Ram Temple | രാമക്ഷേത്ര നിര്‍മാണത്തില്‍ അഴിമതിയെന്ന് കോണ്‍ഗ്രസ്; ശ്രീകോവില്‍ ചോര്‍ന്നൊലിക്കുന്നുവെന്ന മുഖ്യ പുരോഹിതന്റെ വെളിപ്പെടുത്തലിൽ മറുപടിയില്ലാതെ ബിജെപിയും കേന്ദ്രസര്‍ക്കാരും

 
Ram Temple


ക്ഷേത്രത്തിലെ പ്രാര്‍ത്ഥനകളും ആചാരങ്ങളും നിര്‍ത്തേണ്ടിവരുമെന്നും മുഖ്യപുരോഹിതൻ മുന്നറിയിപ്പ് നല്‍കി

അര്‍ണവ് അനിത

ലക്‌നൗ: (KVARTHA) ഏറെ കൊട്ടിഘോഷിച്ച്, ബിജെപി സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മേല്‍ക്കൂര ചോരുന്നതായി ആരോപണം. ക്ഷേത്രം മുഖ്യ പുരോഹിതനാണ് ആക്ഷേപം ഉന്നയിച്ചത്.  ഉദ്ഘാടനം കഴിഞ്ഞിട്ട് കഷ്ടിച്ച് അഞ്ച് മാസമേ ആയുളളൂ. മണ്‍സൂണിലെ ആദ്യ  മഴയെത്തുടര്‍ന്ന്  മേല്‍ക്കൂരയില്‍ നിന്ന് മഴവെള്ളം ചോര്‍ന്നൊലിക്കുന്നതായാണ് പുരോഹിതന്‍ പറയുന്നത്.  തിങ്കളാഴ്ച (ജൂണ്‍ 24) രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ഭാഗം ഉള്‍പ്പെടെ, ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം ചോരാന്‍ തുടങ്ങിയതായി മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

ram temple

 

അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് ദാസ് അധികാരികളോട് അഭ്യര്‍ത്ഥിക്കുകയും മഴക്കാലം പൂര്‍ണതോതില്‍ എത്തുമ്പോള്‍ ഈ സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍, ക്ഷേത്രത്തിലെ പ്രാര്‍ത്ഥനകളും ആചാരങ്ങളും (പൂജ-അര്‍ച്ചന) നിര്‍ത്തേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.  മേല്‍ക്കൂരയില്‍ നിന്ന് ഒലിച്ചിറങ്ങുന്ന മഴവെള്ളം ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും അത് പുറന്തള്ളാന്‍ മാര്‍ഗമില്ലെന്നും പുരോഹിതനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്‌തു.

'ആദ്യ മഴയോടെ, രാം ലല്ല ഇരിക്കുന്ന ശ്രീകോവിലിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറാന്‍ തുടങ്ങി. ഉള്ളില്‍ വെള്ളം കെട്ടിക്കിടക്കുന്നു. നിര്‍മാണത്തില്‍ എന്താണ് പോരായ്മയെന്ന് കണ്ടെത്തണം. എങ്കിലേ ചോര്‍ച്ചയുടെ കാരണം അറിയാനാകൂ', അദ്ദേഹം പറഞ്ഞു. ലഖ്നൗവിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രതിവാര പ്രവചനമനുസരിച്ച് കിഴക്കന്‍ യുപിയുടെ ചില ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ മഴ പെയ്യും. 1,800 കോടി രൂപ ചെലവില്‍ പരമ്പരാഗത നാഗര ശൈലിയില്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ മഴവെള്ളം ചോര്‍ന്നതായി പൂജാരി ശ്രദ്ധയില്‍പ്പെടുത്തിയതോടെ, ഡ്രെയിനേജ് സംവിധാനം സംബന്ധിച്ചും ആശങ്കകളുയരുന്നു.  

