Criticism | ഹേമ കമ്മീഷൻ റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭമാരംഭിക്കുമെന്ന് കെ സുധാകരൻ
ഇടതുപക്ഷ ബന്ധവുമുള്ള ഒരുപാട് പേരുകൾ റിപോർട്ടിലുണ്ട്, അവരെ രക്ഷിക്കേണ്ടതു കൊണ്ടാണ് നടപടി എടുക്കാത്തതെന്നും കെ സുധാകരൻ
കണ്ണൂർ: (KVARTHA) ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുഴ്ത്തി വെച്ചുവെന്ന് ആരോപിച്ച് അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. രാഷ്ട്രീയ കൊടിയുടെ നിറം നോക്കിയാണ് സർക്കാർ സ്ത്രീ പീഡന പരാതിയുള്ളവർക്കെതിരെ നടപടി എടുക്കാതിരിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എം.പി കണ്ണൂരിൽ ആരോപിച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹേമാ കമ്മിഷൻ റിപ്പോർട്ടിൽ ഉൾപ്പെട്ടവരുടെ പേര് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരം കോൺഗ്രസ് നടത്തും. മുഖം നോക്കിയാണ് കേസ്, മുഖം നോക്കിയാണ് നടപടിയെന്ന് വന്നാൽ ശക്തമായ സമരം നടത്തും. ഇടതുപക്ഷ ബന്ധവുമുള്ള ഒരുപാട് പേരുകൾ റിപോർട്ടിലുണ്ട്. അവരെ രക്ഷിക്കേണ്ടതു കൊണ്ടാണ് നടപടി എടുക്കാത്തതെന്നും കെ സുധാകരൻ പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് സി.പി.എമ്മിനെ ബാധിക്കുന്നുവെന്ന് മുൻകൂർ പരിശോധന നടത്തി. കുറ്റവാളികളിൽ ഏറെയും സി.പി.എം ബന്ധമുള്ളവരാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ കണ്ണൂരുകാരനായ പ്രമുഖനും സമാന ആരോപണം നേരിട്ടയാളാണ്. ഹേമ കമ്മിറ്റിയുടെ സർക്കാർ മറച്ചുവെച്ചിരിക്കുന്ന പേജുകളിൽ ഒരുപാട് വിവരങ്ങളുണ്ട്. യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും സുധാകരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ യു.ടി ജയന്തൻ, സോണി സെബാസ്റ്റ്യൻ, വി.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഷമാ മുഹമ്മദ്, ഡോ. കെ.വി ഫിലോമിന, യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
#HemaCommittee, #CongressProtest, #KPSudhakaran, #PoliticalCriticism, #LegalAction, #CPMInvolvement