Criticism | സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്; ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് എന്തിനെന്ന് കെ സുധാകരന്‍
നമ്മുടെ സമൂഹത്തിലെ വൃത്തികെട്ട ഇത്തരം കാര്യങ്ങള്‍ പരിഹരിക്കുന്നതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കെ സുധാകരന്‍
കണ്ണൂര്‍: (KVARTHA) ഹേമാ കമ്മീഷൻ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. സര്‍ക്കാര്‍ പൂഴ്ത്തിവെച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരന്‍.
ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം അതാണ്. സര്‍ക്കാര്‍ ഇതിന്മറുപടി പറയണം. എന്തിനാണ് ഇത്രയും കാലം ഈ റിപ്പോര്‍ട്ട് സൂക്ഷിച്ചത്. അതിന്റെ വസ്തുനിഷ്ഠമായ ഭാഗം സര്‍ക്കാര്‍ മറച്ചുവെച്ച് സര്‍ക്കാര്‍ പലരെയും സംരക്ഷിക്കാനാണ് ശ്രമിച്ചത്. സിനിമാ മേഖലയില്‍ പലതും സംഭവിക്കുന്നുവെന്ന് കേള്‍ക്കുന്നു. അതിനെ കുറിച്ചു ഞങ്ങള്‍ക്കൊന്നും അറിയില്ല. ഇന്നിപ്പോള്‍ നടി ശാരദയുടെ പ്രതികരണം എല്ലാവരും കേട്ടില്ലേ.
മറ്റു പലയിടങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. കോളേജുകളില്‍, സ്‌കൂളുകളില്‍, സര്‍ക്കാര്‍ ഓഫീസുകളിലും ഫാക്ടറികളിലും മറ്റു തൊഴിലിടങ്ങളിലും ഇത്തരംകാര്യങ്ങള്‍ കാര്യങ്ങള്‍ ചെറിയ തോതില്‍ കേള്‍ക്കുന്നുണ്ട്. അതിന്റെ വസ്തുനിഷ്ഠമായ കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ നിന്നും ഒളിച്ചുവച്ചതു കൊണ്ടു സര്‍ക്കാരിനു നേട്ടമൊന്നുമില്ല. നമ്മുടെ സമൂഹത്തിലെ വൃത്തികെട്ട ഇത്തരം കാര്യങ്ങള്‍ പരിഹരിക്കുന്നതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.
ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതിന് സര്‍ക്കാര്‍ പശ്ചാത്തപിക്കണമെന്നും ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് സര്‍ക്കാര്‍ മാത്രമാണെന്നും കെ സുധാകരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, റിജില്‍ മാക്കുറ്റി തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
#HemaCommission #KeralaPolitics #Corruption #CinemaIndustry #KSudhakaran #PinarayiVijayan