2025 മാര്‍ച്ചോടെ ക്ഷേത്ര സമുച്ചയം മുഴുവനും  പൂര്‍ത്തിയാകുമെന്നും ഒന്നും രണ്ടും നിലകള്‍ യഥാക്രമം  ജൂലൈ, ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും ക്ഷേത്രത്തിന്റെ നിര്‍മാണച്ചുമതല ഏല്‍പ്പിച്ച ട്രസ്റ്റ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നൃപേന്ദ്ര മിശ്ര പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പൂജാരിയുടെ അഭിപ്രായപ്രകടനം.  നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള പ്രഖ്യാപിത സമയക്രമത്തെ സ്വാഗതം ചെയ്യുന്നെന്നും എന്നാല്‍ പണിപൂര്‍ത്തിയായ പല ഭാഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് പുരോഹിതന്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം ഒഴുകുന്നത് വളരെ ആശ്ചര്യകരമാണെന്നും എത്രയോ എഞ്ചിനീയര്‍മാര്‍ ഇവിടെയുണ്ട്. ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ആരും ചിന്തിച്ചിട്ടുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

'വെള്ളം പുറന്തള്ളാന്‍ സ്ഥലമില്ല. മുകളില്‍ നിന്ന് താഴേക്ക് ഒഴുകുന്നു', 1992 മുതല്‍ താല്‍ക്കാലിക രാമക്ഷേത്രത്തിലെ പൂജ കൈകാര്യം ചെയ്യുന്ന ദാസ് പറഞ്ഞു. ക്ഷേത്രവും നിര്‍മ്മാണവും കൈകാര്യം ചെയ്യുന്ന ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പുരോഹിതന്‍ ഉന്നയിച്ച ചോര്‍ച്ച പ്രശ്‌നത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അയോധ്യ ഭരണകൂടവും വിശദീകരണം നല്‍കിയിട്ടില്ല. രാമന്റെ പേരില്‍ ബിജെപി സര്‍ക്കാര്‍ 'അഴിമതി' നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം  ക്ഷേത്രത്തിന്റെ രൂപരേഖയിലോ നിര്‍മ്മാണത്തിലോ ഒരു പ്രശ്‌നവുമില്ലെന്ന് എഎന്‍ഐ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ മിശ്ര പറയുന്നു.

'ഒന്നാം നിലയില്‍ നിന്ന് മഴവെള്ളം ഒലിച്ചിറങ്ങുന്നത് ഞാന്‍ കണ്ടു. രണ്ടാം നിലയായതിനാല്‍ ഗുരു മണ്ഡപം ആകാശത്തേക്ക് തുറന്നരീതിയിലാണ് നിര്‍മിച്ചത്. ഒന്നാം നിലയിലെ പണി പുരോഗമിക്കുന്നതിനാല്‍ ചാലകത്തില്‍ നിന്ന് കുറച്ച് നീരൊഴുക്കും കണ്ടു. പണി പൂര്‍ത്തിയാകുമ്പോള്‍, ചാലകം അടയ്ക്കും.   ശ്രീകോവിലില്‍ ഡ്രെയിനേജ് ഇല്ലായിരുന്നു, എല്ലാ മണ്ഡപങ്ങളിലും വെള്ളം ഒഴുകുന്നതിന് ചരിവുകള്‍ ഉണ്ടെന്നും ശ്രീകോവിലിന് മുമ്പിലുള്ള തുറന്ന മേട (ഗര്‍ഭഗൃഹം) വെള്ളം സ്വമേധയാ ആഗിരണം ചെയ്യപ്പെടുന്നെന്നും മിശ്ര പറഞ്ഞു. മാത്രമല്ല, ഭക്തര്‍ ഭഗവാന് 'അഭിഷേകം' നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും വലിയ തിരിച്ചടിയായിരിക്കുകയാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ജനുവരിയില്‍, പണിപൂര്‍ത്തിയാകും മുമ്പ് ക്ഷേത്രം ഉദ്ഘാടനം ചെയ്തതും പുരോഹിതരെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ നടത്തിയതും. പണിപൂര്‍ത്തിയാക്കാതെ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് ശരിയല്ലെന്ന ചില പ്രമുഖ ഹിന്ദു സന്ന്യാസിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും വിമര്‍ശനങ്ങള്‍ക്കിടയാണ് ജനുവരി 22 ന് രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.  2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദു വികാരം മുതലെടുക്കാനാണ് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. നൂറ്റാണ്ടുകളായി ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്, രാജ്യത്തെ ധ്രുവീകരിക്കുന്ന നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ സുപ്രീം കോടതിയുടെ ഉത്തരവ് എല്ലാ മതസ്ഥരും പാലിക്കുകയായിരുന്നു.  

ജനുവരിയില്‍ ക്ഷേത്രം തുറന്നപ്പോള്‍, 14 മീറ്റര്‍ കനത്തില്‍ റോളര്‍ ഉപയോഗിച്ച് നിര്‍മിച്ച കോണ്‍ക്രീറ്റിന്റെ പാളി ഉപയോഗിച്ചാണ് അടിത്തറ നിര്‍മ്മിച്ചതെന്നും ഭൂമിയിലെ ഈര്‍പ്പം സംരക്ഷിക്കുന്നതിനായി ഗ്രാനൈറ്റ് ഉപയോഗിച്ച് 21 അടി ഉയരമുള്ള സ്തംഭം നിര്‍മ്മിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ക്ഷേത്ര സമുച്ചയത്തില്‍ മലിനജല ശുദ്ധീകരണ പ്ലാന്റ്, ജലശുദ്ധീകരണ പ്ലാന്റ്, അഗ്‌നി സുരക്ഷാ ജലവിതരണം, ഒരു സ്വതന്ത്ര പവര്‍ സ്റ്റേഷന്‍ എന്നിവയുണ്ട്.  

'രൂപകല്‍പ്പനയോ നിര്‍മ്മാണമോ പ്രശ്‌നമില്ല. തുറന്നിരിക്കുന്ന മണ്ഡപങ്ങളില്‍ നിന്ന് മഴവെള്ളം ഒലിച്ചേക്കാം, എന്നാലവ വാസ്തുവിദ്യാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി തുറന്നിടാനാണ് തീരുമാനം', മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.  മഴക്കെടുതിയില്‍ ക്ഷേത്രത്തിലെ വെള്ളം ചോര്‍ന്നെന്ന ആരോപണം മാത്രമല്ല അധികൃതരുടെ ആശങ്ക. മഴയുടെ ശക്തമാകുമ്പോള്‍ ടൗണില്‍ നിര്‍മിച്ച ചില റോഡുകളുടെ ഭാഗങ്ങള്‍ തകര്‍ന്നതും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് ഇടയാക്കി.  

ഡിസംബറില്‍ പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്ത അയോധ്യ ധാം റെയില്‍വേ സ്റ്റേഷന്റെ 20 മീറ്റര്‍ നീളമുള്ള അതിര്‍ത്തി ഭിത്തി മഴയില്‍ തകര്‍ന്നതായി യുപി കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ ഉള്‍പ്പെടെ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അവകാശപ്പെടുന്നു. ഇത് ബിജെപിയുടെ വികസനമല്ല, മറിച്ച് അഴിമതിയുടെ വികസനമാണ്,' തകര്‍ന്ന മതിലിന്റെ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് ആരോപിച്ചു.

എന്നാല്‍ വീഡിയോയില്‍ കാണിച്ചിരിക്കുന്ന മതില്‍ പ്രധാന സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഭാഗമല്ലെന്നും റെയില്‍വേയ്ക്കും സ്വകാര്യ ഭൂമിക്കും ഇടയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. വ്യക്തികള്‍ നടത്തിയ കുഴിയെടുപ്പും സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് വെള്ളം കെട്ടിനിന്നതുമാണ് മതില്‍ തകരാന്‍ കാരണം. റെയില്‍വേ ഉടന്‍ നടപടിയെടുക്കും', വടക്കന്‍ റെയില്‍വേയിലെ ലഖ്നൗ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രസ്താവനയില്‍ പറഞ്ഞു.

രാമക്ഷേത്രം ആരംഭിക്കുന്നതിന് മുന്നോടിയായി 2023 ഡിസംബറിലാണ് മോദി പുതിയ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്റെ ആദ്യ ഘട്ടം - അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ - 240 കോടിയിലധികം രൂപ ചെലവിലാണ് വികസിപ്പിച്ചത്. മൂന്ന് നിലകളുള്ള ആധുനിക റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തില്‍ ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, ഫുഡ് പ്ലാസകള്‍, പൂജാ ആവശ്യങ്ങള്‍ക്കുള്ള കടകള്‍, ക്ലോക്ക് റൂമുകള്‍, ശിശു സംരക്ഷണ മുറികള്‍, കാത്തിരിപ്പ് ഹാളുകള്‍ എന്നിങ്ങനെയുള്ള 'ആധുനിക സവിശേഷതകള്‍' സജ്ജീകരിച്ചിരിക്കുന്നു. കോടികള്‍ മുടക്കി അയോധ്യയില്‍ പല സംവിധാനങ്ങളും കൊണ്ടുവന്നെങ്കിലും അതെല്ലാം കാര്യക്ഷമമല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

കടപ്പാട്: ദ വയര്‍ ന്യൂസ്

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia