Concern | പുനർനിർണയം 'ഡെമോക്ലീസിൻ്റെ വാൾ' പോലെ; സ്റ്റാലിൻ്റെ നേതൃത്വത്തിൽ നിർണായക യോഗം


● 'പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കും'
● അതുകൊണ്ടാണ് ഒന്നിച്ച് എതിർക്കുന്നതെന്ന് എം കെ സ്റ്റാലിൻ
● ബി.ജെ.പി സർക്കാരിനെതിരെ വിമർശനവുമായി പിണറായി വിജയൻ
ചെന്നൈ: (KVARTHA) ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ നേതൃത്വത്തിൽ ചെന്നൈയിൽ യോഗം ആരംഭിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ അടക്കം യോഗത്തിൽ 13 പാർട്ടികളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. തൃണമൂൽ, വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കുന്നില്ല.
പുനർനിർണയം ആവശ്യമായി വന്നാൽ നിയമപരമായ പോരാട്ടത്തിനും തയ്യാറാണെന്ന് എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനായാണ് ഈ പോരാട്ടമെന്നും. മണ്ഡല പുനർനിർണയം തെക്കൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കും. അതുകൊണ്ടാണ് ഒന്നിച്ചു എതിർക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. പുനർനിർണയത്തെ എതിർക്കുന്നില്ലെന്നും എന്നാൽ അത് ന്യായമായിരിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.
പുനർനിർണയം 'ഡെമോക്ലീസിൻ്റെ വാൾ' പോലെ തൂങ്ങിക്കിടക്കുകയാണെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഭരണഘടനാ തത്വങ്ങളോ ജനാധിപത്യപരമായ ആവശ്യകതകളോ ഇല്ലാതെയാണ് ബിജെപി സർക്കാർ ഈ വിഷയത്തിൽ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. സെൻസസിന് ശേഷം പുനർനിർണയം നടത്തിയാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ വർധിക്കുകയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കുറയുകയും ചെയ്യും. ഇടുങ്ങിയ രാഷ്ട്രീയ മനോഭാവത്തോടെയാണ് ബി.ജെ.പി. മണ്ഡല പുനർനിർണയം നടത്തുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർ.എസ്.പി. നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പി, കോരള കോൺഗ്രസ് നേതാക്കളായ ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ശിരോമണി അകാലി ദൾ വർക്കിംഗ് പ്രസിഡൻ്റ് ബൽവിന്ദർ സിംഗ് ഭുന്ദർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
A crucial meeting was held in Chennai led by Tamil Nadu CM MK Stalin to discuss the concerns of South Indian states regarding the redetermination of Lok Sabha constituencies. Kerala CM Pinarayi Vijayan and other leaders from 13 parties participated. They expressed concerns that the redetermination could reduce the representation of southern states and emphasized the need for a fair process, threatening legal action if necessary.
#ConstituencyRedetermination #SouthIndianStates #MKStalin #PinarayiVijayan #Federalism #Democracy