Announcement | ഈ തീരുമാനം മുമ്പേ എടുത്തിരുന്നെങ്കിൽ കെ വി തോമസ് പോയപ്പോൾ വിഷമിക്കേണ്ടായിരുന്നു! പ്രതിപക്ഷ നേതാവിൻ്റെ ഓണറേറിയം പ്രഖ്യാപനം യാഥാർഥ്യമാകുമോ?
കോൺഗ്രസ് പാർട്ടിയിൽ പുതിയ ധനസമാഹരണ മാർഗം, സിപിഎമ്മിന്റെ മാതൃക
മിന്റാ മരിയ തോമസ്
(KVARTHA) സിപിഎമ്മിന്റെ മാതൃക തന്നെ ഈ പറഞ്ഞത്. ഇത് എത്ര ശതമാനം കോൺഗ്രസിൽ വിജയിക്കും എന്നതാണ് നോക്കി കാണേണ്ടത്. സെമി കേഡർ പോലെ പറഞ്ഞാൽ ഉടൻ അനുസരിക്കുന്ന നേതാക്കളും അണികളും തന്നെ കോൺഗ്രസുകാർ. ശരിക്കും എല്ലാവരും ഇത് കേട്ടാൽ കുറച്ച് വിശ്വസിക്കും. കോൺഗ്രസുകാരന്റെ കൈയ്യിൽ നിന്ന് കിട്ടിയത് തന്നെ. പിടിച്ചെടുത്ത കാശിന്റെ കണക്കു വെക്കാൻ പറഞ്ഞാൽ നടക്കില്ലാത്ത ഒരേ ഒരു പാർട്ടിയാണ് കോൺഗ്രസ് എന്ന് ഓർക്കണം.
എം.എൽ.എ ഓണറേറിയത്തിൻ്റെ വിഹിതം
ഇപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഒരു പ്രസ്താവനയാണ് ചർച്ചയാകുന്നത്. അദ്ദേഹം പറഞ്ഞിരിക്കുന്നു എം എൽ എ ഓണറേറിയത്തിൻ്റെ ഒരു വിഹിതം ഇനി മുതൽ പാർട്ടിക്ക് നൽകുമെന്ന്. കൊച്ചിയിൽ ജോർജ് ഈഡൻ അനുസ്മരണ ചടങ്ങിലായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രഖ്യാപനം. എംഎൽഎ ഓണറേറിയത്തിൻ്റെ ഒരു വിഹിതം ഇനി മുതൽ പാർട്ടിക്ക് നൽകുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രഖ്യാപനം നേതാക്കളും പ്രവർത്തകരും കയ്യടിച്ചാണ് സ്വാഗതം ചെയ്തത്.
എം.പി മാരും എം.എൽ.എ മാരും ഓണറേറിയത്തിൻ്റെ ഒരു വിഹിതം പാർട്ടിക്ക് നൽകണമെന്ന നിർദ്ദേശം ചടങ്ങിൽ ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസാണ് മുന്നോട്ടു വച്ചത്. ജോർജ് ഈഡൻ മുമ്പ് ഓണറേറിയത്തിൻ്റെ ഒരു വിഹിതം പാർട്ടിക്ക് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ജനപ്രതിനിധികളാരും പാർട്ടിക്കിത് നൽകുന്നില്ല എന്ന പരിഭവമാണ് മുഹമ്മദ് ഷിയാസ് പങ്കുവച്ചത്. സിപിഐഎം ജനപ്രതിനിധികൾ കൃത്യമായി പാർട്ടിക്ക് ലെവി നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതേ തുടർന്നായിരുന്നു ഈ വിഷയത്തിൽ സ്വന്തം നയം പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്. എന്തായാലും പ്രതിപക്ഷ നേതാവിൻ്റെ ഈ പ്രഖ്യാപനം നല്ലതു തന്നെ. പാർട്ടി കോൺഗ്രസ് ആയതിനാൽ തന്നെ ഇത് എത്രമാത്രം പ്രാബല്യത്തിൽ വരുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിന് കോൺഗ്രസ് നേതാക്കൾക്ക് കഴിയുമോ എന്ന് ചിന്തിക്കുന്നവരും ഏറെയാണ്.
