Criticism | മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വി ഡി സതീശന്റെ പ്രസ്താവനക്കെതിരെ വിവിധ സംഘടനകളുടെ രംഗപ്രവേശം
● മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നതിന് വ്യക്തമായ രേഖയുണ്ട്. 1971 ല്‍ കോടതി അത് കൃത്യമായി പറഞ്ഞതാണ്.
● രേഖകള്‍ ഭൂമി വഖഫാണെന്ന് സംസാരിക്കുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ അതിനെതിരെ സംസാരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
● വഖഫ് ഭൂമി മത നിയമപ്രകാരം സംരക്ഷിക്കുന്നതില്‍ ഫാറൂഖ് കോളജ് കമ്മറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്.
തിരുവനന്തപുരം: (KVARTHA) മുനമ്പം വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രസ്താവനക്കെതിരെ വിവിധ സംഘടനകൾ രംഗത്ത്. മുനമ്പത്തെ ഭൂമി വഖഫ് ഭൂമി തന്നെയാണെന്നും, അല്ലെന്ന തരത്തിലുള്ള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ശുദ്ധ അസംബന്ധവും അബദ്ധജഡിലവുമാണെന്നും സമസ്‌ത കാന്തപുരം വിഭാഗത്തിന്റെ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. മതനിയമങ്ങള്‍ അറിവില്ലാത്ത രാഷ്ട്രീയ നേതാക്കള്‍ വിശദീകരിക്കരുതെന്നും, മത നിയമങ്ങളില്‍ ഇടപെടുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും മുസ്ലിം ജമാഅത്ത് കുറ്റപ്പെടുത്തി.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നതിന് വ്യക്തമായ രേഖയുണ്ട്. 1971 ല്‍ കോടതി അത് കൃത്യമായി പറഞ്ഞതാണ്. 2115 / 1950 നമ്പര്‍ ആധാരപ്രകാരം മുഹമ്മദ് സിദ്ദീഖ് സേട്ട് ഫാറൂഖ് കോളജിന് നല്‍കിയത് വഖഫ് ആയിട്ടാണ്. കേരള വഖഫ് ബോര്‍ഡും ഇത് അംഗീകരിച്ചതാണ്. രേഖകള്‍ ഭൂമി വഖഫാണെന്ന് സംസാരിക്കുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ അതിനെതിരെ സംസാരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കൃത്യമായി പഠിക്കാതെ മതകാര്യങ്ങള്‍ പറയുന്നത് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിന് യോജിച്ചതല്ലെന്നും കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികൾ പറഞ്ഞു.
വഖഫ് ഭൂമി മത നിയമപ്രകാരം സംരക്ഷിക്കുന്നതില്‍ ഫാറൂഖ് കോളജ് കമ്മറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. വഖഫ് ഭൂമി വില്‍ക്കാന്‍ പാടില്ലെന്ന മത നിയമവും വഖഫ് ആക്ടും ലംഘിച്ചതാരാണെന്ന് കണ്ടുപിടിച്ച് അവര്‍ക്കെതിരെ നിയമപ്രകാരമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കണം. കഥയറിയാതെ സ്ഥലം വാങ്ങി വഞ്ചിതരായവരെ കണ്ടെത്തി പുനരധിവാസത്തിന് നേതൃത്വം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിനായുള്ള എല്ലാ ശ്രമങ്ങള്‍ക്കും കേരള മുസ്ലിം ജമാഅത്തിന്റെ പിന്തുണയുണ്ടാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
യോഗത്തില്‍ സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, എന്‍. അലി അബ്ദുല്ല, സി.പി. സൈതലവി, മജീദ് കക്കാട്, മുസ്തഫ കോഡൂര്‍ , സുലൈമാന്‍ സഖാഫി മാളിയേക്കല്‍ എന്നിവര്‍ പങ്കെടുത്തു.
