Political Move | നൂറ്റിഅൻപതാം ജന്മവാർഷികത്തിൽ സർദാറിനെ ഓർത്ത് കോൺഗ്രസ്; ബിജെപിയുടെ തന്ത്രം പൊളിയുമോ?


● കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഗുജറാത്തിൽ.
● പട്ടേലിനെ കോൺഗ്രസിൻ്റെ നേതാവായി ഉയർത്തിക്കാട്ടി.
● ബിജെപി പട്ടേലിനെ തട്ടിയെടുക്കാൻ ശ്രമം നടത്തി.
● കോൺഗ്രസ് പ്രമേയം ബിജെപിക്കുള്ള മറുപടി.
● പട്ടേലിൻ്റെ പാരമ്പര്യം കോൺഗ്രസിനെന്ന് സ്ഥാപിക്കാൻ നീക്കം.
ഭാമനാവത്ത്
(KVARTHA) വരുന്ന ഒക്ടോബറിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകരിൽ ഒരാളും ആധുനിക ഇന്ത്യൻ ശിൽപികളിലൊരാളുമായ സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികമാണ്. ഈ സാഹചര്യത്തിലാണ് മഹാത്മാ ഗാന്ധിയുടെയും സർദാർ വല്ലഭായ് പട്ടേലിൻ്റെയും തട്ടകമായ ഗുജറാത്തിൽ എ.ഐ.സി.സി വർക്കിങ് കമ്മിറ്റി സമ്മേളനം ചേരുന്നത്. രാജ്യത്ത് മുഖ്യധാരയിലേക്ക് തിരിച്ചു വരാൻ കിണഞ്ഞു പരിശ്രമിക്കുന്ന കോൺഗ്രസിനെ സംബന്ധിച്ച് നിർണായകമാണ് ഇത്തരം സമ്മേളനങ്ങൾ.
മഹാത്മാ ഗാന്ധിജിയുടെ മാത്രമല്ല സർദാർ വല്ലഭായ് പട്ടേലിൻ്റെ ഓർമ്മകളും തിരിച്ചു പിടിക്കേണ്ടതുണ്ട്. ഗുജറാത്തിൽ മുഖ്യമന്ത്രിയായി തുടങ്ങിയ നരേന്ദ്ര മോദി സർദാർ വല്ലഭായ് പട്ടേലിൻ്റെ ഓർമ്മകളും ചരിത്രവും ഉപയോഗിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി പദവിയിലെത്തിയതെന്ന നിരീക്ഷണവും ദേശീയ രാഷ്ട്രീയത്തിലുണ്ട്. ബി.ജെ.പി ദേശീയതയുടെ മുഖമായി ഉയർത്തി കാണിക്കുന്നത് ഗാന്ധിജിയെയും നെഹ്‌റുവിനെയുമല്ല പട്ടേലിനെയാണ്.
ഇന്ത്യൻ ചരിത്രത്തിലെ ഉരുക്കു മനുഷ്യനെന്ന് വിശേഷിപ്പിക്കുന്ന സർദാർ വല്ലഭായ് പട്ടേലിനെ തങ്ങളുടെ ദേശീയ ധാരയുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും തന്ത്രപരമായി ഉപയോഗിച്ചു വരികയായിരുന്നു സംഘപരിവാർ. ഇതു വൈകിയെങ്കിലും തിരിച്ചറിഞ്ഞാണ് അവർ 'സർദാർ', അഥവാ 'ഞങ്ങളുടെ സർദാർ'; എന്ന ടാഗ് ലൈനിൽ എഐസിസി സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പ്രമേയം പാസാക്കിയത്.
കോൺഗ്രസിന്റെ എക്കാലത്തെയും മികച്ച നേതാവും, സ്വാതന്ത്ര്യ സമരകാലത്തും അല്ലാതെയുമായി അനേകം കോൺഗ്രസുകാരുടെ പ്രചോദനമായിരുന്ന സർദാർ വല്ലഭായ് പട്ടേലിനെ കോൺഗ്രസ് ഇനി വിട്ടുകൊടുക്കില്ലെന്ന സന്ദേശമാണ് ലോകത്തിന് നൽകിയത്. സർദാർ തങ്ങളുടേതാണ്, അതായത് ആ പാരമ്പര്യം കോൺഗ്രസിന്റേതാണെന്നാണ് പ്രമേയത്തിൻ്റെ കാതൽ.
ബിജെപി കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സർദാർ വല്ലഭായ് പട്ടേലിന്റെ പാരമ്പര്യത്തെക്കുറിച്ചും സംഭാവനകളെക്കുറിച്ചും വാചാലരാണ്. മാത്രമല്ല, നെഹ്‌റുവുമായി ഉണ്ടായിരുന്ന സ്വാഭാവിക അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ കോൺഗ്രസ് ചരിത്രത്തിൽ നിന്ന് പട്ടേലിനെ ഒറ്റയ്ക്കൊരു നേതാവായി അടർത്തിയെടുത്ത് പ്രതിഷ്ഠിക്കാൻ ബിജെപി ആവോളം ശ്രമിച്ചിട്ടുമുണ്ട്. ഇതു വൈകിയെങ്കിലും തിരിച്ചറിഞ്ഞാണ് കോൺഗ്രസ് നിർണായകമായ പ്രമേയം പാസാക്കുന്നത്.
സർദാറിൻ്റെ പാരമ്പര്യം ആർക്കും അടിയറവ് വെക്കില്ലെന്ന ആശയം ഉൾക്കൊള്ളുന്ന ആ പ്രമേയം ബിജെപിയുടെ വിഭാഗീയ പദ്ധതികൾക്കുള്ള ഒരു മറുപടിയായിട്ടുകൂടിയാണ് കോൺഗ്രസ് കാണുന്നത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സർദാർ വല്ലഭായ് പട്ടേലിനെ കോൺഗ്രസിനെതിരെ ഉയർത്തിക്കാട്ടി, അതുവഴി പട്ടീദാർ സമുദായത്തിൻ്റെയും ഉള്ളിലേക്ക് ബിജെപി കടന്നുകയറുകയായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞതുമില്ല.
2014 മുതൽക്കെത്തന്നെ സർദാർ വല്ലഭായ് പട്ടേലിനെ എടുത്തുകാട്ടി, കോൺഗ്രസിനെ ആക്രമിക്കുന്ന രീതി ബിജെപി നടത്തിപ്പോരുന്നുണ്ട്. 2014ൽ ആദ്യത്തെ മോദി സർക്കാർ അധികാരമേറ്റപ്പോൾ, പട്ടേലിൻ്റെ ജന്മവാർഷിക ദിനമായ ഒക്ടോബർ 31 ദേശീയ ഏകതാ ദിനമായി പ്രഖ്യാപിച്ചതാണ് ആദ്യപടി. നാട്ടുരാജ്യങ്ങളെയെല്ലാം അനുനയിപ്പിച്ച് ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ മുൻകൈ എടുത്തതിനായിരുന്നു പട്ടേലിൻ്റെ ജന്മദിനം ദേശീയ ഏകതാ ദിനമായി ആചരിക്കപ്പെട്ടത്.
2018ൽ പട്ടേലിൻ്റെ കൂറ്റൻ പ്രതിമയുടെ അനാച്ഛാദനത്തോടെയാണ് ബിജെപി കൂടുതലായി പട്ടേലിലേക്കടുക്കുന്നത്. അതൊരു വലിയ രാഷ്ട്രീയ നീക്കമായിരുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. പട്ടേലിൻ്റെ സ്വന്തം മണ്ണിൽ, വർഷങ്ങളിലായി ഗുജറാത്ത് ഭരിച്ചിട്ടും കോൺഗ്രസിന് ഒന്നും ചെയ്യാൻ സാധിച്ചില്ല എന്ന നരേറ്റിവ് ബിജെപിക്ക് അവിടെ കൊണ്ടുവരാൻ സാധിച്ചു.
മറ്റൊരു പ്രധാന രാഷ്ട്രീയനീക്കം നടന്നത് സോംനാഥ് ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്. പട്ടേൽ ആദ്യകാലങ്ങളിൽ ചെയർമാനായിരുന്ന ശ്രീ സോംനാഥ് ട്രസ്റ്റിൻ്റെ ഇപ്പോഴത്തെ ചെയർമാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ക്ഷേത്രം പുനർനിർമിച്ചതടക്കമുള്ള കാര്യങ്ങളിൽ പട്ടേലിനെ അഭിനന്ദിച്ച മോദി അന്ന് ഒരു കാര്യം കൂടി പറഞ്ഞിരുന്നു, നെഹ്‌റു ഈ ക്ഷേത്രത്തോട് യാതൊരു താത്പര്യവും കാണിച്ചിരുന്നില്ലെന്ന്. യഥാർത്ഥത്തിൽ ബിജെപിയുടെ പദ്ധതിയും അതായിരുന്നു. നെഹ്‌റുവുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന പട്ടേലിനെ ബിജെപി കോൺഗ്രസിനെതിരായ തങ്ങളുടെ ആയുധമാക്കുകയായിരുന്നു. ബിജെപിയുടെ രാഷ്ട്രീയപദ്ധതികൾക്ക് കോൺഗ്രസ് നെഹ്‌റുവിനെ ഉയർത്തിക്കാട്ടി പ്രതിരോധം തീർത്തപ്പോൾ, ബിജെപി ഉയർത്തിക്കൊണ്ടുവന്നത് പട്ടേലിൻ്റെ 'തിരസ്കരണ ചരിത്രമാണ്'. ആ ചരിത്രമാകട്ടെ വ്യർത്ഥവും, ആ ഉദ്ദേശമാകട്ടെ തീർത്തും രാഷ്ട്രീയപ്രേരിതവുമാണ്.
