Controversy | അൻവറിസം പാർട്ടിയാകുമോ? പ്രതിരോധ തന്ത്രം മെനഞ്ഞ് സിപിഎം

 
 Controversy over MLA PV Anvar's Allegations
 Controversy over MLA PV Anvar's Allegations

Photo Credit: Facebook/ PV ANVAR

● ആരോപണങ്ങൾ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി
● മാഫിയബന്ധവും സംഘ്പരിവാർ വിധേയത്വവും ആരോപണങ്ങൾ
● പി ശശിയെ മാറ്റാനിടയില്ല 

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കുമറിയില്ലെന്ന് വർഷങ്ങൾക്ക് മുൻപ് പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇപ്പോൾ പറയുന്നത് മറ്റൊരാളോടാണ്. നിലമ്പൂർ എം.എൽ.എ പി.വി അൻവറാണ് ആ കഥാപാത്രം. രണ്ടുതവണ എംഎൽഎയായി പാർട്ടി സഹയാത്രികനായി കൂടെ സഞ്ചരിച്ച അൻവർ ഇപ്പോൾ സി.പി.എമ്മിന് അനഭിമതനായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അൻവർ നൽകിയ പരാതികളും വെളിപ്പെടുത്തലുകളും സർക്കാരിന് തന്നെ തലവേദനയായി മാറിയിരുന്നു. സംസ്ഥാനത്തിൻ്റെ ക്രമസമാധാന ചുമതലയുളള എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം അൻവറിൽ നിന്നും രഹസ്യമായി കൈമാറി ലഭിച്ചതാണെന്ന് പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കുട്ടിൽ നിർത്തുന്ന വിധത്തിൽ ഭരണകക്ഷി എംഎൽഎ തന്നെ കത്തി കയറിയപ്പോൾ മുഖം രക്ഷിക്കാൻ അൻവർ പരസ്യ വിമർശനം നടത്തിയ മലപ്പുറം എസ്.പിയെയും ജില്ലയിലെ മുഴുവൻ ഡി.വൈ.എസ്പിമാരെയും ആഭ്യന്തര വകുപ്പിന് സ്ഥലം മാറ്റേണ്ടി വന്നു. മലപ്പുറം എസ് പി ക്യാംപ് ഓഫീസിൽ നടന്ന മരം കൊള്ള വിവാദങ്ങളിൽ നിന്നും തന്നെ രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി അൻവറിനെ ഫോണിൽ വിളിച്ചു സഹായമഭ്യർത്ഥിച്ച പത്തനംതിട്ട എസ്പി സുജിത്ത് ദാസ് പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ പരസ്യപ്പെടുത്തിയ അൻവർ സ്വയം വാരി കുഴിയിൽ ചാടിയ അയാളുടെ വിക്കറ്റും തെറിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻമാർക്കെതിരെ അൻവർ മാഫിയബന്ധവും സംഘ്പരിവാർ വിധേയത്വവും ആരോപിച്ചു രംഗത്തുവന്നത് സി.പി.എമ്മിൻ്റെ ന്യൂനപക്ഷ അനുകൂല നിലപാടുകളെ പോറലേൽപ്പിക്കുന്നതായി മാറി. പ്രതിപക്ഷം പലപ്പോഴായി കിണഞ്ഞു ശ്രമിച്ചിട്ടും സാധ്യമാകാത്ത കാര്യം ഒരു ഭരണകക്ഷി എം.എൽ.എതന്നെ സാധിച്ചു കൊടുത്തുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സി.പി.എം ന്യൂനപക്ഷത്തിന് എതിരാണെന്നും സംഘ്പരിവാർ അനുകുലികൾ ഭരണം നിയന്ത്രിക്കുകയാണെന്ന ആരോപണം അങ്ങേയറ്റം രാഷ്ട്രീയ പ്രഹരശേഷി കൂടിയുള്ളതാണ്. 

മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തനും പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശിക്കെതിരെ അൻവർ നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പവർ ഗ്രൂപ്പിന് നേതുത്വം നൽകുന്നുവെന്ന ആരോപണം ഉയർത്തിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്വർണ കൊള്ളക്കടത്തിനും കൊലപാതകത്തിനും നേതൃത്വം നൽകുന്ന ഒരു മാഫിയ തലവനാണെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുമായി ചേർന്നുള്ള പവർ ഗ്രൂപ്പാണ് കേരളാ പൊലീസിനെ ഭരിക്കുന്നതെന്നായിരുന്നു അൻവറിൻ്റെ ആരോപണം. 

