Controversy | ശരത്‌ലാലിനെയും കൃപേഷിനെയും കൊന്നവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ജനത്തെ പിഴിഞ്ഞുവോ? പുറത്തുവന്ന കണക്കുകൾ പറയുന്നത്!

 
Controversy
Controversy


ആറ് മാസത്തെ ക്ഷേമപെന്‍ഷന്‍ കൊടുക്കാനുണ്ട്, ലൈഫ് മിഷന്‍ അടക്കം നിരവധി പദ്ധതികള്‍ പണമില്ലാത്തത് കാരണം മുന്നോട്ട് പോകുന്നില്ല

അർണവ് അനിത 

(KVARTHA) കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും  2019 ഫെബ്രുവരി 17-നാണ് കൊലപ്പെടുത്തിയത്. ഇരുവരും  ശരത് ലാലിന്റെ വീട്ടിലേക്കു ബൈക്കില്‍ പോകുമ്പോള്‍ തടഞ്ഞ് നിര്‍ത്തി വെട്ടികൊല്ലുകയായിരുന്നു. സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി അയ്യങ്കാവ് വീട്ടില്‍ പീതാംബരനാണ് ഒന്നാം പ്രതി. കേസില്‍ ആകെ 14 പ്രതികളാണുള്ളത്. എല്ലാം  സിപിഎം പ്രവര്‍ത്തകര്‍. രണ്ട് പേരെയും കൊലപ്പെടുത്തുമെന്ന് പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആരോപണമുണ്ട്. കൊലപാതകത്തിന് ശേഷം നടന്ന രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും കാസര്‍കോട് മണ്ഡലത്തില്‍ സിപിഎം വിജയിച്ചിട്ടില്ല. ഇരട്ടകൊലപാതകം ഇരട്ടച്ചങ്കന്റെ പാര്‍ട്ടിക്ക് ജില്ലയില്‍ ഇന്നും തീരാതലവേദനയാണ്. 

Controversy

അതുകൊണ്ട് പ്രതികളെ രക്ഷിക്കാന്‍ സിപിഎം ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കാലത്തിന്റെ കാവ്യനീതി അവര്‍ക്കൊപ്പമല്ല. കൊലപാതകരാഷ്ട്രീയത്തിന് സാധാരണ ജനങ്ങള്‍ എതിരാണ്. ഇക്കാര്യം സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. കണ്ണൂരിലെ സിപിഎം നേതാവായിരുന്ന മനുതോമസ് പാര്‍ട്ടിവിട്ടെങ്കിലും അഭിപ്രായഭിന്നത പാര്‍ട്ടിക്ക് പുറത്ത് പറയാതിരുന്നത് കൊണ്ടും പി.ജയരാജനെതിരെ ആഞ്ഞടിച്ചത് കൊണ്ടും മാത്രമാണ് ആക്രമിക്കപ്പെടാതിരിക്കുന്നത്. പി.ജയരാജന്‍ ആവശ്യമില്ലാതെ മനുവിനെ പ്രകോപിപ്പിച്ച് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. 

ടിപി ചന്ദ്രശേഖരന്‍ വധം വരുത്തിവെച്ച നാണക്കേടിന്റെ കറ ഇതുവരെ ഉണങ്ങിയിട്ടില്ല. പിണറായി മുഖ്യമന്ത്രിയായ പാര്‍ട്ടിക്ക് വേണ്ടി ഗുണ്ടകളും പാര്‍ട്ടിക്കാരും നടത്തിയ കൊലപാതകങ്ങള്‍ സിപിഎമ്മല്ല, സര്‍ക്കാരാണ് നടത്തുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. പട്ടിണിപ്പാവങ്ങളടക്കം പൊതുഖജനാവിലേക്ക് അടയ്ക്കുന്ന നികുതിപ്പണം ഉപയോഗിച്ച് ഗുണ്ടകളെയും കൊലപാതകികളായ സഖാക്കളെയും നിയമത്തിന്റെ വലയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നു. ഇത് ചോദ്യം ചെയ്യുന്നവരെ കുലംകുത്തികളെന്ന് അധിക്ഷേപിക്കുകയും തരംകിട്ടിയാല്‍ മര്‍ദ്ദിക്കുകയോ, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയോ ചെയ്യുമെന്നാണ് ആക്ഷേപം.

