Election News | ഇനി തിരഞ്ഞെടുപ്പ് ഗോദയിൽ; ഗുസ്തി താരം വിനേഷ് ഫോഗട്ട് കോൺഗ്രസ് സ്ഥാനാർത്ഥിയായി ജുലാനയിൽ മത്സരിക്കും
തെരുവിൽനിന്ന് നിയമസഭ വരെ പോരാടാൻ തയാറെന്ന് വിനേഷ് ഫോഗട്ട്
ഡൽഹി: (KVARTHA) ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
31 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പേരുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഗുസ്തി താരം വിനേഷ് ഫോഗട്ട് ജുലാനയിൽ നിന്ന് മത്സരിക്കും.
കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയേക്കൊപ്പം കോൺഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ ഗർഹി സാംബ്ല്-കിലോയി സീറ്റിൽ നിന്ന് ജനവിധി തേടും. മുതിർന്ന നേതാക്കളായ സുരേന്ദർ പൻവാർ സോനിപത്തിൽ മത്സരിക്കും. ജഗ്ബീർ സിംഗ് മാലിക് ഗൊഹാനയിൽ ജനവിധി തേടുമ്പോൾ ഭരത് ഭൂഷൺ ബത്ര റോത്തക്കിൽ മത്സരിക്കും.
ഒക്ടോബർ അഞ്ചിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. എട്ടാം തീയതി വോട്ടെണ്ണലും നടക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 12 ആണ്.
വിനേഷ് എഐസിസി ആസ്ഥാനത്ത് എത്തിയാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. രാഷ്ട്രീയ മത്സരത്തിലേക്ക് കടക്കുന്നതിൽ അഭിമാനമുണ്ടെന്നും, തെരുവിൽനിന്ന് നിയമസഭ വരെ പോരാടാൻ തയാറാണെന്നും
വിനേഷ് ഫോഗട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിനേഷ് ഫോഗട്ട് റെയിൽവേയിലെ ജോലി രാജിവെച്ചാണ് കോൺഗ്രസിൽ ചേർന്നത്.
ഒളിമ്പിക്‌സിൽ ഫൈനലിൽ എത്തിയെങ്കിലും അമിതഭാരത്തിന്റെ പേരിൽ വിനേഷ് അയോഗ്യയാക്കപ്പെട്ടു. കായിക തർക്കപരിഹാര കോടതിയിൽ അയോഗ്യതക്കെതിരെ വിനേഷ് അപ്പീൽ നൽകിയെങ്കിലും പരാതി തള്ളിയിരുന്നു.
ലൈംഗിക പീഡനത്തിന് ഉത്തരവാദിയായതായി ആരോപിക്കപ്പെട്ട ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഗുസ്തി താരങ്ങൾ തെരുവിൽ ഇറങ്ങിയും ഒളിമ്പിക് മെഡലുകൾ ഗംഗയിലൊഴുക്കാൻ തുനിഞ്ഞും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയും ഒളിമ്പിക്‌സിൽ പങ്കെടുത്ത ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.