

● അജയ് തറയിലിന്റെ ഖദർ വിവാദം ചർച്ചയായി.
● രാഹുൽഗാന്ധിയുടെ വസ്ത്രധാരണ രീതി ചൂണ്ടിക്കാട്ടി യുവനേതാക്കൾ.
● വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് 30% സീറ്റ്.
● ചില മുതിർന്ന നേതാക്കൾക്ക് യുവനേതാക്കളെ ഭയമുണ്ട്.
നവോദിത്ത് ബാബു
(KVARTHA) കഴിഞ്ഞ ദിവസം സമാപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ് കോൺഗ്രസിൽ ഒട്ടേറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. കോൺഗ്രസിലെ തലമുറ കൈമാറ്റം അനിവാര്യമായിരിക്കെ, ഇനിയും യൂത്ത് കോൺഗ്രസിന്റെ നിലപാടുകൾ തള്ളിക്കൊണ്ട് കോൺഗ്രസിന് മുൻപോട്ടു പോകാൻ കഴിയില്ല.
എന്നാൽ, പാർട്ടിയിലെ അധികാര സ്ഥാനങ്ങളിൽ അടയിരിക്കുന്ന 'താപ്പാനകൾക്കെതിരെ' വിമർശനവും തിരുത്തൽവാദവും യൂത്ത് കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുമ്പോൾ തന്നെ, അവർക്കെതിരെയും വിവിധ കോണുകളിൽ നിന്ന് ഒളിയമ്പുകൾ പാഞ്ഞുവരുന്നുണ്ട്. ഇത് വരാൻ പോകുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ദോഷകരമായി ബാധിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
പ്രായോഗിക രാഷ്ട്രീയത്തിനെക്കാളേറെ സമൂഹമാധ്യമങ്ങളിൽ ഇടപെഴകുകയും ലൈവായി നിൽക്കുകയും ചെയ്യുന്നവരാണ് യൂത്തന്മാർ. അവരുടെ നടപ്പുരീതിയും അതു തന്നെയാണ്. അവരിൽ പലരും എം.എൽ.എയും എം.പി യുമൊക്കെയായത് ഇത്തരം പബ്ലിക് റിലേഷൻസ് വർക്കുകളിലൂടെയാണ്.
ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകി നേതൃസ്ഥാനത്തേക്ക് വന്നവർ തുലോം കുറവാണ്. അതിൻ്റെ ഗുണവും ദോഷവും അവർക്കുണ്ട്. 'കൊള്ളി ഖദർ' അണിഞ്ഞു ശുഭ്ര വസ്ത്രധാരികളായി പരമ്പരാഗതമായ ശൈലിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല. പുതിയ കാലത്ത് പുതിയ രീതിയെന്നാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നത്.
ഇപ്പോൾ യൂത്ത് കോൺഗ്രസ് നേതാക്കളിൽ പലരും ഖദർ വസ്ത്രത്തിന് പകരം കളർ വസ്ത്രം ധരിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് മുതിർന്ന നേതാവ് അജയ് തറയിലിൻ്റെ സാമൂഹ്യമാധ്യമ പോസ്റ്റ് ഏറെ ചർച്ചയായിട്ടുണ്ട്. കേരളത്തിലെ ഭൂരിഭാഗം യുവ നേതാക്കളും ഖദറിനോട് ആഭിമുഖ്യം കാണിക്കുന്നില്ലെന്നും, ഇത് കോൺഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നുള്ള വ്യതിചലനമാണെന്നുമായിരുന്നു അജയ് തറയിലിൻ്റെ ആരോപണം.
1920-ലാണ് ഗാന്ധിജി വിദേശ വസ്ത്ര ബഹിഷ്‌കരണത്തിന്റെ ഭാഗമായി ഖദർ ശീലമാക്കാൻ കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടത്. ഒരു നൂറ്റാണ്ടിനിപ്പുറവും ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും ഖദർ വസ്ത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ കാലം മാറിയതോടെ യുവ നേതാക്കൾ ആധുനിക വേഷത്തിലേക്ക് മാറി. ഇതിനെതിരെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ വിമർശനവുമായി രംഗത്തെത്തിയത്.
തൂവെള്ള ഖാദിയുമായി ഇറങ്ങുന്നതിന് പകരം ജീൻസും ടീ ഷർട്ടും കോൺഗ്രസ് പാരമ്പര്യമല്ലെന്നാണ് ചില നേതാക്കളുടെ വാദം. എന്നാൽ വസ്ത്ര സ്വാതന്ത്ര്യം ഓരോ കോൺഗ്രസ് പ്രവർത്തകർക്കും ഉണ്ടെന്നും, ഖദർ ധരിക്കണമെന്ന് നിർബന്ധം പിടിക്കാനാവില്ലെന്നുമാണ് കെ.പി.സി.സി. അധ്യക്ഷന്റേയും മറ്റും പ്രതികരണം.
ജനങ്ങൾ പൊതുവായി ധരിക്കുന്ന വേഷം ധരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് യുവനേതാക്കൾക്ക്. ജനങ്ങളിൽ ഒരാളായി പ്രവർത്തിക്കുന്നതാണ് സ്വീകാര്യതയെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
രാഹുൽഗാന്ധി ജീൻസും ടീഷർട്ടും ധരിക്കുന്നില്ലേ എന്ന മറുചോദ്യം യുവ നേതാക്കൾ ഉയർത്തിയതോടെ ഖദർ വിവാദത്തിന് വലിയ പിന്തുണ ലഭിക്കില്ല. എന്നാൽ യൂത്ത് കോൺഗ്രസിനെതിരെ ഖാദി വിവാദം ഉയർത്തുന്നതിന് പിന്നിൽ മറ്റു ചില ലക്ഷ്യങ്ങളുണ്ടെന്നാണ് കോൺഗ്രസിലെ ചില നേതാക്കളുടെ പ്രതികരണം.
വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ 30 ശതമാനം സ്ഥാനാർത്ഥികളും യുവാക്കളായിരിക്കുമെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് വിവാദം ശക്തിപ്പെടുന്നത്. പല മുതിർന്ന നേതാക്കളും സീറ്റ് മോഹികളാണ്. യുവനേതാക്കളെ പരിഗണിച്ചാൽ പലർക്കും അവസരം നഷ്ടമാകും.
യൂത്ത് കോൺഗ്രസ് നേതാക്കളെ കോൺഗ്രസിന്റെ ഒരു വിഭാഗം നേതാക്കൾ ഭയക്കുന്നുണ്ടെന്നാണ് ചില നേതാക്കളുടെ ഈയടുത്തകാലങ്ങളിലെ നീക്കങ്ങൾ വ്യക്തമാക്കുന്നത്. കോൺഗ്രസിൽ യുവനേതാക്കൾ പിടിമുറുക്കുന്നുവെന്ന ആരോപണവും ശക്തമാണ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ യുവാക്കളെ കൂടുതൽ രംഗത്തിറക്കി കൂടുതൽ സീറ്റിൽ വിജയിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇത് പല മുതിർന്ന നേതാക്കൾക്കും ഭീഷണിയാണെന്നാണ് പാർട്ടിയിലെ മറ്റൊരു നേതാവ് അഭിപ്രായപ്പെടുന്നത്.
യൂത്ത് കോൺഗ്രസ് നേതാക്കൾ റീൽസ് ചിത്രീകരിച്ച് സ്വന്തം വളർച്ചയ്ക്കായി ഉപയോഗിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവും എം.പി.യുമായ രാജ് മോഹൻ ഉണ്ണിത്താന്റെ ആരോപണം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോൺഗ്രസ് നേതാക്കൾ പരസ്പരം കൊമ്പുകോർക്കുന്നതിനെതിരെ നേതൃത്വം രംഗത്തുവന്നിരുന്നു.
നേതാക്കൾ എന്ത് വസ്ത്രം ധരിക്കുന്നു എന്നതിനപ്പുറം, എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയ സാധ്യതയെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. അടുത്ത തിരഞ്ഞെടുപ്പ് കോൺഗ്രസിന് നിർണായകമാണെന്നിരിക്കെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം വിവാദങ്ങൾ ഉണ്ടാക്കി പാർട്ടിയെ ദുർബലപ്പെടുത്താനാണ് ശ്രമമെന്നാണ് ഖദർ വിവാദത്തിൽ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.
'ക്യാപ്റ്റൻ', 'മേജർ' പ്രയോഗങ്ങൾ പാർട്ടി അനുഭാവികളിൽ അസ്വസ്ഥതയുണ്ടാക്കിയതിന് പിന്നാലെയാണ് പുതിയ വിവാദം. കോൺഗ്രസിലെ തലമുറ കൈമാറ്റം അതിവേഗതയിൽ നടന്നുകൊണ്ടിരിക്കുന്നത് വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.
വ്യക്തികളെയോ നേതാക്കളെയോ ഗ്രൂപ്പുകളെയോ കേന്ദ്രീകരിച്ചുള്ള അധികാരം പങ്കുവെക്കൽ ഇനി സാധ്യമാവില്ലെന്ന നിലപാട് തുറന്നു പ്രഖ്യാപിക്കുകയാണ് യൂത്ത് കോൺഗ്രസ്. അധികാരത്തിൻ്റെ തലപ്പത്ത് പുതുതലമുറ നേതാക്കൾ കടന്നു വരുന്നത് തടയാൻ ഇത്തരം പൊള്ളയായ വിവാദങ്ങൾക്ക് കഴിയുമോയെന്നതാണ് പാർട്ടിക്കുള്ളിൽ നിന്നുയരുന്ന ചോദ്യം.
കോൺഗ്രസിലെ തലമുറപ്പോരിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Generational conflict in Congress, 'Khadi vs Color' debate.
#KeralaPolitics #CongressKerala #YouthCongress #GenerationalShift #KhadiDebate #PoliticalDrama