Protest | സിപിഎം - സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ മാഫിയ അവിശുദ്ധ ബന്ധം അന്വേഷിക്കണമെന്ന് കോൺഗ്രസ്; കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ ജനകീയ സദസ് നടത്തി


സിപിഎമ്മിന്റെ രണ്ട് നേതാക്കള്‍ക്കെതിരെ മനുതോമസ് ഉന്നയിച്ച ആരോപണം കേരളത്തിലെ നിയമവാഴ്ചയെ ബാധിക്കുന്നതാണെന്ന് അഡ്വ. സണ്ണി ജോസഫ്
കണ്ണൂര്‍: (KVARTHA) സിപിഎമ്മിന്റെ രണ്ട് നേതാക്കള്‍ക്കെതിരെ മനുതോമസ് ഉന്നയിച്ച ആരോപണം കേരളത്തിലെ നിയമവാഴ്ചയെ ബാധിക്കുന്നതാണെന്ന് അഡ്വ. സണ്ണിജോസഫ് എം എല്‍എ. ഈ വിഷയത്തില്‍ നിയമസഭയില്‍ പോലും അഭിപ്രായം നിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാരില്‍ നിന്നുണ്ടായത്. ജനങ്ങള്‍ എത്ര താക്കീത് ചെയ്താലും തിരുത്തില്ലെന്ന സിപിഎമ്മിന്റെ സമീപനം പാര്‍ട്ടിയെ സര്‍വ നാശത്തിലെത്തിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
സിപിഎം - സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ മാഫിയകളുടെ അവിശുദ്ധ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ജനകീയ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോള്‍ കള്ളക്കടത്തുകാര്‍ക്ക് കൂട്ട് നില്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത് സിപിഎം പാര്‍ട്ടിയും ക്വട്ടേഷന്‍ സംഘവും ഉള്‍പ്പെടെയുള്ള ബന്ധം തെളിയിക്കുന്നതാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയം ഗൗരവതരമാണെന്നും ഇതേ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും പകരം ആകാശ് തില്ലങ്കേരിയെയും അര്‍ജ്ജുന്‍ ആയങ്കിയെയും ടി പി കേസ് പ്രതികളേയും പോലുള്ള ക്രിമിനലുകള്‍ മനുതോമസ് ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി ഇറങ്ങിത്തിരിച്ചത് ആ പാര്‍ട്ടിയുടെ അധ:പതനമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജന. സെക്രട്ടറി പി എം നിയാസ്, സജീവ് ജോസഫ് എം എൽ എ, വി എ നാരായണൻ, പി ടി മാത്യു, സജീവ് മാറോളി, ടി ഒ മോഹനൻ, ചന്ദ്രൻ തില്ലങ്കേരി, കെ സി മുഹമ്മദ് ഫൈസൽ, ഡോ. കെ വി ഫിലോമിന ടീച്ചർ, എം പി ഉണ്ണികൃഷ്ണൻ, റിജിൽ മാക്കുറ്റി, വി വി പുരുഷോത്തമൻ, രാജീവൻ എളയാവൂർ, സുദീപ് ജയിംസ്, മുഹമ്മദ് ബ്ലാത്തൂർ, ശ്രീജ മഠത്തിൽ, മുഹമ്മദ് ഷമ്മാസ്, ടി ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.