Dispute | എം എസ് ധോണിയുടെ ഇഷ്ട ദേവീക്ഷേത്രത്തിന് മുന്നില്‍ ആദിവാസികള്‍ പ്രതിഷേധിക്കുന്നത് എന്തിന്?
● ആദിവാസികൾ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്നു.
● ഭൂമി സംബന്ധിച്ച തർക്കം പതിറ്റാണ്ടുകളായി നിലനിൽക്കുന്നു.
● 2020ല്‍ ഭരണകൂടം ക്ഷേത്രത്തിന്റെ നിയന്ത്രണത്തിന് ഒരു ട്രസ്റ്റ് രൂപീകരിച്ചു.
അർണവ് അനിത
(KVARTHA) ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റൻ എം എസ് ധോണിയുടെ ഇഷ്ട ക്ഷേത്രമാണ് ജാര്‍ഖണ്ഡിലെ റാഞ്ചി ജില്ലയിലെ ദിയോറി ഗ്രാമത്തിലെ പ്രശസ്തമായ ദിയോരി മാ മന്ദിര്‍. സെപ്തംബര്‍ അഞ്ചിന് രാവിലെ 6.30 ന് ഒരു കൂട്ടം ആദിവാസികള്‍ ക്ഷേത്ര കവാടങ്ങള്‍ മണിക്കൂറുകളോളം പൂട്ടിയിട്ടു. പ്രാദേശിക മുണ്ട ആദിവാസികളുടെ ഭാഷയായ മുണ്ടരിയിലെ ദിയോരി ദിരി എന്നറിയപ്പെടുന്ന ക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം ആസൂത്രണം ചെയ്തതിനാലാണ് ഈ നടപടിയെന്ന് അവര്‍ പറഞ്ഞു.
അന്ന് ഒരു ഗ്രാമസഭാ യോഗം നടത്തിയിരുന്നു, പ്രാദേശിക കടക്കാരും ഭക്തരും പങ്കെടുക്കണമെന്ന് ആഗ്രഹിച്ചു, അതിനാല്‍ ഞങ്ങള്‍ ക്ഷേത്രത്തിന്റെ പ്രധാന ഗേറ്റ് പൂട്ടിയെന്ന് ആദിവാസി വിഭാഗത്തില്‍ പെടുന്ന കിരണ്‍ മുണ്ട പറഞ്ഞു. ഈ നീക്കം പ്രാദേശിക ഹിന്ദു സംഘടനകളുടെ രോഷത്തിന് കാരണമായി, അവര്‍ പോലീസില്‍ പരാതി നല്‍കി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അധികൃതര്‍ പൂട്ട് തകര്‍ത്ത് ക്ഷേത്രത്തിനുള്ളില്‍ ആരാധന പുനരാരംഭിച്ചു. അപ്പോഴും ക്ഷുഭിതരായ ഹിന്ദുത്വ സംഘടനകള്‍ ക്ഷേത്രം പൂട്ടിയതില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഗ്രാമം സ്ഥിതി ചെയ്യുന്ന ടമാര്‍ ബ്ലോക്കിലും സമീപത്തെ ബണ്ടു ബ്ലോക്കിലും അവര്‍ ബന്ദിന് ആഹ്വാനം ചെയ്തു.
തങ്ങള്‍ക്ക് ദുരുദ്ദേശ്യമില്ലെന്ന് ആദിവാസികള്‍ തറപ്പിച്ചു പറഞ്ഞു. 'ദിയോറി ദിരിയുടെ നിയന്ത്രണത്തെക്കുറിച്ച് എപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണ് യോഗം വിളിച്ചത്, ഭരണകൂടം കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്, ആദിവാസി ഭൂമിജ് മുണ്ട ചുവാര്‍ സംഘത്തിന്റെ കമ്മ്യൂണിറ്റി നേതാവ് മണിക് സിംഗ് സര്‍ദാര്‍ പറഞ്ഞു. ക്ഷേത്രത്തിലിന്ന് ധാരാളം ഹിന്ദു ആരാധകര്‍ എത്തുന്നുണ്ടെങ്കിലും, നേരത്തെ ഇതിന് വ്യത്യസ്തമായ സ്വത്വമുണ്ടായിരുന്നുവെന്ന് പ്രദേശത്തെ ആദിവാസികള്‍ വിശദീകരിച്ചു.