വി ഡി സതീശന്റെ പ്രസ്‌താവനക്കെതിരെ കേരള വഖഫ് പ്രൊട്ടക്ഷൻ കൗൺസിലും രൂക്ഷ വിമർശനം ഉയർത്തി. പ്രസ്‌താവന പ്രകോപനപരവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണന്ന് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കളും ഇരട്ട റോളുകൾ എടുക്കേണ്ടതില്ല. നിയമം പറയാൻ കോടതിയും വിശ്വാസ കാര്യങ്ങൾ പറയാൻ മതപണ്ഡിതന്മാരുമുണ്ട്. മുനമ്പത്തെ ഭൂമി 1950ൽ ഫറൂഖ് കോളജിന് ആധാരം ചെയ്‌ത് നൽകുമ്പോൾ അവിടെ താമസക്കാർ ആരും ഉണ്ടായിരുന്നില്ലന്നുള്ളതിന് വിവിധ കോടതി ഉത്തരവുകൾ പോലും തെളിവാണ്.
1955കൾ മുതലാണ് ഇവിടെ കൈയേറ്റം ആരംഭിച്ചതെന്നും 1962 ലെ പറവൂർ കോടതി മുതൽ 1975ലെ ഹൈക്കോടതി ഉത്തരവുകൾ വരെ സാക്ഷ്യപ്പെടുത്തുന്നു. ഫറൂഖ് കോളജിന് വിൽപ്പന നടത്താൻ അധികാരമില്ലാത്ത വഖഫ് ഭൂമി അനധികൃതമായി വിൽപ്പന നടത്തിയതിന് കോളജ് മാനേജ്‌മെൻ്റിനെതിരേ ഭൂമി നൽകിയ ഉടമയുടെ അനന്തരവകാശികളും, സംസ്ഥാന വഖഫ് ബോർഡും നൽകിയ കേസുകളും കോടതിയുടെ പരിഗണനയിലാണ്. ഈ ഘട്ടത്തിൽ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി സമൂഹത്തിൽ സ്‌പർദയുണ്ടാക്കും വിധമുള്ള പ്രസ്താവനകൾ നടത്തുന്നത് ഖേദകരമാണ്.
മുനമ്പത്ത് മാത്രമല്ല, രാജ്യത്ത് വിവിധയിടങ്ങളിൽ, മുസ്‌ലിം വ്യക്തികളുടെ സ്വകാര്യ ആവശ്യങ്ങൾക്ക് പോലും വഖഫ് സ്വത്ത് കൈയേറിയിട്ടുണ്ട്.ഇത് കണ്ടെത്താനും സമൂഹത്തിലെ അധ:സ്ഥിതിക വിഭാഗങ്ങൾക്ക് പൊതുവായി ഉപകാരപ്പെടും വിധത്തിൽ നിയമനടപടികളിലൂടെ തിരിച്ചു പിടിക്കുമെന്നും കൗൺസിൽ വ്യക്തമാക്കി. യോഗത്തിൽ പ്രസിഡൻ്റ് അഹമ്മദ് ഷരീഫ് പുത്തൻപുരയിൽ, അംഗങ്ങളായ അഡ്വ. എം എം അലിയാർ മുവാറ്റുപുഴ, സജിത്ത് ബാബു, അഡ്വ.ഹാഷിം അഡ്വ.എ.ഇ അലിയാർ, ടി.എ മുജീബ്, സുന്നാജാൻ, ടി എ സിയാദ് സംബന്ധിച്ചു.
മുനമ്പം വഖ്‌ഫ് ഭൂമി വിഷയത്തിൽ വിധി പറയാൻ വി ഡി സതീശനെ മുസ്ലിം സമുദായം ഖാസിയാക്കിയിട്ടില്ലെന്ന് എസ്‌ഡിപിഐ വിമർശിച്ചു. ഭൂമി വഖ്ഫ് അല്ലെന്ന് സ്ഥാപിക്കാൻ സതീശൻ ഉയർത്തിയ മൂന്ന് വാദവും നിരർത്ഥകമാണ്. തൻ്റെ സ്വത്ത് വഖ്‌ഫ് ചെയ്യുന്നു എന്ന് വ്യക്തമാക്കി സിദ്ദീഖ് സേട്ട് നൽകിയതിൻ്റെ രേഖ നിലനിൽക്കേ അതിലെ സാങ്കേതികത ചൂണ്ടിക്കാണിച്ചു കൊണ്ട് വഖ്ഫ് അല്ലെന്ന് പറയുന്നത് നുണയാണ്.
