Controversy | കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തതിൽ തെറ്റില്ലെന്ന് എംവി ജയരാജൻ; ടി പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയും സ്വർണക്കടത്ത് കേസിലെ പ്രതി ആകാശ് തില്ലങ്കേരിയും വീട്ടിലെത്തി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ശ്രീജിത്തിന്റെ ഗൃഹപ്രവേശന ചടങ്ങാണ് നടന്നത്.
● ബിജെപി പ്രവർത്തകൻ നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്
● എംവി ജയരാജൻ, പി ജയരാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തലശേരി: (KVARTHA) ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലെ പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കൾ കൂട്ടത്തോടെ എത്തിയത് വിവാദമായി. കഴിഞ്ഞ ദിവസം തലശേരി വടക്കുമ്പാട്ടെ ശ്രീജിത്തിൻ്റെ ഗൃഹപ്രവേശന ചടങ്ങിലാണ് സിപിഎം നേതാക്കൾ എത്തിയത്. എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് ന്യായീകരണവുമായി കണ്ണൂരിലെ നേതൃത്വം രംഗത്തെത്തി. പങ്കെടുത്തതിൽ തെറ്റില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

വിവാഹത്തിനും ഗൃഹപ്രവേശനത്തിനുമൊക്കെ ക്ഷണിച്ചാൽ പോവുകയെന്നത് ഔചിത്യപൂർണമായ കാര്യമാണ്. കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരും മനുഷ്യരാണ്. അവർക്കും കുടുംബവും മാതാപിതാക്കളുമുണ്ട്. ഇതു വിവാദമാക്കുന്ന ഒരു കേസിൽപ്പെട്ട് നോക്കണം. ഗൃഹപ്രവേശനത്തിന് ക്ഷണിച്ചത് ശ്രീജിത്തിൻ്റെ അച്ഛനാണെന്നും ജയരാജൻ പറഞ്ഞു.
കൊടി സുനിക്ക് പരോൾ ലഭിക്കാൻ അർഹതയുണ്ടായിട്ടും ലഭിക്കാത്തതിനെ തുടർന്നാണ് അമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. അഞ്ചര വർഷമായി ജയിലിൽ കഴിയുന്നതിനാൽ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നാണ് കമ്മീഷൻ പറഞ്ഞത്. പരോൾ ലഭിച്ചത് ഇതിൻ്റെ അടിസ്ഥാനത്തിലാണെന്നും എ .വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
2008 ൽ തലശേരി വടക്കുമ്പാട് വെച്ച് ബിജെപി പ്രവർത്തകനായ നിഖിലിനെ ലോറിയിൽ നിന്നും വലിച്ചിറക്കി വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് ശ്രീജിത്ത്. മാസങ്ങൾക്ക് മുൻപാണ് ഇയാൾ ഉൾപ്പെടെയുള്ള അഞ്ച് പ്രതികളെ തലശേരി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വീടിൻ്റെ ഗൃഹപ്രവേശന ചടങ്ങിനായി പിന്നീട് ഇയാൾ പരോളിലിറങ്ങുകയായിരുന്നു. എംവി ജയരാജനെ കൂടാതെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ തുടങ്ങിയവരും പ്രാദേശിക നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
കാരായി രാജൻ, ടിപി കേസ് പ്രതി ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. സിപിഎമ്മിന്റെ പ്രധാനപ്പെട്ട നേതാക്കൾ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദമായത്.
#CPM #MurderCase #KeralaPolitics #Controversy #Kannur #MVJayarajan