ദിയോരി മന്ദിറിന് മുമ്പ് ദിയോരി ദിരി ഉണ്ടായിരുന്നുവെന്ന് ക്ഷേത്രത്തിലെ ഒരു ആദിവാസി പുരോഹിതന്‍ രാം സിംഗ് മുണ്ട പറഞ്ഞു, അദ്ദേഹത്തിന്റെ കുടുംബം നിരവധി തലമുറകളായി ഈ ക്ഷേത്രത്തില്‍ പൂജാരിമാരായി ജോലി ചെയ്യുന്നു. ഇത് ആദിവാസികള്‍ക്ക് പവിത്രമായ സ്ഥലമായിരുന്നു. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആരെയും തടയുക എന്നതല്ല ഞങ്ങളുടെ ഉദ്ദേശമെന്ന് സമുദായ നേതാവായ സര്‍ദാര്‍ വ്യക്തമാക്കി.
സെപ്തംബര്‍ എട്ടിന് രാധാകൃഷ്ണ മുണ്ട, പൂര്‍ണചന്ദ്ര മുണ്ട എന്നീ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. കലാപം, അന്യായമായി സംഘം ചേരല്‍, വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് 17 പ്രദേശവാസികള്‍ക്കും പേരുവെളിപ്പെടുത്താത്ത 100 പേര്‍ക്കുമെതിരെ ക്രേസും രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ നാലിന് ഇരുവര്‍ക്കും ജാമ്യം ലഭിച്ചു. ക്ഷേത്രത്തെച്ചൊല്ലിയുള്ള സംഘര്‍ഷം പ്രാദേശിക സംഭവമാണെങ്കിലും, ഭൂമി, സ്വത്വം, സംസ്‌കാരം തുടങ്ങിയ പ്രശ്നങ്ങളെച്ചൊല്ലി ആദിവാസി-ആദിവാസി ഇതര സമുദായങ്ങള്‍ക്കിടയില്‍ ഈ മേഖലയിലെ ആഴത്തിലുള്ള ഭിന്നിപ്പാണ് ഇത് വെളിപ്പെടുത്തുന്നത്.
സെപ്തംബര്‍ 29 ന് ഡിയോറിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള തോരാങ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ ഇത് പ്രകടമായിരുന്നു, ക്ഷേത്രത്തിന് മേല്‍ ഡിയോറിയുടെ ആദിവാസികളുടെ അവകാശത്തെ പിന്തുണച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആദിവാസി ഗ്രൂപ്പുകള്‍ ഒത്തുകൂടി. വേദിയിലെത്തിയ പല പ്രഭാഷകരും ആദിവാസികള്‍ ഹിന്ദുക്കളല്ലെന്ന പ്രഖ്യാപനത്തോടെയാണ് അവര്‍ പ്രസംഗം അവസാനിപ്പിച്ചത്.