മുഖ്യമന്ത്രിയെ നേരിൽ രണ്ട് തൻ്റെ ആരോപണങ്ങളുടെ പകർപ്പ് നൽകിയ അൻവർ ഇനിയെല്ലാം മുഖ്യമന്ത്രിയും സർക്കാരും ചെയ്യേണ്ടതാണെന്ന് പറഞ്ഞു കയ്യൊഴിയുകയും ചെയ്തു. എന്നാൽ അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് പിന്നീട് നടന്ന എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. എ.ഡി.ജി.പിക്കെതിരെയോ ശശിക്കെതിരെയോ യാതൊരു തെളിവുകളും നൽകിയിട്ടില്ല അതുകൊണ്ടുതന്നെ ബലമുള്ളരേഖകളില്ലാത്ത ആരോപണങ്ങളുടെ പേരിൽ 
ആർക്കെതിരെയും നടപടിയെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി എതിർ നിലപാട് സ്വീകരിച്ചു. 

ഇതോടെയാണ് അൻവർ ഗിയർ മാറ്റി തുടങ്ങിയത്. പ്രതൃക്ഷത്തിൽ മുഖ്യമന്ത്രിയെയും പാർട്ടിയെയും എതിർക്കുന്നില്ലെങ്കിലും സർക്കാരിൽ പുഴുക്കുത്തുകളുണ്ടെന്ന വിമർശനം തുടർന്നത് പ്രതിപക്ഷത്തിന് നല്ലൊരു വടിയായി മാറി. ആർ.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ നടത്തിയ എ.ഡി.ജി.പിയെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് എൽ.ഡി.എഫ് ഘടകകക്ഷികളായ സി.പി ഐയും ആർജെഡിയും രംഗത്തുവന്നതോടെ രാഷ്ട്രീയവിവാദങ്ങളും ഉടലെടുത്തു.

അൻവർ പുതിയ പാർട്ടിയുണ്ടാക്കുമോ?

ഒട്ടേറെ നിയമലംഘനങ്ങൾക്കും സോഷ്യൽ മീഡിയയിലൂടെയുള്ള അപക്വമായ പ്രതികരണങ്ങൾക്കും വിമർശനത്തിന് വിധേയനായ പി.വി അൻവറിന് സി.പി.എം അണികളിൽപ്പോലും സ്വീകാര്യത ഏറി വരുന്നത് പുതിയ രാഷ്ട്രീയ ചലനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കോൺഗ്രസും മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമൊക്കെ അൻവർ പറയുന്ന കാര്യങ്ങൾ ശരിവയ്ക്കുന്നവരാണ്. മുസ്ലിം ലീഗ് അണികൾ ആവേശത്തോടെയാണ് അൻവറിനെ സോഷ്യൽ മീഡിയയിൽ പിൻതുണയ്ക്കുന്നത്. പാർട്ടിയിൽ പാണക്കാട് തങ്ങൾക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കും ലഭിക്കുന്ന അതേ സ്വീകാര്യത അൻവർക്ക് ലഭിക്കുന്നത് ചെറിയ കാര്യമല്ല. 

ഈ സാഹചര്യത്തിലാണ് മുൻ മന്ത്രിയായ കെ.ടി ജലീലിൻ്റെ കലവറയില്ലാത്ത പിൻതുണ അൻവറിന് ലഭിക്കുന്നത്. ഉദ്യോഗസ്ഥ അഴിമതിക്കെതിരെ അൻവർ നടത്തുന്ന പോരാട്ടങ്ങൾക്ക് സോഷ്യൽ മീഡിയയിലുടെ മാത്രമല്ല നേരിട്ടും ജലീൽ പിൻതുണ നൽകുന്നുണ്ട്. മുൻ എംഎൽഎ കാരാട്ട് റസാഖും മന്ത്രി വി. അബ്ദുറഹിമാനും അൻവറിനെ പിൻതുണയ്ക്കുന്നവരാണ്. ഇവരൊക്കെ ചേർന്ന് അൻവറിൻ്റെ നേതൃത്വത്തിൽ ഒരു പാർട്ടി രൂപീകരിക്കാനുള്ള സാദ്ധ്യതയും തെളിഞ്ഞു വരുന്നുണ്ട്. 

നിലമ്പൂരിൽ രണ്ടു ടേംമത്സരിച്ച അൻവറിന് ഇനി സി.പി.എം സീറ്റുകൊടുക്കില്ലെന്ന കാര്യം ഉറപ്പാണ്. ജലീലും കാരാട്ട് റസാഖും മത്സരിക്കാൻ താൽപര്യമുള്ളവരാണെങ്കിലും സി.പി.എം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവരെയും പരിഗണിച്ചേക്കില്ല സ്വന്തം പാർട്ടി രുപീകരിച്ചു യു.ഡി.എഫിൻ്റെ ഭാഗമായി മത്സരിച്ചാൽ നിയമസഭയിലെത്താൻ കഴിയുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.

