Controversy | ഗൂഡാലോചനയും പുസ്തക വിപണിയിലെ മത്സരങ്ങളും; ഇ പി ജയരാജൻ്റെ ആത്മകഥാ വിവാദങ്ങൾക്ക് പിന്നിൽ കളിച്ചതാര്?
● ഇ പി ജയരാജന്റെ ആത്മകഥയ്ക്ക് പിന്നിൽ പാർട്ടി ഗൂഡാലോചനയെന്ന് ആരോപണം.
● എന്തു വാർത്തയും തോന്നും പോലെ കൊടുക്കുന്ന പത്രമല്ല ടൈംസ് ഓഫ് ഇൻഡ്യ.
● ഇ പി ജയരാജൻ്റെ പരാതിയിൽ പ്രസാധക സ്ഥാപനത്തിൻ്റെ ഉടമ രവി ഡി സിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തതിന് പിന്നാലെയാണ് നടപടി.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) ആത്മകഥ വിവാദത്തിൽ തനിക്കെതിരെ ഗൂഡാലോചന നടന്നുവെന്ന് പറയുമ്പോഴും പാർട്ടിയിലെ എതിരാളികളിലേക്ക് വിരൽ ചൂണ്ടാൻ ഇ പി ജയരാജൻ ഇതുവരെ തയ്യാറായിട്ടില്ല. 2025 ഏപ്രിലിൽ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസോടെ തൻ്റെ പാർട്ടി ജീവിതം പ്രായപരിധിയുടെ പശ്ചാത്തലത്തിൽ അവസാനിക്കുന്ന ഇ പിക്ക് വിവാദങ്ങളോടെ ഭരതവാക്യം ചൊല്ലി പിൻവാങ്ങാൻ താൽപ്പര്യമില്ലെന്നാണ് വ്യക്തമാവുന്നത്.
പാർട്ടിയിൽ തനിക്കെതിരെ കട്ടൻ ചായയും പരിപ്പുവടയുമെന്ന ആത്മകഥയുമായി ബന്ധപ്പെട്ട് ഗുഡാലോചന നടന്നുവെന്ന് വിശ്വസിക്കുന്നില്ലെന്ന് പുറമേക്ക് പറയുന്ന ജയരാജൻ എന്നാൽ തനിക്കെതിരെയുള്ള പാർട്ടിക്ക് പുറത്ത് നടന്നുവെന്ന് വിശ്വസിക്കുന്നുണ്ട്. ചേലക്കര ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ദിവസം ആത്മകഥയിലെ പ്രസക്ത ഭാഗങ്ങൾ ടൈംസ് ഓഫ് ഇന്ത്യയെന്ന ദേശീയ ദിനപത്രത്തിലൂടെ പുറത്തുവന്നത് ഡൽഹി കേന്ദ്രീകരിച്ചുള്ള ഗൂഡാലോചനയാണെന്നാണ് ജയരാജൻ്റെ വാദം.
എന്തു വാർത്തയും തോന്നും പോലെ കൊടുക്കുന്ന പത്രമല്ല ടൈംസ് ഓഫ് ഇൻഡ്യ. ദേശീയ ദിനപത്രമായ അവർക്ക് വാർത്തയെത്തിച്ചു കൊടുത്തതിന് പിന്നിൽ വൻകോക്കസ് പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ഇ പിയുടെ നിലപാട്. കമ്യൂണിസ്റ്റ് പാർട്ടി നേതാവായതിനിലാണ് തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നത്. പാർട്ടിക്കെതിരെയുള്ള നീക്കമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തിൻ്റെ പിൻതുണയും ജയരാജൻ തേടുന്നുണ്ട്. തൻ്റെ ആത്മകഥയിലെ ചില ഭാഗങ്ങൾ കെട്ടിച്ചമച്ചതാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുമ്പോഴും താൻ എഴുതിയ ഭാഗങ്ങളും പുറത്തുവന്നിട്ടുണ്ടെന്ന് ജയരാജൻ തുറന്നു പറയുന്നുണ്ട്.