ആദിവാസികള്‍ക്കായുള്ള വ്യതിരിക്തമായ സര്‍ന മത കോഡിനായുള്ള പോരാട്ടവുമായി ഈ സംഘര്‍ഷത്തിന് ബന്ധമുണ്ടെന്ന് സര്‍ന ധര്‍മ്മ നേതാവ് ബന്ധന്‍ ടിഗ്ഗ പറഞ്ഞു. 'ആദിവാസികളെ ഹിന്ദുക്കളാക്കി മാറ്റാന്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു. നമ്മുടെ ആചാരങ്ങളും ജീവിതരീതികളും ഹിന്ദുക്കളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. നമ്മള്‍ പ്രകൃതിയെ ആരാധിക്കുമ്പോള്‍ അവര്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നു'. ഡിയോറി ഒഴികെ, റാഞ്ചിയിലെ പഹാഡി മന്ദിര്‍, ഗിരിദിഹിലെ പരസ്‌നാഥ് ക്ഷേത്രം, ബെറോയിലെ മുര്‍ഹാദ് ദേവാലയം എന്നിങ്ങനെ സര്‍നയും മറ്റ് സമുദായങ്ങളും തമ്മില്‍ ഉടമസ്ഥ അവകാശവാദങ്ങളുടെ പേരില്‍ തര്‍ക്കങ്ങളുണ്ട്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള സംഘര്‍ഷം
ദിയോരി ദിരി - 'ദിരി' എന്നാല്‍ മുണ്ടരിയിലെ കല്ല് എന്നാണ് അര്‍ത്ഥമാക്കുന്നത് - സംസ്ഥാന തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ, ജംഷഡ്പൂരുമായി ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് ജനകീയമാക്കുന്നതില്‍ പങ്കുവഹിച്ച മുന്‍ ഇന്ത്യന്‍ ടീം ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണി ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് ഓരോ വര്‍ഷവും ഇവിടെ സന്ദര്‍ശിക്കുന്നത്. 2011ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയിത്, ധോണി ഡിയോറിയില്‍ പ്രാര്‍ത്ഥിച്ചതുകൊണ്ടാണെന്ന് പലരും വിശ്വസിക്കുന്നു, സര്‍ദാര്‍ പറഞ്ഞു.
പ്രാദേശിക ഐതിഹ്യമനുസരിച്ച്, ഒരു നൂറ്റാണ്ട് മുമ്പ് വരെ, ക്ഷേത്ര ശ്രീകോവിലില്‍ ആദിവാസികള്‍ ആരാധിച്ചിരുന്ന ഒരു കല്ല് അല്ലെങ്കില്‍ ദേവറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ താമാര്‍ പ്രദേശത്തെ ഒരു പ്രത്യേക ഹിന്ദു രാജാവ് ഒരു ബ്രാഹ്‌മണ പുരോഹിതനെ അല്ലെങ്കില്‍ പാണ്ഡയെ കൊണ്ടുവന്നതോടെ ക്ഷേത്രത്തിന്റെ സ്വഭാവം മാറാന്‍ തുടങ്ങി. ഇതിനുശേഷം, ഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പതിവായി വരാന്‍ തുടങ്ങി, ഈ കല്ല് ദുര്‍ഗ്ഗാ ദേവിയുടെ 16 കൈകളുള്ള പ്രതിമയില്‍ കൊത്തിയെടുത്തു, ഇന്നും എല്ലാ സന്ദര്‍ശകരും ആരാധിക്കുന്ന വിഗ്രഹമാണിത്.
കാലക്രമേണ നാട്ടുകാര്‍ക്കിടയില്‍ സംഘര്‍ഷം ഉടലെടുത്തു. പതിറ്റാണ്ടുകളായി ഈ സംഘര്‍ഷം നിലനില്‍ക്കുകയാണെന്ന് ദിയോരി ഗ്രാമസഭ അംഗം സന്ദീപ് മുണ്ട പറഞ്ഞു. 'ഏകദേശം 30-40 വര്‍ഷം മുമ്പ്, ചെറിയ കുട്ടിയായിരുന്നപ്പോള്‍ എന്റെ പിതാവുമൊത്ത് ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പ്രകടനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചുകാലമായി, വിവിധ വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത സമയങ്ങള്‍ അനുവദിച്ചുകൊണ്ട് സംഘര്‍ഷം ഇല്ലാതാക്കാന്‍ ഭരണകൂടം ശ്രമിച്ചു. 1984-ല്‍ ടമറിലെ സര്‍ക്കിള്‍ ഓഫീസറായിരുന്ന സീതാറാം ബാരി , ലോക്തന്ത്ര 19 എന്ന ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍, ചൊവ്വാഴ്ച മാത്രം പാണ്ഡകള്‍ക്ക് ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി ഉത്തരവിട്ടതായി വിവരിച്ചു. എന്നിരുന്നാലും, കാലക്രമേണ പാണ്ഡകളുടെ എണ്ണം വര്‍ദ്ധിച്ചു, അവര്‍ ആരാധനയും തുടങ്ങി.
