Criticism | 'മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അധിക്ഷേപകരമായ പരാമർശം'; സാമൂഹ്യ മാധ്യമങ്ങളിൽ താരമായ പ്രഭാഷകന് സിപിഐ ശാസന

 
VK Sureshbabu during the controversial interview on Kannur Vision Channel.
VK Sureshbabu during the controversial interview on Kannur Vision Channel.

Photo: Arranged

● വി.കെ സുരേഷ് ബാബുവിനെതിരെ സി.പി.ഐ ജില്ലാ കൗൺസിലിൽ വിമർശനം.
● കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗവുമാണ്. 
● ഇത്തരം പ്രതികരണങ്ങൾ ഇനിയുണ്ടാവരുതെന്ന് നിർദേശം.

കണ്ണൂർ: (KVARTHA) ചാനൽ അഭിമുഖത്തിൽ മരണമടഞ്ഞയാളെ ഇകഴ്ത്തി സംസാരിച്ച സോഷ്യൽ മീഡിയയിൽ താരമായ സാംസ്കാരിക പ്രഭാഷകന് സിപിഐ കണ്ണൂർ ജില്ലാ കൗൺസിലിൻ്റെ പരസ്യ ശാസന. മുൻ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആത്മഹത്യ പ്രേരണാ കുറ്റത്തിന് പ്രതിചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ ന്യായീകരിച്ചതിനാണ്  സിപിഐ നേതാവിനെതിരെ ജില്ലാ എക്സിക്യൂട്ടിവിൽ അതിരൂക്ഷമായവിമർശനം ഉയർന്നത്. 

കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗവും സാംസ്കാരിക പ്രഭാഷകനുമായ വി കെ സുരേഷ്ബാബുവിനെതിരെയാണ് സിപിഐ ജില്ലാ കൗൺസിലിലും സുരേഷ്ബാബു കൂടി പങ്കെടുത്ത എക്സിക്യൂട്ടീവിലും നിശിത വിമർശനമുയർന്നത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലയിൽ പ്രതികരണം നടത്തിയതിന് വി കെ സുരേഷ്ബാബുവിനോട് ഇത്തരം പ്രതികരണങ്ങൾ ഇനിയുണ്ടാവരുതെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് ഏകകണ്ഠമായി ആവശ്യപ്പെട്ടു. ഇത് വി കെ സുരേഷ് ബാബു അംഗീകരിക്കാൻ തയ്യാറായതോടെ വിഷയം അവസാനിപ്പിച്ചു. 

തുടർന്ന് നടന്ന ജില്ലാ കൗൺസിൽ യോഗത്തിലും ചർച്ചയിൽ പങ്കെടുത്ത അംഗങ്ങൾ മുഴുവനും വി കെ സുരേഷ് ബാബുവിന്റെ നടപടിയിൽ നിശിത വിമർശനമാണ് ഉയർത്തിയത്. കണ്ണൂർ വിഷൻ ചാനലിൻ്റെ ബ്യുറോ ചീഫ് മനോജ് മയ്യിലുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ പ്രതികരിക്കവെയാണ് സുരേഷ് ബാബു വിവാദ പരാമർശം നടത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് വീഡിയോയിൽ പകർത്തിയ അതേ ചാനലിൽ തന്നെയാണ് വി കെ സുരേഷ് ബാബുവിന്റെ പ്രതികരണം വന്നത്. 

നവീൻ ബാബുവിന്റെ മരണത്തെക്കാൾ ഭാവി വാഗ്ദാനമായ നല്ല നേതാവിനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റിയതിലൂടെ കേരളത്തിനും ജില്ലയ്ക്കും നഷ്ടമായതെന്നായിരുന്നു സുരേഷ്ബാബു പറഞ്ഞത്. നവീൻ ബാബുവിന്റെ മരണത്തെക്കാൾ’ എന്ന പരാമർശം പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നായിരുന്നു വിമർശനം. സി.പി.എം നേതാക്കൾ പോലും നടത്താത്ത ‘രക്ഷാപ്രവർത്തനം’ നടത്തിയെന്ന രോഷം സി.പി.ഐയുടെ താഴെത്തട്ടു മുതൽ അദ്ദേഹത്തിനു നേരേ ഉയർന്നു. 

മണ്ഡലം കമ്മിറ്റികൾ ശക്തമായി പ്രതിഷേധം ജില്ലാ കൗൺസിലിനെ അറിയിച്ചിരുന്നു. മാർച്ച് ഏഴിനായിരുന്നു ജില്ലാ എക്സിക്യൂട്ടീവും കൗൺസിലും ചേർന്നത്. മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലാകൗൺസിൽ യോഗത്തിൽ സുരേഷ് ബാബു പങ്കെടുത്തിരുന്നില്ല. സോഷ്യൽ മീഡിയയിൽ താരമായ അറിയപ്പെടുന്ന സാംസ്കാരിക പ്രഭാഷകൻ കൂടിയാണ് വി.കെ സുരേഷ് ബാബു. അദ്ദേഹത്തിൻ്റെ പ്രതികരണത്തിനെതിരെ സോഷ്യൽ മീഡിയയിലും അതിരൂക്ഷമായ പ്രതികരണമാണ് ഉയർന്നു വന്നത്. നവീൻ ബാബു സ്ഥലംമാറ്റത്തിനായി സി.പി.ഐയുടെ സർവീസ് സംഘടനയായ ജോയൻ്റ് കൗൺസിലിനെ സമീപിച്ചുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.


CPI's Kannur District Council issues public censure on cultural speaker VK Sureshbabu for controversial comments about the death of former ADM Naveen Babu.

#CPI #Kannur #VK_Sureshbabu #NaveenBabu #SocialMedia #CulturalSpeaker

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia