മൂന്നാം പിണറായി സർക്കാരിനെ അധികാരത്തിലേറ്റാൻ വൻ സൈബർ സൈന്യവുമായി സി പി എം; എം വി നികേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പട നയിക്കും


● എം. സ്വരാജ്, എം.വി. ജയരാജൻ എന്നിവർ ഫ്രാക്ഷന് ചുക്കാൻ പിടിക്കും.
● 10,000 സ്വതന്ത്ര പ്രൊഫൈലുകളെ ഉപയോഗിക്കാനാണ് പദ്ധതി.
● യുവ വോട്ടർമാരെ ആകർഷിക്കുകയാണ് പ്രധാന ലക്ഷ്യം.
● വലതുപക്ഷ ഓൺലൈൻ ചാനലുകളെ പ്രതിരോധിക്കാനും ലക്ഷ്യമിടുന്നു.
കണ്ണൂർ: (KVARTHA) മൂന്നാം പിണറായി സർക്കാരിനായുള്ള സോഷ്യൽ മീഡിയ പ്രചാരണം ശക്തമാക്കാൻ സി.പി.എം. സംസ്ഥാന നേതൃത്വം ഒരുങ്ങുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇതിന്റെ ഒരു 'ടെസ്റ്റ് ഡോസ്' നടപ്പിലാക്കാനാണ് തീരുമാനം. ഇതിനായി മുതിർന്ന മാധ്യമപ്രവർത്തകൻ എം.വി. നികേഷ് കുമാറിന്റെ നേതൃത്വത്തിൽ വലിയൊരു ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്.
കൈരളി, ദേശാഭിമാനി എന്നിവിടങ്ങളിൽനിന്ന് വിരമിച്ച മുതിർന്ന മാധ്യമപ്രവർത്തകർ, പാർട്ടി സഹയാത്രികരായ സൈബർ എഴുത്തുകാർ, പുരോഗമന കലാസാഹിത്യ സംഘത്തിലുള്ള സാംസ്കാരിക പ്രവർത്തകർ എന്നിവരടങ്ങുന്ന ഒരു ഫ്രാക്ഷൻ രൂപീകരിക്കും. സംസ്ഥാന നേതൃത്വത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ഫ്രാക്ഷന് ചുക്കാൻ പിടിക്കുക സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. സ്വരാജ്, എം.വി. ജയരാജൻ എന്നിവരാണ്.
നിലവിൽ ഔദ്യോഗിക സോഷ്യൽ മീഡിയ സെൽ ഉണ്ടെങ്കിലും, നവമാധ്യമ ഇടപെടലിന് സ്വതന്ത്ര പ്രൊഫൈലുകളെക്കൂടി കൂടെ നിർത്താനാണ് സി.പി.എം. കർമ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എം.വി. നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സെല്ലിന്റെ നിർദ്ദേശങ്ങൾ പാർട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. സംസ്ഥാന സമിതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സ്വതന്ത്ര പ്രൊഫൈലുകളുടെ പ്രചാരണം.
പാർട്ടിക്ക് സ്വന്തമായി പത്രവും ചാനലുമെല്ലാമുണ്ടെങ്കിലും, അഭിപ്രായ രൂപീകരണത്തിലും ആശയ പ്രചാരണത്തിലും സോഷ്യൽ മീഡിയ സാധ്യതകൾ ഉപയോഗിച്ചേ മുന്നോട്ട് പോകാനാകൂവെന്ന് സി.പി.എം. വിലയിരുത്തിയിട്ട് നാളുകളേറെയായെങ്കിലും ഇതിനായുള്ള നടപടികൾ വൈകിയിരുന്നു. ചിതറിക്കിടക്കുന്ന ഇടതു അനുഭാവ പ്രൊഫൈലുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് പ്രത്യേക സംവിധാനത്തിന് പദ്ധതിയിട്ടത്.
മുഴുവൻ സമയ മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് പാർട്ടി ചട്ടക്കൂടിലേക്ക് എത്തിയ എം.വി. നികേഷ് കുമാറിനെയാണ് ഈ ചുമതല ഏൽപ്പിച്ചത്. അമ്പതോളം ഓൺലൈൻ മാധ്യമങ്ങളുടെ ശൃംഖല തീർത്ത് സർക്കാർ അനുകൂല പ്രചാരണം അടക്കമുള്ള പ്രത്യേക ടീം തയ്യാറാക്കിയ പദ്ധതിക്കോ, നൽകിയ ബജറ്റിനോ പാർട്ടി ഇതുവരെ അന്തിമ അംഗീകാരം നൽകിയിട്ടില്ലെന്നാണ് വിവരം. മാത്രമല്ല, തുടക്കം മുതൽ ടീമിലുണ്ടായിരുന്ന ചിലർ വിട്ടുപോയ സാഹചര്യവുമുണ്ടായി.
ഇതെല്ലാം നിലനിൽക്കെയാണ് പതിനായിരം സ്വതന്ത്ര പ്രൊഫൈലുകളെ കണ്ടെത്താനും അവരെ പാർട്ടിയുടെ ആശയ പ്രചാരണത്തിന് ഉപയോഗിക്കാനും പദ്ധതി രൂപീകരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ യുവ വോട്ടർമാരെ ആകർഷിക്കാൻ വമ്പൻ സോഷ്യൽ മീഡിയ പ്രചാരണങ്ങളാണ് സി.പി.എം. ആവിഷ്കരിക്കുന്നത്.
സൈബർ ഇടങ്ങളിൽ സ്വതന്ത്ര - വലതുപക്ഷ ഓൺലൈൻ ചാനലുകളും ന്യൂസ് മീഡിയകളും നടത്തുന്ന ഇടപെടലുകളെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
സി.പി.എം-ന്റെ ഈ സൈബർ നീക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: CPI(M) forms large cyber army under M.V. Nikesh Kumar for elections.
#CPIM #PinarayiGovernment #CyberArmy #KeralaPolitics #SocialMediaCampaign #MVNikeshKumar