'ധോണി ക്ഷേത്രം ജനകീയമാക്കിയത് മുതല്‍, ഹിന്ദു ഭക്തരുടെ എണ്ണവും വര്‍ദ്ധിച്ചു. പതിവായി ക്ഷേത്രം സന്ദര്‍ശിക്കുന്നവരും സമ്പത്തും വിഭവങ്ങളും ആദിവാസികളെക്കാള്‍ വളരെ കൂടുതലുമാണ് മറ്റുള്ളവര്‍ ' റാഞ്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ലോക്തന്ത്ര 19 ജേണലിസ്റ്റ് സുനിത മുണ്ട പറഞ്ഞു. ഭൂമിയുടെ മേലുള്ള ആദിവാസികളുടെ അവകാശത്തിന്റെ ലംഘനമാണ് ഇതെന്ന് പല നാട്ടുകാരും പറയുന്നു. ഈ സ്ഥലം ആദിവാസികളുടേതാണെന്നും മുണ്ടരി കുന്ത്കട്ടി ഭൂമി സമ്പ്രദായത്തിന് കീഴിലാണെന്നും അവര്‍ അവകാശപ്പെടുന്നു, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളും അവരുടെ പക്കലുണ്ട്.
1906ലെ ഭൂമി സര്‍വേയില്‍ നിന്നുള്ള രേഖകള്‍ പ്രദേശവാസികളുടെ പക്കലുണ്ട്, ഈ ഭൂമി ഖുന്ത്കട്ടി ഉടമസ്ഥതയിലാണെന്ന് തെളിയിക്കുന്നു. എന്നാല്‍ സര്‍വേയില്‍ ക്ഷേത്രം നിലകൊള്ളുന്ന ഭൂമി ക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്ന ഹിന്ദു പുരോഹിതനായ ചമ്രു പാണ്ഡയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിന്നീട് 1932-ല്‍ നടത്തിയ ഭൂമി സര്‍വേയില്‍, ചമ്രു പാണ്ഡയുടെ രജിസ്‌ട്രേഷന്‍ മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂ.
'1906 ലെ ഭൂരേഖകള്‍ ഇത് ഖുന്ത്ഖട്ടി ഭൂമിയാണെന്ന് വ്യക്തമായി കാണിക്കുന്നു, എന്നാല്‍ ഭൂമിയും ഒരു പാണ്ടയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്,' സര്‍ദാര്‍ പറഞ്ഞു. ബിര്‍സ മുണ്ടയുടെ കലാപത്തിന് മറുപടിയായി ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ നിയമപ്രകാരം ഗോത്രവര്‍ഗക്കാരുടെ ഭൂമി സംരക്ഷിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ ആദിവാസികളല്ലാത്തവര്‍ക്ക് ആദിവാസി ഭൂമി വില്‍ക്കുന്നത് തടയുന്നു. സന്താല്‍ പര്‍ഗാന ഡിവിഷനില്‍ ഒഴികെ, ജാര്‍ഖണ്ഡിലുടനീളം ഇത് പ്രാബല്യത്തില്‍ തുടരുന്നു.
