവർ വീശിയടിക്കുന്നു. ഇതോടെ അൻവറിനെ ഫോൺ ചോർത്തിയ കേസിൽ അറസ്റ്റു ചെയ്യാനൊരുങ്ങുന്ന സർക്കാരും ശത്രുപക്ഷത്ത് നിർത്തി പ്രതിരോധിക്കുന്ന പാർട്ടിയും വെട്ടിലായിരിക്കുകയാണ്. നിലമ്പൂരിൽ പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി പങ്കെടുത്തത് പാർട്ടി നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം പ്രവർത്തകരും ലീഗ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും സമ്മേളനത്തിയവരിലുണ്ട്. അൻവർ പറയുന്നത് കേൾക്കാനാണെത്തിയതെന്നായിരുന്നു സ്ഥലത്ത് നിന്നും ജനങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. ചന്തക്കുന്നിൽ നിന്നും വൻ ജനാവലിക്കൊപ്പം പ്രകടനമായാണ് അൻവർ യോഗ സ്ഥലത്തേക്ക് എത്തിയത്.
സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് എ.ഡി.ജി.പി അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരേ ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍ എം.എല്‍.എ രംഗത്തുവന്നത്. ഒക്ടോബര്‍ നാലിനു ലോക്കൽ സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ പൂർത്തിയായ മുപ്പതിനായിരത്തിലേറെ ബ്രാഞ്ചു സമ്മേളനങ്ങളിലും അന്‍വറിന്റെ ആരോപണങ്ങളുടെ അലയൊലികളുണ്ടായി. സ്വപ്‌നസമാന പിന്തുണയും കൈയടികളുമാണ് പാര്‍ട്ടി അംഗങ്ങളില്‍നിന്നും അണികളില്‍നിന്നും തുടക്കത്തില്‍ അന്‍വറിനു ലഭിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപണം കടുപ്പിക്കുകയും ആക്രമണത്തിന്റെ കുന്തമുന പി. ശശിയേയും കടന്ന് മുഖ്യമന്ത്രിയിലേക്കും മന്ത്രി പി.എ മുഹമ്മദ് റിയാസിലേക്കും കേന്ദ്രീകരിക്കുകയും ചെയ്തതോടെ, അതുവരെ നിശബ്ദമായിരുന്ന പാര്‍ട്ടി സംവിധാനങ്ങളാകെ അന്‍വറിനെതിരേ തിരിയുകയായിരുന്നു.
മുന്‍പൊരിക്കലുമില്ലാത്തവധം മയത്തിലും നയത്തിലുമായിരുന്നു തുടക്കത്തില്‍ നേതാക്കളുടെ പ്രതികരണങ്ങള്‍. അന്‍വറിന്റെ വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ പ്രതികരണമാരാഞ്ഞ മാധ്യമങ്ങള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നല്‍കിയ മറുപടി അതിനുദാഹരണമാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടും സംസ്ഥാന സെക്രട്ടറി അന്‍വറിന് അതേ നാണയത്തില്‍ മറുപടി നല്‍കിയില്ല. കഴിഞ്ഞ ദിവസം രാവിലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അന്‍വറിനെ പൂര്‍ണമായി തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റുള്ള ആരോപണങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞതുമില്ല. വ്യാഴാഴ്ച വൈകിട്ട് രണ്ടു മണിക്കൂറോളം നീണ്ട വാര്‍ത്താസമ്മേളനത്തിനു പിന്നാലെ അന്‍വറിനെതിരേ സി.പി.എമ്മിലെ മറ്റു നേതാക്കൾ ആദ്യമായി പ്രതികരണവുമായെത്തിയത് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍ ആയിരുന്നു. പിന്നാലെ എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനും അന്‍വറിനെ തള്ളി രംഗത്തെത്തി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജും സംസ്ഥാനസമിതി അംഗം പി. ജയരാജനും അന്‍വറിനെതിരേ ഫേസ്ബുക്ക് കുറിപ്പുമായെത്തി. മിക്ക പ്രതികരണങ്ങളും മൃദുവും മിതവുമായിരുന്നു. മുഖ്യമന്ത്രിക്കു രക്ഷാകവചവുമായി മന്ത്രി പി. രാജീവും ടി.എം തോമസ് ഐസക്കും എ.കെ ബലനും ആര്‍.ബിന്ദുവും എ.എ റഹീമും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. അപ്പോഴും സ്വരം കടുപ്പിക്കാനോ രൂക്ഷമായ വാക്കുകള്‍ പ്രയോഗിക്കാനോ ഇവരാരും മുതിര്‍ന്നില്ല. എന്നാൽ അന്‍വറിന്റെ കടന്നാക്രമണത്തെ തുടക്കം മുതല്‍ പിന്തുണച്ചുപോന്നത് ഇടതനുകൂല സാമൂഹികമാധ്യമ പേജുകളായിരുന്നു. റെഡ് ആര്‍മി, പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍ തുടങ്ങിയ ഗ്രൂപ്പുകളൊക്കെ ഇത്തരത്തില്‍ കലവറയില്ലാത്ത പിന്തുണയാണ് അന്‍വറിനു നല്‍കിയത്.
