CPI | തോറ്റപ്പോള്‍ സിപിഎമ്മിന് മേല്‍ കുതിരകയറി സ്വയം വെളുപ്പിച്ചെടുക്കുന്നു; ജനം ചോദിക്കുന്നു ഇത്രനാള്‍ എവിടെപ്പോയി സിപിഐക്കാരാ!

 
CPI criticizes CPM over Lok Sabha defeat


ഭരണവിരുദ്ധവികാരത്തിന് കാരണങ്ങളിലൊന്ന് സിവില്‍ സപ്ലൈസ് സ്‌റ്റോറില്‍ അവശ്യവസ്തുക്കള്‍ ഇല്ലാത്തതാണെന്ന് ഇവര്‍ക്ക് അറിഞ്ഞു കൂടാത്തകാര്യമല്ല

കണ്ണൂര്‍: (KVARTHA) കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി എല്‍.ഡി.എഫിന്റെതോ അതോ സി.പി.എമ്മെന്ന  മുന്നണിയിലെ വലിയ പാര്‍ട്ടിയുടെ മാത്രമോ. ഈ ചോദ്യത്തിന്  രാഷ്ട്രീയ എതിരാളികള്‍ പോലും മുന്നണിയുടെ തോല്‍വിയാണെന്നു പറയുമ്പോള്‍ സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും ഒറ്റതിരിഞ്ഞു അക്രമിക്കുകയാണ് എല്‍.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐ. ഭരണവിരുദ്ധവികാരം തെരഞ്ഞെടുപ്പില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അതു മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും കുറ്റം മാത്രമാണെന്ന് പറഞ്ഞു വിശുദ്ധ പശു ചമയാനാണ് ബിനോയ് വിശ്വത്തിന്റെയും കൂട്ടരുടെയും നീക്കം.
 
ഭരണവിരുദ്ധവികാരത്തിന് കാരണങ്ങളിലൊന്ന് സിവില്‍ സപ്ലൈസ് സ്‌റ്റോറില്‍ അവശ്യവസ്തുക്കള്‍ ഇല്ലാത്തതാണെന്ന് ഇവര്‍ക്ക് അറിഞ്ഞു കൂടാത്തകാര്യമല്ല. തങ്ങളുടെ പാര്‍ട്ടിക്കാരനായ ജി ആര്‍ അനിലാണ് ഈ വകുപ്പിന്റെ മന്ത്രിയെന്നു സൗകര്യത്തില്‍ മറക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ പേരുദോഷം വരുത്തി വച്ച വകുപ്പുകളിലൊന്നു റവന്യൂവാണ്. അതും മൃഗസംരക്ഷണവകുപ്പും സ്വന്തം പാര്‍ട്ടിയുടെ കൈയ്യില്‍ തന്നെയാണ്. 

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കാനിടയാക്കിയ ഘടകങ്ങളിലൊന്നു പൂരപ്രേമികളെ പൊലിസ് അടിച്ചോടിച്ചതാണ്. അന്ന് തൃശൂര്‍കാരനായ രാജനും സ്ഥാനാര്‍ത്ഥി സുനില്‍കുമാറും തൃശൂരില്‍ തന്നെയുണ്ടായിരുന്നു. സുരേഷ് ഗോപിക്ക് കയറിക്കളിക്കാന്‍ സ്‌പേസുണ്ടാക്കി കൊടുത്ത ഇരുവരുടെയും സംഘര്‍ഷമുണ്ടായപ്പോള്‍ പൊടിപോലുമുണ്ടായില്ല അവിടെ. തിരുവനന്തപുരത്ത് വയോധികനായ പന്ന്യന്‍ രവീന്ദ്രനെ സ്ഥാനാര്‍ത്ഥിവേഷം കെട്ടിച്ചതും വയനാട്ടില്‍ ആനിരാജയെ ചാവേറാക്കിയതും ബിനോയ്  വിശ്വവും കൂട്ടരും ചേര്‍ന്നാണ്.  

രണ്ടാം പിണറായി സര്‍ക്കാര്‍ വഴിതെറ്റുന്നുവെന്ന് ജനങ്ങള്‍ക്ക് തോന്നിതുടങ്ങിയപ്പോള്‍ തിരുത്തല്‍ ശക്തിയായി സി.പി.ഐ മാറുമെന്ന് പലരും പ്രതീക്ഷിച്ചുവെങ്കിലും കാനത്തെപ്പോലെ പിണറായി സ്തുതി നടത്തി മുന്‍പോട്ടു പോവുകയായിരുന്നു ബിനോയ് വിശ്വവും പാര്‍ട്ടിയും. ഇപ്പോള്‍ വന്‍പരാജയം ഏറ്റുവാങ്ങിയപ്പോള്‍ പിണറായിയെയും സി.പി.എമ്മിനെയും ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന സി.പി.ഐ തിരുവനന്തപുരം ജില്ലാകൗണ്‍സില്‍ ചെയ്യുന്നത് പാര്‍ട്ടിയെ വെളുപ്പിച്ചെടുക്കുന്ന പണിയാണ്. 

അടിയന്തിരാവസ്ഥയില്‍ ഇന്ദിരാഗാന്ധിക്ക് സ്തുതി പാടിയ വലതു കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സി.പി.ഐ. വയ്‌ക്കെടാ വലതാ ചെങ്കൊടിയെന്നു സി.പി.എം നേതാക്കള്‍ക്ക് പരസ്യമായി പറയേണ്ടിവന്നതും അതുകൊണ്ടുതന്നെയാണ്. കേരളത്തില്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ പോലും ഒറ്റയ്ക്കു ജയിക്കാനുളള ത്രാണിയില്ലാത്ത സി.പി.ഐ പഠിച്ചതേ പാടൂവെന്ന ചൊല്ലു പോലെ ഇപ്പോള്‍ സി.പി.എമ്മിനെ നന്നാക്കാനിറങ്ങുമ്പോള്‍ കണ്ടു നില്‍ക്കുന്ന ജനങ്ങള്‍ ചോദിക്കുന്നത് ഇത്രനാള്‍ എവിടെപ്പോയി സി.പി.ഐക്കാരായെന്നാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia