ആന്തരിക കലാപത്തിൽ ഉലഞ്ഞ് കോൺഗ്രസ്; വരാനിരിക്കുന്നത് പൊട്ടിത്തെറിയുടെ നാളുകൾ


● എം.പിമാർ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
● കെ.പി.സി.സി പുനഃസംഘടനയിൽ തർക്കം.
● തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിസന്ധി.
● കൊടിക്കുന്നിൽ സുരേഷിനെ അവഗണിച്ചതിൽ പ്രതിഷേധം.
● കെ.മുരളീധരൻ വിമർശനവുമായി രംഗത്ത്.
(KVARTHA) കെ.പി.സി.സി ഭാരവാഹി പുനഃസംഘടനയെ തുടർന്ന് കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോരിന് തീപിടിച്ചിരിക്കുകയാണ്. ഇടഞ്ഞുനിൽക്കുന്ന നേതാക്കൾ തങ്ങളുടെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ സംസ്ഥാന നേതൃത്വം വീണ്ടും കലുഷിതമായി.
എ.ഐ.സി.സി തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചുവെന്നാണ് ഇവരുടെ പ്രധാന പരാതി. ഉന്നത നേതാക്കളുമായി യാതൊരു ചർച്ചയും നടത്താതെയാണ് കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചതെന്നാണ് നേതാക്കളുടെ ആരോപണം.
കെ.പി.സി.സി അധ്യക്ഷനെയും വർക്കിംഗ് പ്രസിഡന്റുമാരെയും മാറ്റിയ എ.ഐ.സി.സി തീരുമാനം ഏകപക്ഷീയമാണെന്ന ഇവരുടെ വാദത്തിൽ വസ്തുതകളുണ്ട്. ഇതാണ് ഹൈക്കമാൻഡിൻ്റെ തീരുമാനത്തിനെതിരെ ആദ്യ ദിവസങ്ങളിൽ ഉണ്ടാകാതിരുന്ന എതിർപ്പുകൾ ഇപ്പോൾ സജീവമാകാൻ കാരണം.
പുതിയ കെ.പി.സി.സി അധ്യക്ഷൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് നാല് എം.പിമാർ വിട്ടുനിന്നതും ഡൽഹി യോഗത്തിൽ നിന്ന് മുരളീധരനും കെ. സുധാകരനും മാറിനിന്നതും തുടക്കം മുതൽ തന്നെ കല്ലുകടിയായി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുന്ന ഘട്ടത്തിൽ സംസ്ഥാനത്തെ കോൺഗ്രസിൽ ഐക്യമുണ്ടാക്കാനുള്ള ഹൈക്കമാൻഡിൻ്റെ നീക്കത്തിൻ്റെ ഭാഗമായാണ് ഡൽഹിയിൽ യോഗം വിളിച്ചുചേർത്തത്. മുൻ കെ.പി.സി.സി അധ്യക്ഷന്മാരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും മുൻകൂട്ടി അസൗകര്യം അറിയിച്ചുവെന്നാണ് വിവരം.
കെ.പി.സി.സി പുനഃസംഘടനയിൽ അഭിപ്രായഭിന്നതയുണ്ടെന്ന് കെ. മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വടകരയിൽ എത്തിയതോടെയാണ് ഷാഫിയുടെ നല്ല കാലം ആരംഭിച്ചതെന്നായിരുന്നു മുരളീധരൻ്റെ അഭിപ്രായം. വടകരയിൽ നിന്ന് മാറ്റി തൃശ്ശൂരിൽ കൊണ്ടുവന്ന് മത്സരിപ്പിച്ചതോടെ ഒന്നും ഇല്ലാതായെന്ന സൂചനയാണ് മുരളിയുടെ പ്രസംഗത്തിലുണ്ടായിരുന്നത്.
ഇടഞ്ഞുനിന്ന കെ. സുധാകരൻ ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ച് കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറായതോടെ എ.ഐ.സി.സി നേതൃത്വവും ആശ്വാസത്തിലായിരുന്നു. കെ.പി.സി.സി അധ്യക്ഷന് ചുമതല കൈമാറുകയും സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തതോടെ തർക്കങ്ങളും പരാതികളും അവസാനിച്ചുവെന്ന തോന്നലുണ്ടായി. എന്നാൽ, അഭിപ്രായഭിന്നതകൾ അവസാനിച്ചുവെന്ന് കരുതിയിരുന്നിടത്തുനിന്നാണ് വീണ്ടും ഭിന്നതയുടെ പുക ഉയരുന്നത്.