അന്‍വറിനെതിരേ കഴിഞ്ഞ ദിവസം പി. ജയരാജനും എം. സ്വരാജും ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചപ്പോള്‍ ഇരുവരുടെയും പോസ്റ്റുകള്‍ക്കു കീഴെ വെട്ടുകിളിക്കൂട്ടങ്ങളെപ്പോലെയാണ് ഇടതനുകൂല പോരാളികള്‍ കമന്റുകളുമായെത്തിയത്. അന്‍വറിന്റെ വഴിയാണ് ശരിയെന്നതായിരുന്നു കമന്റുകളിലേറെയും. എന്നാല്‍ പാർട്ടി നേതൃത്വത്തിൻ്റ ശക്തമായ ഇടപെടലുണ്ടായതോടെ പ്രതികരണങ്ങളുടെ സ്വഭാവം മാറുകയും പിന്നീട് ആക്രമണമുന അന്‍വറിലേക്കു തിരിയുകയുമായിരുന്നു. എം.വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തി അന്‍വര്‍ പടിക്കുപുറത്താണെന്നു പറഞ്ഞതോടെ അണികളുടെ പ്രതിഷേധം തെരുവിലേക്കു കൂടി നീണ്ടു. അന്‍വറിന്റെ മണ്ഡലമായ നിലമ്പൂരിലായിരുന്നു പ്രതിഷേധത്തുടക്കം. പിന്നാലെ എടക്കരയിലും കോഴിക്കോട്ടുമടക്കം പ്രതിഷേധമിരമ്പി. എന്നാൽ കോൺഗ്രസും മുസ്ലീം ലീഗും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ കളി ഗ്യാലറിയിലിരുന്ന് കാണാമെന്ന പോളിസിയിലാണ്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരേ അതിരൂക്ഷ ആരോപണങ്ങള്‍ ഉയർന്നിട്ടും പ്രതിപക്ഷം പൂർണമായും ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല. ദുര്‍ബലമായപ്രതികരണങ്ങളാണ് യു.ഡി.എഫിലെ മിക്കനേതാക്കളില്‍നിന്നുമുണ്ടായത്. അന്‍വറിന് രാഷ്ട്രീയ അഭയം നല്‍കേണ്ട സമയമാണിതെന്ന് സാധാരണ ജനങ്ങള്‍പോലും ഉറച്ചുവിശ്വസിക്കുമ്പോഴാണ് കോണ്‍ഗ്രസലെടുക്കില്ലെന്ന പ്രസ്താവന രമേശ് ചെന്നിത്തലയില്‍ നിന്നുണ്ടായത്. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ എട്ടിന് സെക്രട്ടറിയേറ്റിനു മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും സായാഹ്ന പ്രതിഷേധസംഗമങ്ങള്‍ നടത്തുമെന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞത്. അതിനപ്പുറത്തേക്ക് എല്ലാ പ്രതികരണങ്ങളും ആറിത്തണുക്കുകയാണ്. യു.ഡി.എഫ് ഭരണകാലത്താണ് ഇത്തരമൊരു ആരോപണം ഉയരുന്നതെങ്കില്‍ പ്രതിപക്ഷം രായ്ക്കുരാമാനം തെരുവിലിറങ്ങുകയും സര്‍ക്കാരിനെ താഴെ ഇറക്കുകയും ചെയ്യുമെന്ന വിലയിരുത്തൽ രാഷ്ട്രീയ നിരീക്ഷകർ നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ പി.വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രധാനം രാഷ്ട്രീയത്തിലെ അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ചായതാണ് പ്രതിപക്ഷ പാർട്ടികളെ പിന്നോട്ട് അടിപ്പിക്കാൻ കാരണമായത്.
സാധാരണ ജനങ്ങള്‍ പാര്‍ട്ടിയുടെ പേരില്‍ തെരുവില്‍ തമ്മിലടിക്കുമ്പോള്‍ സകല പാർട്ടി നേതാക്കളും പങ്കുകച്ചവടത്തിലും രാഷ്ട്രീയമായ കൊടുക്കല്‍വാങ്ങലുകള്‍ക്കും പുറകേയാണെന്ന അന്‍വറിന്റെ ആരോപണം ഇളക്കിവിട്ട അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. നിലമ്പൂരിൽ അൻവർ വിളിച്ചു കൂട്ടിയ രാഷ്ട്രീയ വിശദീകരണത്തിലെ ജനപങ്കാളിത്തവും ഇതിൻ്റെ ഉദാഹരണമായാണ് ചുണ്ടിക്കാട്ടുന്നത്. വരും നാളുകളിൽ ഇടതു സ്വതന്ത്ര എം.എൽ.എയായ കെ.ടി ജലീലും അൻവറിനൊപ്പം ചേർന്നാൽ സി.പി.എമ്മിന് കനത്ത തിരിച്ചടിയുണ്ടായേക്കാം.
#PVAnvar #CPIM #KeralaPolitics #IndiaPolitics #Corruption #Allegations #LeadershipCrisis