ഇത്തരം സാങ്കേതിക പിഴവുകൾ ഉയർത്തി കാണിച്ചു കൊണ്ട് എം വി പോളിനെ പോലുള്ള കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ള വ്യക്തികളും സ്ഥാപനങ്ങളും വഖ്ഫ് സ്വത്ത് കയ്യേറ്റം ചെയ്യും എന്ന് മനസിലാക്കിയാണ് വിൽപന നടത്തിയാലും വഖ്‌ഫ് ഭൂമി വഖ്‌ഫ് ആയി തന്നെ നിലനിൽക്കുമെന്ന നിയമ ഭേദഗതി 1995 ൽ പാർലമെൻ്റ് പാസാക്കിയത്. അത്തരത്തിൽ സംഭവങ്ങളിൽ കയ്യേറ്റക്കാർ ഉയർത്തുന്ന വാദം തന്നെയാണ് സതീശൻ പറയുന്നത്. മാത്രമല്ല മുനമ്പത്തെ ഭൂമി വഖ്ഫ് ആണെന്ന കോടതി പരാമർശങ്ങളെ കൂടി പുച്ഛിക്കുകയാണ് സതീശൻ.
മുനമ്പത്തെ കുടുംബങ്ങളെ ഇറക്കി വിടണമെന്ന് ഒരു മുസ്‌ലിം സംഘടനയും പാർട്ടികളും ആവശ്യപ്പെട്ടിട്ടില്ല. പ്രശ്‌നം ശാശ്വതവും രമ്യവുമായി പരിഹരിക്കണമെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ സ്വരമാണ്. അത്തരം ഒരു സാഹചര്യത്തിൽ ഭൂമി വഖ്ഫ് അല്ലെന്ന് സ്ഥാപിക്കാനുള്ള സതീശന്റെ ശ്രമത്തിൽ നിഗൂഡതയുണ്ട്. ഏറ്റവും നല്ല പരിഹാരമായ ജൂഡിഷ്യൽ അന്വേഷണ കമ്മീഷൻ റിപോർട്ട് വരുന്നത് വരേ ക്ഷമിക്കുന്നതിനു പകരം വിഷയം വഖ്ഫ് അല്ലെന്ന് സ്ഥാപിച്ചു കൊണ്ട് പത്തു മിനുട്ട് കൊണ്ട് പ്രശ്‌നം തീർക്കാമെന്ന നിലപാട് അപകടമാണ്. വഖ്‌ഫ്ട്രിബ്യുണലിനും കോടതികൾക്കും മുകളിൽ സതീശനെ ആരും സ്ഥാപിച്ചിട്ടില്ലെന്ന് സതീശൻ മനസിലാക്കുന്നത് നല്ലതാണെന്നും എസ്ഡിപിഐ വ്യക്തമാക്കി.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും ഇതിൻ്റെ പേരിൽ രാഷ്ട്രീയമോ മതമോ കലർത്തി വിദ്വേഷം പടർത്താൻ ആരെയും അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരപ്പന്തലിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ മനസ്സുവെച്ചാൽ ഇപ്പോഴും 10 മിനിറ്റുകൊണ്ട് പ്രശ്‌നം പരിഹരിക്കാൻ കഴിയും. മുനമ്പത്ത് കുടിയിറക്കൽ ഒരുകാരണവശാലും അനുവദിക്കില്ല. വിഷയം ഏറ്റവും എളുപ്പത്തിൽ പരിഹരിക്കാനുള്ള മാർഗങ്ങളാണ് യുഡിഎഫ്. തേടിയത്. ആളുകൾ താമസിക്കുന്നതും നിബന്ധനകൾ ഉള്ളതും പണം വാങ്ങി വിറ്റതുമായ ഭൂമി വഖഫ് ഭൂമിയല്ല. ഈ മൂന്നു കാരണങ്ങൾ കൊണ്ടുതന്നെ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പട്ടിരുന്നു. ഇതിനെതിരെയാണ് വിവിധ സംഘടനകൾ രംഗത്തെത്തിയത്.
#WaqfControversy, #VDSatheesan, #KeralaPolitics, #ReligiousLaws, #WaqfLand, #PoliticalDebate