സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക്; സിപിഎം സൈബർ പോരാളികൾ കളത്തിലിറങ്ങുന്നു


● സൈബർ പോരാളികൾക്ക് ശമ്പളം നൽകാൻ നിർദേശം.
● ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നേക്കും.
● യു.ഡി.എഫ്, എൻ.ഡി.എ. മുന്നണികൾ ദുർബലമെന്ന് വിലയിരുത്തൽ.
● നവകേരളം പദ്ധതിയുടെ നേട്ടങ്ങൾ പ്രചാരണ വിഷയമാക്കും.
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം. സൈബർ രംഗത്തെ പ്രവർത്തനം ശക്തമാക്കുന്നു. പാർട്ടി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ഇതിനായി ജില്ലാതലം മുതൽ ലോക്കൽ കമ്മിറ്റി വരെ സൈബർ ടീമുകളെ നിയോഗിച്ചു. ഈ ടീമുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് കൺട്രോൾ സെല്ലാണ്.

മുതിർന്ന മാധ്യമപ്രവർത്തകനും പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ എം.വി. നികേഷ് കുമാറിന്റെ നേതൃത്വത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ ഐ.ടി. കൺട്രോൾ കമ്മിറ്റി പ്രവർത്തിക്കുന്നത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് (ട്വിറ്റർ), വാട്സ്ആപ്പ്, യൂട്യൂബ് എന്നിവ വഴിയാകും പ്രധാന പ്രചാരണം.
ഐ.ടി. മേഖലയിൽ മുഴുവൻ സമയ പ്രവർത്തകർക്ക് പ്രതിമാസം 10,000 രൂപയാണ് ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. ഇത് അതത് കമ്മിറ്റികൾ കണ്ടെത്തണം. ജില്ലാതലത്തിൽ 20 പേരെ വരെയും, ഏരിയാതലത്തിൽ 5 മുതൽ 10 പേരെ വരെയും നിയോഗിക്കാം.
ലോക്കൽ കമ്മിറ്റികളിൽ രണ്ട് പേർ മതിയാകും. പാർട്ടി അംഗങ്ങൾ അഡ്മിൻമാരായ പ്രൊഫൈലുകളുടെ ഏകോപനം ഈ ടീമുകൾ നിർവഹിക്കണം. ഏരിയാ കമ്മിറ്റികളുടെ സാമ്പത്തിക ശേഷി അനുസരിച്ച് സൈബർ പോരാളികൾക്ക് വേതനം നിശ്ചയിക്കാം. എങ്കിലും ഏറ്റവും കുറഞ്ഞത് 5,000 രൂപ നൽകണമെന്ന് നിർദേശമുണ്ട്.
സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങളിൽ ഏകീകൃത സ്വഭാവം ഉറപ്പാക്കാൻ പൊതുവിഷയങ്ങളിലെ ക്യാപ്സ്യൂളുകൾ സംസ്ഥാന കൺട്രോൾ സെല്ലിൽ നിന്ന് അതത് സമയം വിതരണം ചെയ്യും. ഓണത്തിന് ശേഷം സൈബർ പ്രചാരണം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് സജ്ജമാകാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായിട്ടുണ്ട്. വികസന ശില്പശാലകൾ, രാഷ്ട്രീയ പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ എന്നിവ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടേണ്ടത് അനിവാര്യമാണെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് വിലയിരുത്തി.
ശില്പശാലകളും പൊതുപരിപാടികളുമായി രാഷ്ട്രീയ രംഗം സജീവമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സി.പി.എം. ഒരു ഘട്ടം പൂർത്തിയാക്കി കഴിഞ്ഞു. ഡിസംബറിൽ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിനുള്ള മുന്നേറ്റമായാണ് പാർട്ടി തദ്ദേശ തിരഞ്ഞെടുപ്പിനെ കാണുന്നത്. പാർട്ടി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ നിലനിർത്താനും യു.ഡി.എഫ്. ഭരിക്കുന്നവ പിടിച്ചെടുക്കാനുമാണ് നീക്കം.
രണ്ടാം പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങൾ വോട്ടായി മാറുമെന്നാണ് സി.പി.എം. പ്രതീക്ഷിക്കുന്നത്. യു.ഡി.എഫ്. , എൻ.ഡി.എ. മുന്നണികൾ പൊതുവെ ദുർബലമാണെന്നാണ് വിലയിരുത്തൽ.
നാൾക്കുനാൾ വ്യക്തിപ്രഭാവം വർധിച്ചുവരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വികസന മുന്നേറ്റം തരംഗമായി മാറുമെന്നും പാർട്ടി കരുതുന്നു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കണ്ണൂർ ഉൾപ്പെടെയുള്ള കോർപ്പറേഷനുകൾ തിരിച്ചുപിടിക്കാൻ യുവനേതാക്കളെയും വനിതകളെയും പുതുമുഖങ്ങളെയും രംഗത്തിറക്കാനും തീരുമാനമായിട്ടുണ്ട്.
പാർട്ടികളുടെ സൈബർ പ്രചാരണ രീതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: CPI(M) launches a large-scale social media campaign for local elections.
#CPI-M #KeralaPolitics #LocalElections #SocialMedia #PinarayiVijayan #Kerala