Promises | 25 ലക്ഷം രൂപവരെ ആരോഗ്യ ഇന്‍ഷുറന്‍സ്, ഗൃഹനാഥകള്‍ക്ക് മാസം 3000, വനിതാ സംരംഭകര്‍ക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പ; ജമ്മു കശ്മീരില്‍ 5 ഉറപ്പുകള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
Promises | 25 ലക്ഷം രൂപവരെ ആരോഗ്യ ഇന്‍ഷുറന്‍സ്, ഗൃഹനാഥകള്‍ക്ക് മാസം 3000, വനിതാ സംരംഭകര്‍ക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പ; ജമ്മു കശ്മീരില്‍ 5 ഉറപ്പുകള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
● ബിജെപിക്കെതിരെ നടത്തിയത് രൂക്ഷവിമര്‍ശനം
● തൊഴിലവസരം ഉണ്ടായിട്ടും നികത്തുന്നില്ലെന്ന് ആരോപണം
അനന്ത് നാഗ്: (KVARTHA) ജമ്മു-കശ്മീരില്‍ നിയമസഭാതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മത്സരിക്കുന്ന പാര്‍ട്ടികളെല്ലാം തുടങ്ങിക്കഴിഞ്ഞു. അതിനിടെ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
ഒരു കുടുംബത്തിന് 25 ലക്ഷം രൂപവരെ ആരോഗ്യ ഇന്‍ഷുറന്‍സ്, വനിതാ സംരംഭകര്‍ക്ക് അഞ്ചുലക്ഷം രൂപ പലിശരഹിത വായ്പ എന്നിവയാണ് ഉറപ്പുകളില്‍ പ്രധാനം. അനന്ത് നാഗില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഗ്രസ് പ്രചാരണസമ്മേളനത്തിലായിരുന്നു ഖാര്‍ഗെയുടെ വമ്പന്‍ പ്രഖ്യാപനം. നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പൊതുവിതരണ സമ്പ്രദായത്തിലൂടെ ഒരാള്‍ക്ക് 11 കിലോ ധാന്യങ്ങള്‍ നല്‍കിയിരുന്ന പദ്ധതി പുനഃസ്ഥാപിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. കുടുംബനാഥകള്‍ക്ക് പ്രതിമാസം 3000 രൂപ സഹായം നല്‍കും എന്നിവയെല്ലാം പ്രഖ്യാപനത്തില്‍പ്പെടും. കശ്മീരിപണ്ഡിറ്റ് കുടിയേറ്റക്കാരുടെ പുനരധിവാസത്തിന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് നല്‍കിയ വാഗ്ദാനം പാലിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.
പ്രചാരണത്തിനിടെ മോദിയുടെ നോതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഖാര്‍ഗെ ഉന്നയിച്ചത്. ജമ്മു-കശ്മീരില്‍ ഒരുലക്ഷം തൊഴിലവസരങ്ങളുണ്ട്. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നിലവിലെ ഭരണക്കാര്‍ക്ക് ഇവിടുത്തെ ജനങ്ങള്‍ ദരിദ്രരായി തുടരാനാണ് താത്പര്യമെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. അതുകൊണ്ടുതന്നെ ഒഴിവുകളൊന്നും നികത്തുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ്-എന്‍സി സഖ്യം അധികാരത്തില്‍ വന്നാല്‍ എല്ലാ ഒഴിവുകളും നികത്തും. ജമ്മു-കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഖാര്‍ഗെ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 20 സീറ്റുകൂടി കിട്ടിയിരുന്നെങ്കില്‍ ബിജെപിക്കാര്‍ ഇപ്പോള്‍ ജയിലില്‍ കിടന്നേനെയെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. 400 സീറ്റ് ഉറപ്പാണെന്നാണ് തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിക്കാര്‍ പറഞ്ഞത്. എവിടെപ്പോയി നിങ്ങളുടെ 400 സീറ്റ് എന്ന് ചോദിച്ച ഖാര്‍ഗെ ഇത്തവണ അവര്‍ക്ക് 240 കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നുവെന്നും പരിഹസിച്ചു. ഞങ്ങള്‍ക്ക് 20 സീറ്റുകൂടി ഉണ്ടായിരുന്നെങ്കില്‍, അവരെല്ലാം ഇപ്പോള്‍ ജയിലിലാകുമായിരുന്നു, ശരിക്കും തടവറ അവര്‍ അര്‍ഹിക്കുന്നു എന്നും -ഖാര്‍ഗെ പറഞ്ഞു.
10 വര്‍ഷത്തിന് ശേഷമാണ് ജമ്മുവില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014 ല്‍ ആണ് നേരത്തെ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ബിജെപിക്കാണ് മുന്‍തൂക്കം ലഭിച്ചത്.
#JammuKashmir #CongressPromises #AssemblyElections #Kharge #NCAlliance #BJP