സിപിഐമ്മിന്റെ മാതൃക
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഓരോ പാർട്ടി മെമ്പർമാർ മുതൽ മുതിർന്ന നേതാക്കൾ വരെ വർഷംതോറും പാർട്ടിക്ക് ലെവി കൊടുക്കുന്നുണ്ട്. അത് ഇനി എം.എൽ.എ ആയാലും മന്ത്രി ആയാലും എം.പി ആരായാലും അവരുടെ കഴിവുകൾ അനുസരിച്ചു കൊടുത്തേ പറ്റു. ഇതിന്റെ ഒരു വിഷമം മുൻപ് സി.പി.എം. എം.പി ആയിരുന്ന ഇപ്പോൾ ബി.ജെ.പി നേതാവായ എ.പി അബ്ദുല്ലക്കുട്ടി മുൻപൊരിക്കൽ പറഞ്ഞിട്ടുള്ളതുമാണ്.
ഇതൊക്കെ നേരത്തെ മാതൃക കാണിച്ചു കൊടുത്ത പാർട്ടികളാണ് സിപിഎമ്മും സിപിഐയും എന്ന് മനസ്സിലാക്കുക. എല്ലാ ജനപ്രതിനിധികളും മണ്ഡലം ഭാരവാഹികൾ വരെ പാർട്ടിക്ക് ലെവി കൊടുക്കണം. അങ്ങനെ ഒരു സമ്പ്രദായം കോൺഗ്രസ് പാർട്ടിയിലും നിർബന്ധമാക്കുന്നത് നല്ലതാണ്, ഗുണകരമാണ്. അതിന് എത്രമാത്രം വിജയം കൈവരിക്കാൻ സാധിക്കുമെന്നാണ് കണ്ടറിയേണ്ടത്.
പ്രതിപക്ഷ നേതാവിൻ്റെ ഉത്തരവാദിത്വം
മാത്രമല്ല, ഇതുപോലെയുള്ള തീരുമാനങ്ങൾ കോൺഗ്രസ് പാർട്ടിയിൽ എടുക്കേണ്ടത് പ്രതിപക്ഷ നേതാവ് അല്ല. കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ ആണ്. അദ്ദേഹം ഇതിന് യോജിക്കുമോ എന്നും അറിയേണ്ടിയിരിക്കുന്നു. അദ്ദേഹം കെ.പി.സി.സി പ്രസിഡൻ്റ് മാത്രമല്ല എം.പി-യും ആണെന്ന് ഓർക്കണം. ഈ പറഞ്ഞ രീതി നോക്കുകയാണെങ്കിൽ അദ്ദേഹം എന്ന എം.പി യ്ക്കും ഓണറേറിയത്തിൽ നിന്ന് കൊടുക്കേണ്ടി വരിക സ്വഭാവികം.
ഇത് പാർട്ടിയിൽ ഒരു പ്രശ്നമായി പിന്നീട് മാറരുത്. കാരണം, ഇത് സി.പി.എം അല്ല, കോൺഗ്രസ് ആണ്. അതാണ് പ്രശ്നം. പിന്നെ പ്രതിപക്ഷ നേതാവ് കാര്യമായി ചെയ്യേണ്ട മറ്റൊന്നു കൂടിയുണ്ട്. ഒരു ഫയലും ഒപ്പിടാൻ ഇല്ലാത്ത സതീശന്റെ മുപ്പതോളം സ്റ്റാഫ്, സ്റ്റേറ്റ് കാർ, ഡ്രൈവർ... ആദ്യം ഈ പാഴ്‌ച്ചെലവ് വേണ്ടെന്നു വക്കണം. അങ്ങനെയും മാതൃക കാട്ടണം എന്ന് പ്രതിപക്ഷ നേതാവിനോട് അഭ്യർത്ഥിക്കുന്ന ജനങ്ങൾ പൊതുസമൂഹത്തിലുണ്ടെന്ന കാര്യം വിസ്മരിക്കരുത്.
ഈ പ്രസ്താവന കേട്ടപ്പോൾ പരിഹാസ രൂപേണ പറയുന്ന കാര്യമാണിത്. ഒപ്പം മറ്റൊന്ന് കൂടി ഫലിത രൂപേണ അവർ പറയുന്നു. 'ഇത് നേരത്തെ നടപ്പിലാക്കിയിരുന്നെങ്കിൽ ആ കെ വി തോമസ് പോയപ്പോൾ ഇത്രയും വിഷമം ഉണ്ടാവില്ലായിരുന്നു എന്ന്'. എന്തായാലും ഒരു കാര്യം സത്യം, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് കോൺഗ്രസിന് ഏറെ പഠിക്കാനുണ്ട്. എന്ന് കരുതി കാക്ക കുളിച്ചാൽ കൊക്കാകില്ല.