പുനഃസംഘടന നടപ്പാക്കുമ്പോൾ സാധാരണ ഉണ്ടാകാറുള്ള എതിർപ്പുകളൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല. കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കുമെന്ന വാർത്തകൾ പുറത്തുവന്ന സന്ദർഭത്തിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും പരസ്യമായ പ്രതിഷേധങ്ങൾ ഉണ്ടായില്ല. തൻ്റെ വിശ്വസ്തനായ സണ്ണി ജോസഫിനെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചതോടെ സുധാകരൻ അഭിപ്രായഭിന്നതകൾ അവസാനിപ്പിച്ചുവെന്നാണ് ഹൈക്കമാൻഡ് കരുതിയിരുന്നത്.
മുതിർന്ന നേതാവും ദീർഘകാലം എം.പി.യുമായ കൊടിക്കുന്നിൽ സുരേഷ് അധ്യക്ഷപദവിയിലേക്ക് പരിഗണിക്കപ്പെടാത്തതിൽ പരിഭവവുമായി രംഗത്തുവന്നെങ്കിലും സാധാരണ കോൺഗ്രസിൽ ഉണ്ടാകാറുള്ള കലാപങ്ങളൊന്നും ആദ്യദിവസം ഉണ്ടായിരുന്നില്ല. ഒരു വിഭാഗം നേതാക്കൾ എതിർപ്പുമായി രംഗത്തുവരുന്നതും പ്രതിഷേധിക്കുന്നതുമൊക്കെയാണ് കോൺഗ്രസിൻ്റെ രീതി.
എന്നാൽ, കെ.പി.സി.സി, ഡി.സി.സി എന്നിവ പുനഃസംഘടിപ്പിക്കാനുള്ള തീരുമാനവുമായി കെ.പി.സി.സി അധ്യക്ഷൻ നീക്കങ്ങൾ തുടങ്ങിയതോടെ ചില നേതാക്കൾ പരസ്യമായി പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും ഉണ്ടായില്ലെന്ന ആരോപണമാണ് ഒരു വിഭാഗം എം.പിമാർ ഉന്നയിക്കുന്നത്.
കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റായിരുന്ന കൊടിക്കുന്നിൽ സുരേഷ് നേരത്തേയും കെ.പി.സി.സി അധ്യക്ഷപദവിയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മത്സരരംഗത്തുനിന്ന് വിട്ടുനിൽക്കുകയാണെന്നും ഇനി സംഘടനാ രംഗത്ത് പ്രവർത്തിക്കാനാണ് താൽപര്യമെന്നും കൊടിക്കുന്നിൽ പറഞ്ഞിരുന്നു. എന്നാൽ, ഹൈക്കമാൻഡ് കൊടിക്കുന്നിലിനെ പരിഗണിക്കാതെ അവഗണിച്ചത് പിന്നോക്കക്കാരനായതുകൊണ്ടാണെന്നാണ് ആരോപണം.
ബെന്നി ബെഹനാൻ, ശശി തരൂർ, എം.കെ. രാഘവൻ, ഡീൻ കുര്യാക്കോസ് എന്നീ എം.പിമാർ കെ.പി.സി.സി ഭാരവാഹികളുടെ സ്ഥാനാരോഹണ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. അധ്യക്ഷനെയും ഉപാധ്യക്ഷന്മാരെയും തീരുമാനിച്ചത് കൂട്ടായ ചർച്ചകളിലൂടെയല്ലെന്നായിരുന്നു ഇവരുടെ പ്രതികരണം. പത്തനംതിട്ട എം.പി. ആൻ്റോ ആൻ്റണിയെ അധ്യക്ഷനാക്കാനായിരുന്നു എ.ഐ.സി.സി തീരുമാനം. അവസാന ഘട്ടത്തിലാണ് സണ്ണി ജോസഫ് എം.എൽ.എയുടെ പേരിലേക്ക് ചർച്ചയെത്തുന്നതും തീരുമാനം പ്രഖ്യാപിക്കുന്നതും അപ്രതീക്ഷിതമായിരുന്നു.
അതേസമയം, കെ.പി.സി.സി അധ്യക്ഷനെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടത്തിയില്ലെന്ന ആരോപണം ശരിയല്ലെന്നാണ് എ.ഐ.സി.സിയുടെ പ്രതികരണം. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എല്ലാ നേതാക്കളുമായും ചർച്ചകൾ നടത്തിയ ശേഷമാണ് നേതൃമാറ്റത്തിലേക്ക് കടന്നതെന്നാണ് വിശദീകരണം.