ഡല്‍ഹിയില്‍ നിന്ന് വിമാനക്കാശും മുടക്കി, ലക്ഷങ്ങള്‍ ഫീസുവാങ്ങുന്ന അഭിഭാഷകരെ എത്തിച്ചാണ് കേസുകള്‍ നടത്തുന്നത്. ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ട കേസിലും ഷുഹൈബ് വധക്കേസിലും പ്രതികളായ സിപിഎമ്മുകാരെ സ്വതന്ത്രമാക്കി വിടാനായി ഖജനാവില്‍ നിന്ന് 2.72 കോടി രൂപയാണ് പിണറായി സര്‍ക്കാര്‍ ചെലവിട്ടത്. സര്‍ക്കാര്‍ അഭിഭാഷകര്‍ അല്ലാത്തവര്‍ വാദിച്ച രാഷ്ട്രീയ കൊലപാതക കേസുകള്‍ക്കായി 2,72,40,000 രൂപ ഫീസ് കൊടുത്തെന്ന് നിയമ മന്ത്രി പി രാജീവ് നിയമസഭയില്‍ വ്യക്തമാക്കി. സണ്ണി ജോസഫ് എംഎല്‍എയുടെ ചോദ്യത്തിന് രേഖാമൂലമായിരുന്നു മന്ത്രിയുടെ മറുപടി. രണ്ട് കേസുകളിലും സിബിഐ അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജികളെ എതിര്‍ക്കാനായാണ് ഇത്രയും ഭീമമായ തുക ചെലവഴിച്ചിരിക്കുന്നത്.  

ഡല്‍ഹിയില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകരെ എത്തിക്കുന്നതിനെ പ്രതിപക്ഷം അടക്കം എതിര്‍ത്തിരുന്നു. അതൊന്നും സര്‍ക്കാരിന് പ്രശ്‌നമല്ലായിരുന്നു. കാസര്‍കോട് പെരിയ ഇരട്ട കൊലക്കേസില്‍ പ്രതികളായ സിപിഎം പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും രക്ഷിക്കാന്‍  ഡല്‍ഹിയില്‍ നിന്ന് മൂന്ന് പ്രമുഖ അഭിഭാഷകരെയാണ് ഹൈക്കോടതിയില്‍ എത്തിച്ചത്. സീനിയര്‍ അഭിഭാഷകരായ മനീന്ദര്‍ സിംഗ്, പ്രഭാസ് രാജ്, രജ്ഞിത് കുമാര്‍ എന്നിവരാണ് പ്രതികള്‍ക്കായി ഹാജരായത്. 88 ലക്ഷം രൂപ ഇവര്‍ക്ക് ഖജനാവില്‍ നിന്ന് വക്കീല്‍ ഫീസ് നല്‍കി. യാത്രാ ചിലവായി ലക്ഷങ്ങള്‍ വേറെയും. എന്നിട്ടും കേസ് തോറ്റുതുന്നംപാടി. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. 

പാര്‍ട്ടിക്ക് കൊലക്കേസില്‍ പങ്കില്ലെന്നാണ് സിപിഎം ആവര്‍ത്തിച്ച് പറയുന്നത്. പിന്നെന്തിനാണ് പൊതുജനത്തിന്റെ പണം ഉപയോഗിച്ച് അവരെ രക്ഷിക്കാന്‍ നോക്കുന്നതെന്നാണ് ചോദ്യം. ഹൈക്കോടതിയില്‍ പരാജയപ്പെട്ടെങ്കിലും കൊലപാതകികളെ രക്ഷിക്കാനുള്ള ശ്രമം അവിടംകൊണ്ടും സിപിഎമ്മും സര്‍ക്കാരും അവസാനിപ്പിച്ചില്ല. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രതികള്‍ക്ക് വേണ്ടി സര്‍ക്കാരാണ് അപ്പീലിന് പോയിരിക്കുന്നത്. പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും കൊലക്കേസില്‍ നിന്ന് രക്ഷിക്കാന്‍ പാര്‍ട്ടി ഫണ്ട് ഉപയോഗിക്കണം. അല്ലാതെ  പൊതുജനം നികുതിയടയ്ക്കുന്ന പണം എന്തിനാണ് ചെലവഴിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. 

കേസ് നടത്താനുള്ള ആസ്തി സിപിഎമ്മിനുണ്ടല്ലോ, ഏത് കൊടികെട്ടിയ വക്കീലിന് കൊടുക്കാനുള്ള ഫീസ് കൊടുക്കാനുള്ള വകയുമുണ്ട്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിന്ന് അത് വ്യക്തമായതാണല്ലോ. ടിപി കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയുന്ന സിപിഎം തന്നെയാണ് പ്രതികള്‍ക്കായി വക്കീലിനെ നിയോഗിച്ചിരിക്കുന്നത്. ഇത്രയും കൊടും ക്രിമിനലുകളുമായി സിപിഎമ്മിന് എന്ത് ബന്ധമാണുള്ളത്. അവര്‍ ചോദിക്കുമ്പോഴെല്ലാം പരോള്‍ നല്‍കി. ജയിലില്‍ ഫോണുപയോഗിക്കാനും കഞ്ചാവ് വില്‍ക്കാനും വരെ അനുവാദം നല്‍കി. ഏറ്റവും അവസാനം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രതികള്‍ക്ക് ശിക്ഷാഇളവ് നല്‍കി വിട്ടയ്ക്കാനും നീക്കം നടത്തിയെന്നും ആരോപണമുണ്ട്.

സര്‍ക്കാരറിയാതെ ജൂണ്‍ മൂന്നിന് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അത് റദ്ദാക്കിയെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എംബി രാജേഷ് നിയമസഭയെ അറിയിച്ചു. എന്നാല്‍ ജൂണ്‍ മൂന്നിന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍പ്പുണ്ടായിരുന്നു. ആ സമയത്ത് ഇത്ര തിടുക്കപ്പെട്ട് എന്തിനാണ് ഇത്തരത്തിലൊരു ഉത്തരവിറക്കിയത്. സര്‍ക്കാരറിയാതെ ഇത്തരത്തിലൊരു സംഭവം നടക്കുമെന്ന് വിശ്വസിക്കാനാകില്ലെന്നും ഇനി അങ്ങനെ നടന്നെങ്കില്‍ ആഭ്യന്തരവകുപ്പ് വലിയ പരാജയമാണെന്നാണ് അര്‍ത്ഥമെന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിക്കുന്നു.

ടിപി കേസില്‍ ആദ്യം പ്രതിയായിരുന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനനും നിലവില്‍ ശിക്ഷയനുഭവിക്കുന്ന സഖാക്കള്‍ക്കും അന്തരിച്ച കുഞ്ഞനന്തനും കൊടിസുനിയും കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയും ട്രൗസര്‍ മനോജും അടക്കമുള്ള പ്രതികള്‍ക്ക് ഒരേ അഭിഭാഷകനായിരുന്നു. ടിപി കേസ് നടത്താനായി സിപിഎം പിരിവ് നടത്തിയതായി അറിവില്ല. ശിക്ഷായിളവ് പട്ടികയില്‍ നിന്ന് പ്രതികളുടെ പേര് സര്‍ക്കാര്‍ ഒഴിവാക്കിയതിന് പിന്നാലെ പ്രതികള്‍ ശിക്ഷായിളവ് തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സുപ്രീംകോടതിയില്‍ കേസ് നടത്തണമെങ്കില്‍ ലക്ഷങ്ങള്‍ വേണം.  