'ആദിവാസികള്‍ക്ക് ഇതിന്റെ വ്യക്തമായ വിവരങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുണ്ട്, ഖുന്ത്ഖട്ടി ഭൂമി കൈമാറ്റം ചെയ്യാവുന്നതല്ലെങ്കില്‍, എന്ത് അടിസ്ഥാനത്തിലാണ് പാണ്ടയുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തത്?' സര്‍ദാര്‍ ചോദിച്ചു. ഖുന്ത്കട്ടി അവകാശം ആദ്യമായി കൈവശം വച്ചിരുന്നവരുടെ പിന്‍ഗാമികള്‍, ഈ ഭൂമിക്ക് മേലുള്ള പാണ്ടയുടെ യഥാര്‍ത്ഥ അവകാശവാദത്തെ 2021ല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു.
അതേസമയം, 2020 ല്‍, ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഒരു ട്രസ്റ്റ് ഭരണസമിതി രൂപീകരിച്ചു. എന്നാല്‍ ഈ നീക്കം ആദിവാസി അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് സര്‍ദാര്‍ വാദിച്ചു. പ്രദേശം അഞ്ചാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നതിനാല്‍ പ്രാദേശിക ഗ്രാമസഭയുടെ സമ്മതമില്ലാതെ ട്രസ്റ്റ് രൂപീകരിക്കാന്‍ പാടില്ലായിരുന്നെന്ന് അദ്ദേഹം വാദിച്ചു. 1996-ല്‍ പാര്‍ലമെന്റ് പാസാക്കിയ പഞ്ചായത്ത് (പട്ടികയിലുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കല്‍) നിയമം അനുസരിച്ച്, അഞ്ചാം ഷെഡ്യൂളിന് കീഴിലുള്ള പ്രദേശങ്ങളിലെ ഗ്രാമസഭകള്‍ക്ക് ഭൂപരിപാലന കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ അധികാരമുണ്ട്.
ഈ അവകാശങ്ങള്‍ ഭരണകൂടം ലംഘിച്ചതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. 2020 അവസാനത്തോടെ, കോവിഡ് മഹാമാരി സമയത്ത്, പ്രാദേശിക ഭരണകൂടത്തിലെ അംഗങ്ങള്‍ ആദിവാസികളായ നാട്ടുകാരെ സമീപിക്കുകയും ക്ഷേത്രത്തിന്റെ താക്കോല്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് ദിയോറി നിവാസിയായ കിരണ്‍ മുണ്ട ആരോപിച്ചു. 'ഞങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു ഗ്രാമസഭാ യോഗം നടത്താമെന്നും അത് അവര്‍ക്ക് നല്‍കാമെന്നും അവരോട് പറഞ്ഞു,' അവര്‍ പറഞ്ഞു.
തുടര്‍ന്ന്, ഈ വ്യക്തികള്‍ പരിസരത്തിന്റെ നിയന്ത്രണം കൈക്കലാക്കുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു. 'ഞങ്ങള്‍ പണിത ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അതിന് ശേഷം അവര്‍ പ്രവേശന കവാടം അടച്ചു, സംഭാവന പെട്ടിയില്‍ നിന്ന് പണം നീക്കം ചെയ്തു, ഞങ്ങളുടെ പൂട്ട് തകര്‍ത്ത് അവരുടെ സ്വന്തം പൂട്ട് സ്ഥാപിച്ചു', നാട്ടുകാര്‍ ആരോപിച്ചു. ആദിവാസികളുടെയും ദളിതരുടെയും ക്ഷേത്രങ്ങള്‍ ബ്രാഹ്‌മണര്‍ ആസൂത്രിതമായി കൈക്കലാക്കുന്നതിന്റെ ക്ലാസിക് ഉദാഹരണമാണിതെന്നും കേരളത്തിലേതടക്കം പല ക്ഷേത്രങ്ങളും ഇത്തരത്തില്‍ കൈക്കലാക്കിയതാണെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്.
#JharkhandTemple #TribalRights #CulturalConflict #CommunityStruggle #ReligiousDispute #MSDhoni