Media Criticism | മാധ്യമങ്ങളെ പുച്ഛിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും തുടരുന്നു; സുരേഷ് ഗോപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കെ യു ഡബ്ല്യൂ ജെ


● സുരേഷ് ഗോപി മാധ്യമങ്ങളെ പുച്ഛിക്കുന്നത് തുടരുന്നു.
● കെ യു ഡബ്ല്യൂ ജെ ശക്തമായ പ്രതിഷേധം അറിയിച്ചു.
● മന്ത്രിയുടെ പെരുമാറ്റം ജനാധിപത്യ വിരുദ്ധമാണ്.
● മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല
കണ്ണൂർ: (KVARTHA) മാധ്യമങ്ങളെ പുച്ഛിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും തുടരുന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അപഹാസ്യമായ പെരുമാറ്റം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (KUWJ) ഭാരവാഹികൾ രംഗത്തെത്തിയത് ചർച്ചയായി. നേരത്തെയും മാധ്യമങ്ങളോടുള്ള സുരേഷ് ഗോപിയുടെ നിലപാടിനെതിരെ കെ യു ഡബ്ല്യൂ ജെ പ്രതിഷേധം ഉയർത്തിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംഭവം.
ജനങ്ങളെ പ്രജകളായി കാണുന്ന കേന്ദ്രമന്ത്രി ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെയും മൂല്യങ്ങളെയും കുറിച്ച് ഇനിയെങ്കിലും പഠിക്കേണ്ടതുണ്ട്. ജനാധിപത്യം എന്തെന്ന് അറിയുന്ന ഒരു രാഷ്ട്രീയ നേതാവും മാധ്യമങ്ങളെ ഇങ്ങനെ അവഹേളിച്ചു സംസാരിക്കാന്‍ മുതിരില്ല. ഇനിയും തരം താഴരുതെന്ന് മാത്രമേ അദ്ദേഹത്തോട് പറയാനുള്ളൂവെന്നും യുണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സിനിമയിലെ ആക്ഷന്‍ ഹീറോ പരിവേഷത്തിന്റെ കെട്ട് വിടാതെ ജനപ്രതിനിധിയായ സുരേഷ് ഗോപി രാഷ്ട്രീയ കോമാളിയായി അതിവേഗം വേഷപ്പകര്‍ച്ച നടത്തുകയാണ്. മാധ്യമങ്ങളെ പുച്ഛിക്കൽ, മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണി സ്വരത്തില്‍ ആക്രോശിക്കല്‍, അവരെ വിരട്ടാന്‍ ശ്രമിക്കല്‍, തനിക്കിഷ്ടമല്ലാത്ത മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരെ പേരെടുത്ത് പറഞ്ഞ് കളിയാക്കല്‍ അങ്ങനെ ശീലിച്ചു പോന്ന കോമാളിത്തങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിച്ച് മാന്യമായി പെരുമാറാന്‍ അദ്ദേഹം തയ്യാറാകണം.
കേന്ദ്രമന്ത്രിയായിട്ടും പക്വതയാര്‍ജിക്കാനൊ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാനോ കഴിയാത്തത് അദ്ദേഹത്തിന്റെ പൊതുബോധമില്ലായ്മയാണ് വ്യക്തമാക്കുന്നത്. നിങ്ങളാരാ ആരോടാണ് ചോദിക്കുന്നത് ബീ കെയര്‍ഫുള്‍. സൗകര്യമില്ല പറയാന്‍... ഇങ്ങനെയായിരുന്നു ഇന്ന് മന്ത്രിയുടെ കലി. പലതവണ ഇത്തരം ചെയ്തികള്‍ക്കെതിരെ കേരളത്തിലെ ജനാധിപത്യ സമൂഹം മുന്നറിയിപ്പ് നല്‍കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്‌തെങ്കിലും അതൊന്നും മാനിക്കാന്‍ സുരേഷ് ഗോപി തയ്യാറല്ല എന്നാണ് എറണാകുളത്തെ പ്രകടനം വ്യക്തമാക്കുന്നതെന്നും യുണിയന്‍ വ്യക്തമാക്കി.
കൈരളി ടിവിക്കു നേരെ സുരേഷ് ഗോപി നടത്തിയ പരാമര്‍ശങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമാണ്. ജനങ്ങളാണ് എല്ലാറ്റിനും മുകളിലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ആ ജനങ്ങളുടെ കണ്ണും കാതുമായ മാധ്യമങ്ങളെ അവഹേളിക്കുന്നത് ജനത്തോടുള്ള വെല്ലുവിളി തന്നെയാണ്. ഇത്തരം സംസ്‌കാരശൂന്യമായ വാചക കസര്‍ത്ത് അവസാനിപ്പിച്ച് ഉത്തരവാദിത്തമുള്ള കേന്ദ്ര മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാനും സംസാരിക്കാനും ഇനിയെങ്കിലും സുരേഷ് ഗോപി തയ്യാറാകണം. മാധ്യമ ഉടമ കൂടിയായ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ മന്ത്രിയെ ഇക്കാര്യത്തില്‍ തിരുത്താന്‍ തയ്യാറാകണമെന്ന് യൂണിയന്‍ പ്രസിഡന്റ്‌റ് കെ പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kerala Union of Working Journalists (KUWJ) has strongly condemned Union Minister Suresh Gopi's continued disdainful and threatening behavior towards the media. They have urged him to stop his ‘comical’ actions, learn democratic values, and behave with maturity, especially as a central minister. KUWJ also criticized his remarks against Kairali TV and called on the new BJP state president to correct the minister's behavior.
#SureshGopi #KUWJ #MediaFreedom #JournalistProtest #KeralaPolitics #BJP