ബിജെപി ഈ ചരിത്രം ജനങ്ങളിലേക്കെത്തിക്കാനായി ഒരു വാട്സ്ആപ്പ് ക്യാമ്പയിൻ തന്നെ ഒരുകാലത്ത് തുടങ്ങിയിരുന്നു. നെഹ്‌റു ഗുജറാത്തിൻ്റെ സ്വന്തം പട്ടേലിനെ തഴഞ്ഞു എന്നും കോൺഗ്രസ് ഒരു കാലത്തും പട്ടേലിന് നീതി നൽകിയിട്ടില്ലെന്നുമാണ് ബിജെപി പ്രചരിപ്പിച്ചത്. പട്ടേലിൻ്റെ മരണശേഷം കോൺഗ്രസ് അദ്ദേഹത്തെ പൂർണമായും മറന്നുവെന്നും ഒരുതരത്തിലും നീതി ലഭിക്കാത്ത ജീവിതമായിരുന്നു പട്ടേലിന് കോൺഗ്രസിൽ ഉണ്ടായിരുന്നുവെന്നും ബിജെപി പറഞ്ഞുപരത്തി.
ഇത്തരത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കോൺഗ്രസിൻ്റെ നെഹ്‌റു, ഗാന്ധി പൊളിറ്റിക്സിന് ഒരു ബദലായിരുന്നു ബിജെപിക്ക് സർദാർ വല്ലഭായ് പട്ടേൽ. എന്നാൽ വ്യർത്ഥമായ കുറച്ച് പ്രസ്താവനകളല്ലാതെ കോൺഗ്രസ് ഈ നീക്കത്തെ കാര്യമായി പ്രതിരോധിക്കാൻ ശ്രമിച്ചിട്ടുമില്ല.
ചരിത്രത്തിൻ്റെ വക്രീകരിച്ച വ്യാഖ്യാനങ്ങൾക്ക് രാജ്യത്തെമ്പാടും വലിയ സ്വീകാര്യത ലഭിക്കുന്ന കാലത്താണ് പട്ടേലിനെ ബിജെപി തങ്ങളിലേക്കടുപ്പിക്കുന്നത്. ഈ കാലത്തെല്ലാം കോൺഗ്രസ് ഏറെക്കുറെ നിശ്ശബ്ദരായിരുന്നു. ഗാന്ധി വധത്തെത്തുടർന്ന് ആർഎസ്എസിനെ നിരോധിച്ച അതേ പട്ടേലിനെയാണ് ആർഎസ്എസ് ഹിന്ദു നേതാവെന്ന് ഇപ്പോൾ വിളിക്കുന്നത്. ആ ആർഎസ്എസിൻ്റെ രാഷ്ട്രീയരൂപമാണ് പട്ടേലിനെ തങ്ങളുടെ ആവശ്യങ്ങൾക്കായി ഏറ്റെടുത്തിരിക്കുന്നത്.
ഗാന്ധിയെയും, നെഹ്‌റുവിനെയും, പട്ടേലിനെയുമെല്ലാം ഒരുകാലത്തിന് ശേഷം മറന്ന, വാർഷികങ്ങളിൽ മാത്രം ഓർമ്മിക്കുന്ന പതിവ് പാർട്ടി പരിപാടികൊണ്ടല്ല ഇത്തരം നീക്കങ്ങൾക്ക് പ്രതിരോധം തീർക്കേണ്ടത്. അതിന് കുറച്ച് കൂടി രാഷ്ട്രീയബോധമുള്ള, ചരിത്രബോധമുളള കോൺഗ്രസ് പാർട്ടി വേണം. പട്ടേലിൻ്റെയും ഗാന്ധിയുടെയും മണ്ണിലെ ഈ സമ്മേളനം, വൈകിയെങ്കിലും, അത്തരമൊരു രാഷ്ട്രീയനീക്കത്തിന് തുടക്കമിടുമോയെന്നതാണ് ചോദ്യം.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
In Gujarat, the Congress Working Committee passed a resolution highlighting Sardar Vallabhbhai Patel as a key leader of their tradition, aiming to reclaim his legacy from the BJP. The article discusses the BJP's decade-long strategic use of Patel and the Congress's belated attempt to counter this by asserting their historical connection with him.
#Congress #BJP #SardarPatel #GujaratPolitics #PoliticalBattle #IndianHistory