Criticism | 'കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി'; കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കേരള ബിജെപിയെന്ന് സന്ദീപ് വാര്യർ


● 'ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയം മതിയാക്കി പിണങ്ങിപ്പോയ ജി'.
● 'ഏഷ്യാനെറ്റ് സ്വീകരിച്ച നിലപാട് ബിജെപി പ്രവർത്തകർക്ക് എങ്ങനെ മറക്കാൻ കഴിയും'.
● 'ഇ.പി. ജയരാജന്റെ വൈദേഹി റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി'.
പാലക്കാട്: (KVARTHA) മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ബിജെപിക്ക് കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ പരിഹസിച്ചു.
കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങിയെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയം മതിയാക്കി പിണങ്ങിപ്പോയ 'ജി' സംസ്ഥാന അധ്യക്ഷനായി തിരിച്ചുവരുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കുറിച്ചു.
അന്ന് 'ജി'യെ കാലുവാരിയ സംസ്ഥാന ജില്ലാ അധ്യക്ഷന്മാർക്കൊക്കെ എട്ടിന്റെ പണി കിട്ടാൻ സാധ്യതയുണ്ടെന്നും സന്ദീപ് വാര്യർ പറയുന്നു. ശബരിമല സമരകാലത്തും ഏറ്റവും ഒടുവിൽ കുംഭമേളയിലും ഏഷ്യാനെറ്റ് സ്വീകരിച്ച നിലപാട് ബിജെപി പ്രവർത്തകർക്ക് എങ്ങനെ മറക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു.
ഇ.പി. ജയരാജന്റെ വൈദേഹി റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയാണ് ഇപ്പോൾ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി വരുന്നതെന്നും സിപിഎം ബിജെപി ബന്ധത്തിന് ഇതിലും വലിയ സ്ഥിരീകരണം ഉണ്ടോയെന്നും സന്ദീപ് വാര്യർ ചോദിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡണ്ടായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അധ്യക്ഷൻമാർക്കൊക്കെ എട്ടിൻ്റെ പണി കിട്ടാനാണ് സാധ്യത.
ശബരിമല സമരകാലത്ത് ഏഷ്യാനെറ്റ് സ്വീകരിച്ച നിലപാട് , ഏറ്റവും ഒടുവിൽ കുംഭമേള... ഇതൊക്കെ എളുപ്പം മറക്കാൻ ബിജെപി പ്രവർത്തകർക്ക് എങ്ങനെ കഴിയും?
ഇ പി ജയരാജന്റെ വൈദേഹം റിസോർട്ടിൽ പങ്കാളിത്തം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട്. ആഹാ. സിപിഎം ബിജെപി ബന്ധത്തിന് ഇതിലും വലിയ സ്ഥിരീകരണം ഉണ്ടോ ?
കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കേരള ബിജെപി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Congress leader Sandeep Warrier criticizes BJP's leadership, pointing out the shift in state leadership and questioning BJP's position in Kerala.
#BJP #KeralaPolitics #SandeepWarrier #Congress #RajeevChandrasekhar #KeralaNews