കൊടിസുനി അടക്കമുള്ളവര്‍ക്ക് അതിനുള്ള ആസ്തിയില്ല, പിന്നെ എങ്ങനെയാണിവര്‍ സുപ്രീംകോടതിയില്‍ പോയതെന്നും ആരാണ് പണം ചെലവഴിക്കുന്നതെന്നും ചോദ്യം ഉയർന്നിട്ടുണ്ട്. മറ്റൊരു പ്രതിയും അന്തരിച്ച സിപിഎം നേതാവുമായ പികെ കുഞ്ഞനന്തന് കേസില്‍ വിധിച്ച പിഴ തുകയായ ഒരു ലക്ഷം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കുടുംബം സുപ്രീംകോടതിയെ സപീമിച്ചിരുന്നു. കുഞ്ഞനന്തന് അത്രയും ആസ്തിയൊന്നും ഉണ്ടായിരുന്നില്ല. സിപിഎമ്മല്ലാതെ ആരാണ് ഇവര്‍ക്ക് പണം നല്‍കാന്‍, പാര്‍ട്ടി പണം കൊടുത്തിട്ടില്ലെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.

കണ്ണൂര്‍ മട്ടന്നൂരിലെ ലീഗ് പ്രവര്‍ത്തകനായ ഷുഹൈബ് വധക്കേസിലെ പ്രതികളായ പാര്‍ട്ടിക്കാരെ രക്ഷിക്കാന്‍ ഹൈക്കോടതിയില്‍ വന്നത് വിജയ് ഹന്‍സാരിയ, അമരീന്ദ ശരന്‍ എന്നീ മുതിര്‍ന്ന അഭിഭാഷകരെയായിരുന്നു. 86 ലക്ഷമായിരുന്നു ഇവരുടെ ഫീസ്. ഈ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഷുഹൈബിന്റെ മാതാപിതാക്കളുടെ ആവശ്യം  ഹൈക്കോടതി തള്ളിക്കളഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് നല്‍കിയ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായത് പ്രഗത്ഭനായ ഹരിന്‍ പി റാവല്‍ ആയിരുന്നു. 98 ലക്ഷമായിരുന്നു ഫീസ്. വക്കീല്‍ ഫീസ്,  യാത്ര ചെലവ്, ഭക്ഷണം, താമസം എന്നിവയ്ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് തുക അനുവദിച്ചു. 

വിമാന കൂലിയായി 10,09, 525 രൂപയാണ് ചെലവായത്. താമസത്തിനും ഭക്ഷണത്തിനും 3, 57, 647 രൂപയും. ആകെ ചെലവായത് 2,86,02,172 രൂപ. ആറ് മാസത്തെ ക്ഷേമപെന്‍ഷന്‍ കൊടുക്കാനുണ്ട്, ലൈഫ് മിഷന്‍ അടക്കം നിരവധി പദ്ധതികള്‍ പണമില്ലാത്തത് കാരണം മുന്നോട്ട് പോകുന്നില്ല. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളില്ല, കാരുണ്യ ഫണ്ട് പൂര്‍ണമായും നല്‍കുന്നില്ല തുടങ്ങി നിരവധി അടിസ്ഥാന പ്രശ്നങ്ങളുള്ളപ്പോഴാണ് പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയവരെ രക്ഷിച്ചെടുക്കാന്‍ ജനത്തെ പിഴിയുന്നതെന്നാണ് ആക്ഷേപം. ജനം സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍ ഇത്തരം കാര്യങ്ങളെല്ലാം പരിശോധിക്കും. അതുകൊണ്ട് തിരുത്തേണ്ട കാര്യങ്ങളില്‍ തിരുത്ത് വരുത്തിയില്ലെങ്കില്‍ ബംഗാളിലെയും ത്രിപുരയിലേയും പോലെ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia