Criticism | ബിനോയ് എന്ത് പറയണമെന്ന് പിണറായി തീരുമാനിക്കും, ആനിരാജ എന്ത് പറയണമെന്ന് ബിനോയിയും തീരുമാനിക്കും!
● സിപിഐ സംസ്ഥാന നേതൃത്വം ആനി രാജയ്‌ക്കെതിരെ കത്ത് നൽകി
● നേതൃത്വവുമായി ആലോചിക്കാതെ പ്രതികരിക്കുന്നതിനെതിരെ പരാതി.
● കാനം രാജേന്ദ്രന്റെ കാലത്തും ഇത്തരം വിവാദങ്ങൾ ഉണ്ടായിരുന്നു.
സോണി കല്ലറയ്ക്കൽ
(KVARTHA) 'ആനി രാജയുടെ നട്ടെല്ലിൻ്റെ ഒരു ഫോട്ടോ കോപ്പിയെങ്കിലും ബിനോയ് വിശ്വത്തിനുണ്ടായിരുന്നെങ്കിൽ', ഇതാണ് പൊതുജനം ഇപ്പോൾ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ നേതാക്കന്മാർക്ക് പ്രതികരണശേഷിയില്ലാത്തതുകൊണ്ടായിരിക്കും ആനി രാജ പ്രതികരിച്ചത്. അത് ബിനോയ് വിശ്വം ഇനിയെങ്കിലും മനസ്സിലാക്കുക. ആനിരാജ നേതൃത്വവുമായി ആലോചിക്കാതെ പ്രതികരിക്കരുത് എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കത്തെഴുതിയെന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ആനി രാജയ്‌ക്കെതിരെ സിപിഐ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയെന്നാണ് റിപ്പോർട്ട്. സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേതൃത്വവുമായി ആലോചിക്കാതെ പ്രതികരണം നടത്തിയെന്നാണ് പരാതി. കഴിഞ്ഞമാസം 25 ന് നടന്ന ദേശീയ എക്‌സിക്യൂട്ടീവിന് മുന്നോടിയായിട്ടായിരുന്നു കത്ത്. ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ഇടത് എംഎല്‍എ മുകേഷ് രാജിവെക്കണമെന്ന് ആനി രാജ ആവശ്യപ്പെട്ടിരുന്നു. ഇത് ചൂണ്ടികാട്ടിയാണ് കത്ത്. കാനം രാജേന്ദ്രന്‍ അധ്യക്ഷനായിരുന്ന സമയത്തും ആനി രാജയ്‌ക്കെതിരെ കത്ത് എഴുതിയിരുന്നു. പൊലീസിലെ സംഘപരിവാര്‍ സാന്നിധ്യത്തെക്കുറിച്ച് പ്രതികരിച്ചതിന്റെ പേരിലായിരുന്നു അന്നത്തെ കത്ത്.
മുകേഷിന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനിന്ന ആനി രാജയെ തള്ളി അന്നുതന്നെ ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. ഇവിടുത്തെ കാര്യങ്ങള്‍ പറയാന്‍ സിപിഐക്ക് സംസ്ഥാന നേതൃത്വമുണ്ട്. കേരളത്തിലെ രാഷ്ട്രീയം പറയേണ്ടത് സിപിഐ സംസ്ഥാന സെക്രട്ടറിയാണ്. അതൊരു വ്യവസ്ഥാപിത ബോധ്യമാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ലൈംഗികാതിക്രമ കേസില്‍ ആരോപണ വിധേയന്‍ എന്ന നിലയില്‍ ഒരു നിമിഷം പോലും അദ്ദേഹം എംഎല്‍എ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നാണ് ആനിരാജ പറഞ്ഞത്. മുകേഷ് രാജി വെക്കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടിരുന്നു. ആനി രാജയുടെ നിലപാടിനെ പിന്തുണച്ച് മന്ത്രി ചിഞ്ചുറാണിയും രംഗത്തെത്തിയിരുന്നു.
ഞങ്ങൾ സംസ്ഥാന അടിമകൾക്ക് ദേശീയ നേതൃത്വം ആവശ്യമില്ല എന്നാണോ ബിനോയ് വിശ്വം പറഞ്ഞു വരുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? മുഖ്യമന്ത്രി പിണറായി വിജയനെ ഭയന്ന് പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറയാൻ ഉള്ള നട്ടെല്ല് ബിനോയ്ക്ക് ഇല്ല എന്നത് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാകും. അതു തന്നെയായിരുന്നു കാനം രാജേന്ദ്രൻ ആയിരുന്നപ്പോഴും ഉണ്ടായിരുന്നത്. പക്ഷേ, ആനി രാജ മുഖം നോക്കാതെ കാര്യം പറയും. അത് അന്നും അങ്ങനെയാണ് ഇന്നും അങ്ങനെയാണ്. എല്ലാ പാർട്ടിയിലും കേന്ദ്ര നേതൃത്വം ആണ് വലുത്. എന്നാൽ സിപിഐയിലും സിപിഎമ്മിലും സംസ്ഥാന നേതൃത്വം ആണ് വലുത്.
പിന്നെ സിപിഐ കേന്ദ്ര നേതൃത്വത്തിന് കത്ത് എഴുതി വിവരം മാധ്യമങ്ങൾക്ക് നൽകിയ രീതി എത്ര ശരി എന്നും ചിന്തിക്കണം. പാർട്ടിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിന് വിരുദ്ധമല്ലാത്ത നിലപാട് പറയുവാൻ ആനി രാജയ്ക്കും അവകാശമുണ്ടെന്നതും നിഷേധിക്കാൻ പാടില്ലാത്തത് ആണ്. 'ഞങ്ങൾ പിണറായിയുടെ അടിമകൾ ആണ്. ഞങ്ങൾക്ക് അദ്ദേഹം പലതും തരും. അത് തിന്ന് ഇവിടെ ജീവിക്കും, എന്ന നിലയിലേയ്ക്ക് സി.പി.ഐ യെപ്പോലൊരു പ്രസ്ഥാനം അധപതിച്ചിരിക്കുന്നു', എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനം. കേന്ദ്ര നേതൃത്വത്തിനാണോ അതോ മാധ്യമ നേതൃത്വത്തിനാണോ കത്തെഴുതിയത് എന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയാൽ നന്നായിരിക്കും.
ആനി രാജയുടെ നിലപാട് കമ്മ്യൂണിസ്റ്റ് തത്വത്തിൽ അധിഷ്ടിതമാണ്. ആര് അതിനെ വെട്ടിമുറിയ്ക്കാൻ നോക്കിയാലും പെട്ടെന്നോന്നും അത് മുറിഞ്ഞു പോരില്ല. നല്ല കഴിവുള്ള ആനി രാജായെ ഒതുക്കാൻ ബിനോയ് ആവുന്നത് പണിയുന്നുണ്ട്. അതിൻറെ ഭാഗമായാണ് രാഹുൽ ഗാന്ധിക്കെതിരെ ആ പാവത്തിനെ വയനാട്ടിൽ കൊണ്ടു നിർത്തിയതെന്നും ചിലർ പ്രതികരിച്ചു. വല്ല്യേട്ടൻ്റെ കാൽകീഴിൽ സാഷ്ടാംഗം അടിയറവു വെച്ച പരാജിതനായ സ്ഥാനപതി സ്വന്തമായി നിലപാടുകൾ ജനങ്ങളോടു മടികോടാതെ തുറന്നു പറയുന്നവരുടെ വായ മൂടികെട്ടാൻ തുനിയരുത്. അത് സിപിഐ യുടെ നാശത്തിലാകും കലാശിക്കുക. സത്യം സത്യമായി ആരുടെ മുന്നിലും തുറന്നു പറയുന്ന ആനി രാജയ്ക്ക് പിറകിൽ ആയിരങ്ങൾ ഉണ്ടെന്നത് മറക്കാതിരിക്കുക.
#CPIKerala #AnnieRaja #KeralaPolitics #Controversy #CommunistParty