ഇതിനോടൊപ്പം കെ.പി.സി.സി ജനറൽ സെക്രട്ടറിമാരടക്കമുള്ള ഭാരവാഹികളിൽ ചിലരെ മാറ്റാനുള്ള സാധ്യതയും തെളിയുകയാണ്. സംസ്ഥാന കോൺഗ്രസിന് പുതിയ നേതൃത്വം വന്നതോടെ കെ.പി.സി.സിയിലും ജില്ലാ കോൺഗ്രസ് കമ്മിറ്റികളും പുനഃസംഘടിപ്പിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. ഡി.സി.സി ഭാരവാഹികളെ സംബന്ധിച്ചുള്ള ചർച്ചകളും ഇതിനോടൊപ്പം നടക്കും.
കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് കെ.സി. വേണുഗോപാലിൻ്റെ കൂടി താൽപര്യം സംരക്ഷിച്ചുകൊണ്ട് മാത്രമേ ഭാരവാഹികളുടെ പട്ടിക തയ്യാറാക്കൂവെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. എ ഗ്രൂപ്പ് നേതാക്കൾ നടത്തുന്ന സമ്മർദ്ദത്തിൻ്റെ ലക്ഷ്യവും ഡി.സി.സി പുനഃസംഘടനയാണ്. ഗ്രൂപ്പ് നേതാക്കളെ പിണക്കാതെയുള്ള മാറ്റത്തിനാണ് കെ.പി.സി.സി നേതൃത്വം മുൻഗണന നൽകുന്നത്. ചില ജില്ലകളിലെ അധ്യക്ഷന്മാരെ കെ.പി.സി.സി ഭാരവാഹിയാക്കിയും മറ്റും തർക്കങ്ങളില്ലാതെ പുനഃസംഘടനയുമായി മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം.
എന്നാൽ, ഇതൊക്കെ എത്രമാത്രം പ്രായോഗികമായി നടക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. കേരളത്തിലെ കോൺഗ്രസ് സംഘടനയെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത ദീപാ ദാസ് മുൻഷിയെ കേരളത്തിൻ്റെ ചുമതല ഏൽപ്പിച്ചതാണ് ഏറ്റവും വലിയ തിരിച്ചടിയായി മാറിയത്. തന്നെ ഗൗനിക്കാത്ത കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷപദവിയിൽ നിന്ന് മാറ്റുകയെന്ന ഒരൊറ്റ അജൻഡ മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ.
കേരളത്തിലെ പാർട്ടിയിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന കെ.സി. വേണുഗോപാലിൻ്റെ പിന്തുണയോടെ ദീപാ ദാസ് ഇതിനായുള്ള കരുക്കൾ നീക്കുകയും ചെയ്തു. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും തുടരാൻ അനുവദിക്കണമെന്ന കെ. സുധാകരൻ്റെ ആവശ്യം തള്ളിക്കളഞ്ഞുകൊണ്ട് എത്രയും പെട്ടെന്ന് മറ്റൊരാളെ കണ്ടെത്തണമെന്ന പിടിവാശിയിലായിരുന്നു അവർ. ഇതിനായി രാഹുൽ ഗാന്ധിയെപ്പോലും തെറ്റിദ്ധരിപ്പിക്കാനും കഴിഞ്ഞു.
സംഘടനാ അഴിച്ചുപണിയെക്കുറിച്ച് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ആശയവിനിമയമോ ചർച്ചയോ നടത്താതെ രാഹുൽ ഗാന്ധിയെ നേരിട്ട് ഇടപെടുത്തുകയായിരുന്നു ദീപാ ദാസും കെ.സി. വേണുഗോപാലും. ഏറ്റവും മുതിർന്ന നേതാക്കളെ വരുതിയിലാക്കാനുള്ള തന്ത്രമായിരുന്നു അവർ പയറ്റിയത്. താൽക്കാലികമായി വിജയം കണ്ടുവെങ്കിലും വരുംനാളുകളിൽ കോൺഗ്രസിലുണ്ടാകുന്ന പൊട്ടിത്തെറികൾക്ക് കാരണഭൂത ഈ എ.ഐ.സി.സി ഭാരവാഹി തന്നെയാണ്. കേരളത്തിൽ വന്ന് സംഘടന വളർത്തുകയല്ല, കെട്ടുറപ്പ് തകർക്കുകയാണ് ഇത്തരം അവതാരങ്ങൾ ചെയ്യുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ വാർത്ത പങ്കിടുക.
Article Summary: Internal disputes within the Congress party have resurfaced following the KPCC reshuffle. 1 Leaders express dissatisfaction with the AICC's unilateral decisions, potentially impacting the upcoming local elections.
#KeralaPolitics, #Congress, #KPCC, #InternalDisputes, #PoliticalNews, #LocalElections