എന്നാൽ തൻ്റെ വിശ്വസ്തരിൽ നിന്നും അതു ചോർന്നുവെന്ന് പറയാൻ തനിക്കു മുൻപിൽ തെളിവുകളൊന്നുമില്ലെന്നു ചൂണ്ടിക്കാട്ടുന്ന ജയരാജൻ പാർട്ടിയിൽ പുതിയ പോർമുഖം തുറക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ ജയരാജൻ്റെ ആത്മകഥാ വിവാദത്തിൽ വൻകിട പ്രസാധക കമ്പനിയെന്ന തങ്ങളുടെ വിശ്വാസ്യത കളഞ്ഞു കുളിച്ചിരിക്കുകയാണ് രവി ഡി.സിയും ഡി.സി ബുക്സും. വിൽപ്പനയ്ക്കായി എന്തു നെറികെട്ട പ്രവൃത്തിയും ചെയ്യുമെന്ന കരിനിഴലാണ് ഡി.സിയുടെ മേൽ പതിഞ്ഞിരിക്കുന്നത്.
ഗ്രന്ഥകർത്താവിൻ്റെ അനുമതിയില്ലാതെ പുസ്തകത്തിൻ്റെ ടൈറ്റിൽ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്നതിനായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട ഡി സിക്കെതിരെ സാംസ്കാരിക നായകരും എഴുത്തുകാരും ചാനൽ ചർച്ചകളിൽ പരസ്യമായി രംഗത്ത് വന്നത് അവരെ പൊതു സമൂഹത്തിന് മുൻപിൽ നാണം കെടുത്തിയിട്ടുണ്ട്. സിപിഎം നേതാവ് ഇ പി ജയരാജൻ്റെ ആത്മകഥാ വിവാദത്തിൽ ഡി.സി ബുക്സിൽ ജീവനക്കാർക്കെതിരെ നടപടിയെടുത്ത് കേസിൽ നിന്നും തലയൂരാനാണ് രവി ഡി. സി ശ്രമിക്കുന്നത്. പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഡി.സി ബുക്സ് സസ്പെൻ്റ് ചെയ്തു കൊണ്ടാണ് അവർ ഇതിനായുള്ള ആദ്യ ചുവട് സ്വീകരിച്ചത്.
ഇ പി ജയരാജൻ്റെ പരാതിയിൽ പ്രസാധക സ്ഥാപനത്തിൻ്റെ ഉടമ രവി ഡി സിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തതിന് പിന്നാലെയാണ് നടപടി. ഇ പി ജയരാജൻ്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ആൾക്കെതിരെയാണ് ഡി സി ബുക്സിൻ്റെ നടപടി. ഇത് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമെന്നാണ് സൂചന.
ഇ പി ജയരാജൻ്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ രവി ഡി സിയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ ഇത് തള്ളി ഡി സി ബുക്‌സ് രംഗത്ത് വന്നിരുന്നു. നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ തങ്ങൾ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളൂവെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായ പ്രകടനം അനുചിതമെന്നും സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക പേജിൽ പങ്കുവച്ച കുറിപ്പിൽ ഡി സി ബുക്സ് വ്യക്തമാക്കിയിരുന്നു.
എന്നാൽ താനുമായി യാതൊരു കരാറിലും ഡി സി ബുക്ക്സ് ഒപ്പുവെച്ചിട്ടില്ലെന്ന ഇ.പി ജയരാജൻ്റെ വെളിപ്പെടുത്തൽ അവർക്ക് തന്നെ അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്. വാക്കാലുള്ള ധാരണപ്രകാരം എങ്ങനെ ഒരു പുസ്തകത്തിൻ്റെ ഉടമസ്ഥതാവകാശം ലഭിക്കുമെന്ന ചോദ്യത്തിന് മറുപടി ഡി.സി ബുക്ക്സിനില്ല. പി ജയരാജൻ്റെ പുസ്തകം മാതൃഭുമി പ്രസിദ്ധീകരിച്ചു ചൂടപ്പം പോലെ വിറ്റതിലുള്ള കൊതിക്കുറവാണ് ഇ.പി ജയരാജൻ്റെ ആത്മകഥ സ്വന്തമാക്കാൻ അവർ ശ്രമിച്ചത്. പുസ്തക വിപണിയിൽ ലാഭം കൊയ്യാനുള്ള മത്സരങ്ങൾക്ക് ഇരയായി മാറുകയായിരുന്നോ ജയരാജനെന്ന ഉന്നത നേതാവെന്ന ചോദ്യവും ആത്മകഥാ വിവാദങ്ങൾക്ക് പിന്നാലെ ഉയരുന്നുണ്ട്.
#EPJayarajan, #AutobiographyControversy, #PublishingScandal, #Conspiracy, #D.C.Books, #KeralaPolitics