Controversy | സിപിഐയ്ക്ക് പണി കൊടുക്കാൻ മറുകണ്ടം ചാടിച്ചു; മുകേഷിനെ പേറി പാർട്ടി നാറുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ
പി കെ ഗുരുദാസനെ മാറ്റിയാണ് സി.പി.ഐ നേതാവും നാടക പ്രതിഭയുമായ ഒ മാധവൻ്റെ മകൻ മുകേഷിനെ പാർട്ടി സ്ഥാനാർത്ഥിയായി കൊണ്ടുവന്നത്
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) സെലിബ്രേറ്റികളെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കി വിജയിപ്പിച്ചെടുക്കുക സി.പി.എം ഉൾപെടെയുള്ള പാർട്ടികൾ സ്വീകരിക്കുന്ന തന്ത്രങ്ങളിലൊന്നാണ്. ചാലക്കുടിയിൽ പി ടി ചാക്കോയെ നവാഗതനായ ചലച്ചിത്ര നടൻ ഇന്നസെൻ്റ് അട്ടിമറിച്ചത് അങ്ങനെയാണ്. സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് ഗുരുവായൂർ ഉപതിരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കടമ്മനിട്ടയെയും എം എം മോനായിയെയും വിജയിപ്പിക്കാൻ സി.പി.എമ്മിന് കഴിഞ്ഞു. എന്നാൽ ലെനിൻ രാജേന്ദ്രൻ, നടൻ മുരളി തുടങ്ങി പരാജിതരുടെ നീണ്ട നിരയുമുണ്ട്.
കൊല്ലം നിയമസഭാ മണ്ഡലത്തിൽ കറതീർന്ന കമ്യൂണിസ്റ്റ് നേതാവായ പി കെ ഗുരുദാസനെ മാറ്റിയാണ് സി.പി.ഐ നേതാവും നാടക പ്രതിഭയുമായ ഒ മാധവൻ്റെ മകൻ മുകേഷിനെ പാർട്ടി സ്ഥാനാർത്ഥിയായി കൊണ്ടുവന്നത്. ഇതിനെതിരെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രതിഷേധമുയർന്നിരുന്നുവെങ്കിലും യോഗത്തിൽ പങ്കെടുത്ത പിണറായി വിജയൻ ക്ഷോഭിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതതോടെ പലരും പത്തി മടക്കി പിൻവലിഞ്ഞു. യഥാർത്ഥത്തിൽ കൊല്ലത്ത് നല്ല സ്വാധീനമുണ്ടായിരുന്ന സി.പി.ഐക്ക് ഒരു പണി കൊടുക്കുന്നതിനാണ് പാർട്ടി കുടുംബത്തിൽ നിന്നും മുകേഷിനെ മറുകണ്ടം ചാടിച്ചത്.
ഇടതുതരംഗമുണ്ടായ 2016 ലെ തെരഞ്ഞെടുപ്പിൽ മുകേഷ് അനായസ ജയം നേടി നിയമസഭയിൽ എത്തി. എന്നാൽ എം.എൽ.എയെന്ന നിലയിൽ മോശം പ്രകടനമായിരുന്നു നടന്റേതെന്ന് ആക്ഷേപമുണ്ട്. മണ്ഡലം ഒരു 'ബഡായി ബംഗ്ലാവായി' മാറുകയും ചെയ്തു. രണ്ടാമതും മുകേഷിനെ തന്നെ മണ്ഡലത്തിൽ അടിച്ചേൽപ്പിച്ചത് പിണറായിയുടെ പിടിവാശി തന്നെയായിരുന്നുവെന്ന് പറയുന്നു. പാർട്ടിയിലെ ഒരു വിഭാഗം എതിരായിട്ടും മുകേഷ് ജയിച്ചു കയറി. കോൺഗ്രസ് സ്ഥാനാർത്ഥിയായ ബിന്ദു കൃഷ്ണയെ അവരുടെ പാർട്ടിക്കാർ തന്നെ കാലുവാരിയതാണ് മുകേഷ് കഷ്ടിച്ചു രക്ഷപ്പെടാൻ കാരണമായത്.
രണ്ടാമത് ജയിച്ചിട്ടും കൊല്ലംകാർക്ക് മുകേഷിനെ കൊണ്ടു കാര്യമൊന്നും ഉണ്ടായില്ല. സിനിമകളിലും കോമഡി ഷോകളിലും ശ്രദ്ധ പതിപിക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ചിന്ത ജെറോമിനെ വെട്ടിമാറ്റി പാർട്ടി കൊല്ലത്ത് മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത് പലരെയും ഞെട്ടിച്ചു. എന്നാൽ സിറ്റിങ് എം.പി എൻ കെ പേമചന്ദ്രനോട് ദയനീയമായി പരാജയപ്പെടാനായിരുന്നു മുകേഷിൻ്റെ വിധി. വെള്ളം കോരികളും വിറകുവെട്ടികളുമായ നൂറുകണക്കിന് നേതാക്കൾ വരിവരിയായി നിൽക്കുമ്പോഴാണ് ബഡായി ബംഗ്ലാവിൽ നിന്നും ഇറങ്ങി വന്ന് മുകേഷ് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ചു ജയിക്കുന്നത്.
എന്നാൽ ഒരു ശതമാനം പോലും രാഷ്ട്രീയക്കാരനാവാൻ മുകേഷിന് കഴിഞ്ഞിരുന്നില്ല. രണ്ടു ഭാര്യമാർ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ, ചലച്ചിത്ര മേഖലയിലെ അഭിനേത്രിമാർ ഉന്നയിക്കുന്ന ലൈംഗിക പീഢന കുറ്റകൃത്യങ്ങൾ എന്നിങ്ങനെ വിവാദങ്ങളുടെ ഓവുചാലിൽ മുങ്ങി കുളിക്കുകയായിരുന്നു നടൻ ഇപ്പോഴിതാ സ്വന്തം സർക്കാരിൻ്റെ പൊലീസ് കേസുമെടുത്തിരിക്കുന്നു. നാണക്കേടിൻ്റെ പടുകുഴിയിൽ വീണു കിടക്കുന്നത് മുകേഷെന്ന ചലച്ചിത്ര താരം മാത്രമല്ല അയാളെ കെട്ടിയെഴുന്നെള്ളിച്ചു കൊണ്ടു നടന്ന പാർട്ടി കൂടിയാണ്. തെളിയിച്ചു പറഞ്ഞാൽ എല്ലാറ്റിനും കാരണഭൂതനായി മാറിയത് കേരള മുഖ്യമന്ത്രിയാണ്.
#CPI #KeralaPolitics #Mukesh #Controversy #Election #India