ഉരുക്കു മുഷ്ടി കൊണ്ടു നേരിടുമോ?

വേലി ചാടുന്ന പശുവിനെ ഒരു മുഴം മുൻപേ എറിഞ്ഞു വീഴ്ത്തുന്ന ശൈലി സി.പി.എമ്മിനുണ്ട് അതുകൊണ്ടുതന്നെ അൻവറിനെതിരെയുള്ള കേസുകൾ കുത്തിപ്പൊക്കാനുള്ള നീക്കങ്ങളാണ്, പാർട്ടിയും സർക്കാരും വരും നാളുകളിൽനടത്തുകയെന്നും ചിലർ പറയുന്നു. ഇതിനായി അൻവറിൻ്റെ അനധികൃത തടയണ നിർമ്മാണ ആരോപണം, വാട്ടർ തീം പാർക്ക് ആരോപണം തുടങ്ങിയവ കുത്തിപ്പൊക്കി കൊണ്ടുവന്നേക്കാം. ഇതോടെ അൻവർ പ്രതിരോധത്തിലാവുമെന്നാണ് കണക്കുകൂട്ടൽ. 

സർക്കാരിന് സംഘ് പരിവാറുമായുള്ള രഹസ്യബന്ധത്തെ കുറിച്ചുള്ള ആരോപണങ്ങൾ രാഷ്ട്രീയ പരമായി നേരിടനാണ് സി.പി.എം നീക്കം. പൊളിറ്റിക്കൽ ഇസ്ലാമിനെ കുറിച്ചുള്ള ചർച്ചകൾ പി ജയരാജൻ്റെ നേതൃത്വത്തിൽ സി.പി.എം ചർച്ചയാക്കുന്നത് അൻവറിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങളിലൊന്നായാണ്. മതരാഷ്ട്ര വാദികളെന്ന് മുദ്രകുത്തി ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലർ ഫ്രണ്ടിനെയും വിമർശിക്കുന്ന പി ജയരാജൻ ദാഇശിലേക്ക് യുവാക്കൾ ചേക്കേറിയിരുന്നുവെന്ന അതീവ ഗുരുതരമായ ആരോപണമാണ് താനെഴുതുന്ന പുസ്തകത്തിലൂടെ ഉന്നയിക്കുന്നത്. 

പൊളിറ്റിക്കൽ ഇസ്ലാമെന്ന ആശയം വീണ്ടും കേരള രാഷ്രീടിയത്തിൽ സജീവമാകുന്നതോടെ സംഘ് പരിവാറിനെ മാത്രമല്ല ഇസ്ലാമികതീവ്രവാദത്തെയും ഒരേ പോലെ എതിർക്കുന്ന പാർട്ടിയാണ് തങ്ങളെന്ന് വരുത്തി തീർക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇതു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അകന്നുപോയ ഭൂരിപക്ഷ വോട്ടുകളെ തിരിച്ചെത്തിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

പി ശശിയെ തൊടാനാവുമോ?

പി ശശിക്കെതിരെ പി.വി അൻവർ പരാതി നൽകിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തനെ പൊലീസ് ഉദ്യോഗസ്ഥരെപ്പോലെ തൽസ്ഥാനത്തു നിന്നും മാറ്റാൻ സി.പി.എം തയ്യാറാകില്ലെന്നാണ് പുറത്തുവരുന്ന സൂചന. ആരോപണങ്ങൾക്ക് തെളിവില്ലാത്ത സാഹചര്യത്തിൽ പി ശശിയെ മാറ്റിയാൽ അതു മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെടുമോയെന്ന ആശങ്ക സി.പി.എം സംസ്ഥാന നേതൃത്വത്തിനുണ്ട്. മാത്രമല്ല മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയെ നിയോഗിച്ചത് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റാണ്. 

സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ശശിയെ മാറ്റണമെങ്കിൽ സംസ്ഥാന കമ്മിറ്റി യോഗത്തിൻ്റെ അംഗീകാരം കൂടി വേണം. എല്ലാറ്റിനും ഉപരിയായി പി ശശിക്കെതിരെയുള്ള ആരോപണങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന വാദവും പാർട്ടിക്കുള്ളിൽ ഉയർന്നുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പാർട്ടി സഹയാത്രികനായ അൻവറിനെ തള്ളി പറഞ്ഞു കൊണ്ടു പാർട്ടിക്കാരനായ ശശിയെ ചേർത്തുപിടിച്ചു സംരക്ഷിക്കാനാണ് സി.പി.എം തീരുമാനം. ഇതോടെ  അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുകയും പാർട്ടി എതിരാളിയെന്ന നിലയിൽ പ്രതിരോധിക്കുകയും ചെയ്തേക്കാം.

#KeralaPolitics #Corruption #PVAnvar #CMOffice #PowerStruggle

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia