രോഗികളെ പിഴിയരുത്: സ്വകാര്യ ആശുപത്രികൾക്ക് നിയന്ത്രണം വേണമെന്ന് സിപിഐ കണ്ണൂർ!


● നിർധന രോഗികൾക്ക് കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടെന്ന് പ്രമേയം.
● കര്‍ശന നിയമനിർമ്മാണത്തിലൂടെ ചൂഷണം തടയണമെന്ന് സിപിഐ ആവശ്യപ്പെട്ടു.
● സിപി സന്തോഷ് കുമാർ സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും.
● സി പി സന്തോഷ് കുമാർ രണ്ടാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്.
കണ്ണൂർ: (KVARTHA) കേരളത്തിലെ ആരോഗ്യവകുപ്പ് സമഗ്രമായ പഠനത്തിലൂടെ ശാസ്ത്രീയമായ നിയമനിർമ്മാണം വഴി സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകളിൽ പൊതുമാനദണ്ഡം കൊണ്ടുവരണമെന്ന് സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്ന ചികിത്സാ നിരക്കുകളിൽ വൻ അന്തരങ്ങളാണുള്ളതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
ഒരേ തരത്തിലുള്ള ശസ്ത്രക്രിയക്കും ചികിത്സക്കും കണ്ണൂർ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ വ്യത്യസ്ത നിരക്കുകളാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്. വാഹന അപകടമുൾപ്പെടെയുള്ള അടിയന്തിര ചികിത്സകൾക്ക് സ്വകാര്യ ആശുപത്രിയിലെത്തിയാൽ കണ്ണിൽ ചോരയില്ലാത്ത സമീപനമാണ് ആശുപത്രി അധികൃതർ സ്വീകരിക്കുന്നത്. അത്യാസന്ന നിലയിൽ എത്തിച്ചേരുന്ന രോഗികളാണ് പലപ്പോഴും ഇവരുടെ കൊടിയ ചൂഷണത്തിന് ഇരയാവുന്നതെന്നും പ്രമേയം പറയുന്നു.
സമീപകാലത്ത് കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലേക്ക് മാറുന്നതിലൂടെ ‘സൂപ്പർ സ്പെഷ്യാലിറ്റി’ എന്ന ബ്രാൻഡിൽ നേരത്തെ ഉണ്ടായിരുന്ന നിരക്കുകളുടെ രണ്ടും മൂന്നും ഇരട്ടിയാണ് ഈടാക്കുന്നത്.
പാവപ്പെട്ട നിർധനരായ രോഗികൾ ഗുരുതരമായ അസുഖങ്ങൾക്ക് ഇത്തരം ആശുപത്രികളെ ആശ്രയിക്കുമ്പോൾ കിടപ്പാടം പോലും നഷ്ടപ്പെടുന്ന സാമ്പത്തിക പരാധീനതയിലേക്ക് എത്തിച്ചേരുകയാണ്. സ്വകാര്യ ആശുപത്രികൾക്ക് അവരുടെ ഇഷ്ടാനുസരണം ചികിത്സാ നിരക്കുകൾ നിശ്ചയിക്കാനുള്ള സാഹചര്യമാണ് ഇത്തരം വലിയ ചികിത്സാ ചൂഷണത്തിന് കാരണമാകുന്നതെന്നും സി.പി.ഐ വിലയിരുത്തി.
കർശനമായ നിയമനടപടിയിലൂടെ മാത്രമേ ഇത്തരം ചൂഷണങ്ങൾക്ക് അറുതി വരുത്താൻ കഴിയൂ. അതിനാൽ, കേരളത്തിലെ ആരോഗ്യവകുപ്പ് സമഗ്രമായ പഠനത്തിലൂടെ ശാസ്ത്രീയമായ നിയമനിർമ്മാണം വഴി സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകളിൽ പൊതുമാനദണ്ഡം കൊണ്ടുവരണമെന്ന് സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവർത്തിച്ച് ആവശ്യപ്പെട്ടു.
സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി സി പി സന്തോഷ് കുമാർ തുടരും
കണ്ണൂർ: സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി സി.പി. സന്തോഷ് കുമാർ തുടരും. രണ്ടാം തവണയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് എത്തുന്നത്. കഴിഞ്ഞ തവണ തലശ്ശേരിയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് സി.പി. സന്തോഷ് കുമാർ ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ അമരക്കാരനായത്. ആദ്യകാല സി.പി.ഐ (എം.എൽ), മെയ്ദിന തൊഴിലാളി കേന്ദ്രം എന്നിവയുടെ നേതാവായിരുന്ന സി.പി. വിജയൻ്റെയും കെ.പി. മാലിനിയുടെയും മകനാണ് അദ്ദേഹം.
1976-ൽ എ.ഐ.വൈ.എഫ് വളപട്ടണം യൂണിറ്റ് സെക്രട്ടറിയായും, 1979-ൽ സി.പി.ഐ ബ്രാഞ്ച് അസിസ്റ്റൻ്റ് സെക്രട്ടറിയായും പ്രവർത്തനം ആരംഭിച്ച സി.പി. സന്തോഷ് കുമാർ, വളപട്ടണം എ.ഐ.ടി.യു.സി ഓഫീസ് സെക്രട്ടറി, എ.ഐ.വൈ.എഫ് കണ്ണൂർ താലൂക്ക് പ്രസിഡൻ്റ്, സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, ജോയിൻ്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻ്റ്, ജോയിൻ്റ് സെക്രട്ടറി എന്നിങ്ങനെ സംഘടനാരംഗത്ത് ഒമ്പത് വർഷത്തെ പ്രവർത്തന പരിചയവുമായാണ് സി.പി.ഐയിൽ ഉയർന്നുവന്നത്.
പാർട്ടി കണ്ണൂർ താലൂക്ക് കമ്മിറ്റി അംഗവും സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന അദ്ദേഹം എട്ടു വർഷം ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ ജില്ലാ സെക്രട്ടറിയായ അദ്ദേഹം 13 വർഷമായി പാർട്ടി സംസ്ഥാന കൗൺസിൽ അംഗം കൂടിയാണ്.
തൊഴിലാളി രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന സന്തോഷ് കുമാർ ഒമ്പത് വർഷം എ.ഐ.ടി.യു.സി.യുടെ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. എ.ഐ.ടി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ദേശീയ കൗൺസിൽ അംഗവുമായിരുന്നു. ഹാൻവീവ് ലേബർ യൂണിയൻ (എ.ഐ.ടി.യു.സി.) സംസ്ഥാന ജനറൽ സെക്രട്ടറി, മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
1997-ൽ ക്യൂബയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ എ.ഐ.വൈ.എഫിനെ പ്രതിനിധീകരിച്ച് അദ്ദേഹം പങ്കെടുത്തു. കണ്ണൂർ ചൊവ്വയിലാണ് അദ്ദേഹത്തിന്റെ താമസം. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗവും കേരള മഹിളാസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും കണ്ണൂർ കോർപ്പറേഷൻ കൗൺസിലറുമായ എൻ. ഉഷയാണ് ഭാര്യ. സിഷിൻ സന്തോഷ്, സിബിൻ സന്തോഷ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ) എന്നിവർ മക്കളാണ്.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: CPI Kannur demands uniform rates for private hospitals.
#KeralaNews #CPI #Kannur #HealthcareRegulation #PrivateHospitals #PatientRights