Criticism | ഗോവിന്ദൻ മാഷേ, ഇത്ര 'കടുത്ത ശിക്ഷ' വേണ്ടിയിരുന്നില്ല; എല്ലാം ശരിയാക്കി, ജനങ്ങളെ വിഡ്ഢികളാക്കി!

 
Controversy over MV Govindan's Response to ADGP Removal
Controversy over MV Govindan's Response to ADGP Removal

Photo Credit: Facebook/ MV Govindan Master

● അജിത് കുമാറിനെതിരെ കടുത്ത നടപടി വേണമായിരുന്നുവെന്ന് ആവശ്യം.
● സിപിഎം നേതൃത്വത്തെ വിമർശിച്ച് സോഷ്യൽ മീഡിയ..
● എൽഡിഎഫ് ഘടകകക്ഷികൾക്കും അമർഷമെന്ന് സൂചന. 

സോണി കല്ലറയ്ക്കൽ

(KVARTHA) 'മയിൽ പീലിയിൽ എണ്ണ മുക്കി ബാലഗോപാലനെ എണ്ണ തേച്ചു കുളിപ്പിക്കുന്ന അമ്മയുടെ കരുതൽ. ആർഎസ്എസു മായിട്ടുള്ള കോംപ്രമൈസിന്റെ ഭാഗമായിട്ടാണ് വകുപ്പ് മാറ്റത്തിൽ ഒതുങ്ങി പോയത് എന്നതിൽ ആർക്കും സംശയവും കാണില്ല. അരുതേ, ഗോവിന്ദൻ മാഷെ, വർഗീയ വാദികളുമായി ചേർന്ന് ഒരു നാടിന്റെ സമാധാനം തകർക്കാൻ ശ്രമിച്ച എഡിജിപിയേ ഇത്ര ക്രൂരമായി ശിക്ഷിച്ചു പോലീസ് സേനയുടെ മനോവീര്യം തകർക്കരുതേ', സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന പരിഹാസങ്ങളാണിത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാഷിൻ്റെ ഒരു പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 

എഡിജിപി എംആർ അജിത് കുമാറിനെ മാറ്റിയതിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചത്. സർക്കാർ വാക്കു പാലിച്ചുവെന്നും എഡിജിപിക്കെതിരെ നടപടി എടുത്തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നടപടിക്ക് കാരണമെന്താണെന്ന് രാഷ്ട്രീയം അറിയുന്നവർക്ക് മനസിലാവുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു. കെടി ജലീലിൻ്റെ സ്വർണക്കടത്ത് പരാമർശത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല. എന്നാൽ കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാൻ സമുദായ നേതാക്കൾക്ക് ബാധ്യതയുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

ചേലക്കരയിലും പാലക്കാടും സിപിഎമ്മിന് ബിജെപിയുമായി അഡ്ജസ്റ്റ്മെന്റ് ഉണ്ടെന്ന പിവി അൻവറിന്റെ പരാമർശം എംവി ഗോവിന്ദൻ തള്ളിക്കള‍ഞ്ഞു. ശുദ്ധ അസംബന്ധമാണിതെന്നായിരുന്നു പ്രതികരണം. ശുദ്ധ അസംബന്ധങ്ങൾക്ക് മറുപടിയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഗോവിന്ദൻ മാഷ് ഇത് പറയുമ്പോഴും  വൻ പ്രതിഷേധത്തിനു ഒടുവിൽ എഡിജിപി എംആർ അജിത് കുമാറിനെ പേരിനു മാത്രം മാറ്റിയതിലുള്ള വിവാദം കൊഴുക്കുകയാണ്. സി.പി.എം അണികളുടെ ഇടയിൽ പോലും വൻ എതിർപ്പുണ്ടെന്നത് സോഷ്യൽ മീഡിയയിൽ വരുന്ന കമൻ്റുകൾ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. 

എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനും സായുധ ബറ്റാലിയന്റെ ചുമതല നിലനിർത്താനും ഫയലിൽ എഴുതിയ ശേഷം മുഖ്യമന്ത്രി അത് പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. എഡിജിപിയെ മാറ്റിയ രീതിയിൽ എൽ‍ഡിഎഫ് ഘടകകക്ഷികൾക്കും അതൃപ്തിയുണ്ടെന്നാണ് പറയുന്നത്. 'എന്തു വാക്ക് പാലിച്ചു, പാവം ജനങ്ങളുടെ കണ്ണിൽ പൊടി വാരി ഇടല്ലേ സാറേ. ഞങ്ങളും ചോറ് തന്നെയാണ് തിന്നുന്നത്', ഇത് സംബന്ധിച്ച് ഗോവിന്ദൻ മാഷിൻ്റെ പ്രസ്താവന വന്നശേഷം പൊതുജനം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച വാക്കുകളാണ് ഇത്. 

ലോകത്ത് തകർന്നടിഞ്ഞ സാമ്രാജ്യങ്ങളുടെയും രാജ്യങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ അവസാന കാലഘട്ടത്തിൽ മന്ദബുദ്ധികളോ മണ്ടന്മാരോ സുഖലോലുപരോ അഴിമതി വീരന്മാരോ ഒക്കെയാകും ആ സാമ്രാജ്യങ്ങൾക്കും രാജ്യങ്ങൾക്കും ഒക്കെ നേതൃത്വം നൽകിയിരുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ചരിത്രം ഇവിടെയും  ആവർത്തിക്കുകയാണ് എന്ന് പറയേണ്ടി വരും. എന്തായാലും ശരി മാഷേ. ഇടതുപക്ഷ സർക്കാരിന്റെ പ്രകടന പത്രികയിലെ ഒന്നാമത്തെ വാക്ക് പാലിച്ചു. അത് സത്യമാണ്. എല്ലാം ശരിയാക്കി. ജനങ്ങളെ വിഢികളാക്കി!

കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെ കളിയാക്കുകയാണോ സർക്കാരും പാർട്ടിയും? ഇതുമായി ബന്ധപ്പെട്ട് ഒരാൾ സാമൂഹ്യ മാധ്യമത്തിൽ പ്രതികരിച്ചത് ഇങ്ങനെ: 'കമ്മ്യൂണിസ്റ്റ്ക്കാരാ നിങ്ങളോട് പറയാനുള്ളത് ഒരു കാര്യം മാത്രം, ഉളുപ്പ്, അത് അങ്ങാടിയിൽ വാങ്ങാൻ കിട്ടില്ല എന്നാണ്. എഡിജിപി അജിത് കുമാറിനെ ആ സ്ഥാനത്ത് നിന്നും എന്തിനു മാറ്റി എന്ന് പറയാനുള്ള നട്ടെല്ല് എന്തുകൊണ്ടാണ് പിണറായിക്ക് ഇല്ലാതെ പോയത്? ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിലാണ് ഈ നടപടി എന്ന് ഇപ്പോൾ ഇറക്കിയ ഉത്തരവിൽ പറയാത്തിടത്തോളം കാലം അജിത് കുമാർ പിണറായിക്ക് വേണ്ടിയാണ് ആർഎസ്എസിനെ കണ്ടത് എന്ന് തന്നെയായിരിക്കും പൊതുസമൂഹം വിശ്വസിക്കുക. അജിത് കുമാർ എന്ന വിദ്യാർത്ഥിയെ 10 എയിൽ നിന്ന് 10 സിയിലേക്ക് മാറ്റി. അത്രയും സംഭവിച്ചിട്ടുള്ളു ഇവിടെ'.

ചുമതല മാറ്റി കൊടുക്കൽ ശിക്ഷാ നടപടി അല്ല. ഭരണസംവിധാനത്തിലെ സ്വാഭാവിക പ്രക്രിയ മാത്രം. ക്രമസമാധാന ചുമതലയിൽ നിന്നും നീക്കാൻ കാരണം സർവീസിലെ കുറ്റകൃത്യങ്ങൾ കൊണ്ടാണങ്കിൽ സസ്പെൻഷൻ എന്ന ഒരു ചെറിയ നടപടി സ്വീകരിക്കാൻ നട്ടെല്ലു കാണിക്കണമായിരുന്നു. ഇത് ഒരു സംരക്ഷിക്കലാണ്. ആർഎസ്എസി നെ സുഖിപ്പിക്കലാണ്. സംഘികൾക്ക് കൊടുത്ത വാക്ക് പാലിക്കലാണ് എന്നാണ് ഉയരുന്ന ആക്ഷേപം.

#KeralaPolitics #EDGPRemoval #MVGovindan #Corruption #BJP #CPM

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia