● വിവരാവകാശ നിയമം രാജ്യത്ത് നടപ്പിലാക്കുക വഴി സുതാര്യമായ ഭരണവും ജനങ്ങളുടെ അറിയാനുള്ള അവകാശവും അദ്ദേഹം ഉറപ്പുവരുത്തി.
● മർകസിന്റെ ദേശീയ വിദ്യാഭ്യാസ പദ്ധതികളെ മൻമോഹൻ സിങ് വളരെ താത്പര്യത്തോടെയാണ് കണ്ടിരുന്നതെന്നും കാന്തപുരം പറഞ്ഞു.
● മൻമോഹൻ സിങിന്റെ സേവനതല്പരത, സത്യസന്ധത, ദീർഘദർശിത്വം എന്നിവ വരും തലമുറകൾക്ക് പ്രചോദനമാകും,’ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ന്യൂഡെൽഹി: (KVARTHA) അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ഭൗതിക ശരീരത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അന്തിമോപചാരം അർപ്പിച്ചു.
‘ഭാരതീയർക്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത മഹത് വ്യക്തിത്വമാണ് ശ്രീ മൻമോഹൻസിങ്ങ്. റിസർവ് ബാങ്ക് ഗവർണർ ആയിരിക്കെ കോൺഗ്രസ് പാർട്ടി ധനകാര്യ മന്ത്രിയുടെ ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചത് വലിയ ദീർഘവീക്ഷണത്തോടെ ആയിരുന്നു. ഉദാരവൽക്കരണവും ആഗോളവൽക്കരണവും രാജ്യത്തെ മധ്യവർഗ്ഗ ജനവിഭാഗങ്ങളെ പുരോഗതിയിലേക്ക് നയിച്ചപ്പോൾ അദ്ദേഹം പ്രധാനമന്ത്രിയായ കാലയളവിൽ രാജ്യത്തെ സാധാരണക്കാരായ കോടിക്കണക്കിനാളുകൾക്ക് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിൽ സുരക്ഷാ ഉറപ്പുവരുത്തി.
വിവരാവകാശ നിയമം രാജ്യത്ത് നടപ്പിലാക്കുക വഴി സുതാര്യമായ ഭരണവും ജനങ്ങളുടെ അറിയാനുള്ള അവകാശവും അദ്ദേഹം ഉറപ്പുവരുത്തി. ആഹാരം കഴിക്കാനുള്ള അവകാശം ജനങ്ങൾക്ക് ഉറപ്പുവരുത്തിയ നിയമം നടപ്പിലാക്കുക വഴി സാധാരണ ജനങ്ങളോട് ഒപ്പമാണ് താനെന്ന് അദ്ദേഹം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. തികഞ്ഞ ഗാന്ധിയനായ അദ്ദേഹം രാജ്യത്തെ ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ തലയെടുപ്പുള്ള രാജ്യമായി ഇന്ത്യയെ വളർത്തുന്നതിൽ നിർണായക പങ്കു വഹിച്ചു. കാസർഗോഡ് ജില്ലയ്ക്ക് ഡോ മൻമോഹൻ സിങ്ങിനെ മറക്കാൻ കഴിയില്ല. കേരള കേന്ദ്ര സർവകലാശാല കാസർഗോഡിന് സമ്മാനിച്ചും, ഹിന്ദുസ്ഥാൻ ഏറോ നോട്ടിക്കൽ ലിമിറ്റഡ് കാസർഗോഡ് സ്ഥാപിച്ചും ആ കരുതൽ അദ്ദേഹം പ്രകടമാക്കി.’
അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം അനുശോചനകുറിപ്പിൽ അറിയിച്ചു.
മതേതര മൂല്യങ്ങൾക്ക് കരുത്തുപകർന്ന ഭരണാധിപൻ: മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് കാന്തപുരം
കോഴിക്കോട്: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഒരു മഹത്തായ മതേതര നേതാവായിരുന്നുവെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. അദ്ദേഹവുമായി ഒന്നിലധികം തവണ കൂടിക്കാഴ്ച നടത്തിയിട്ടുള്ള കാന്തപുരം, മൻമോഹൻ സിങ് ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിക്ക് വലിയ പ്രാധാന്യം നൽകിയെന്ന് പറഞ്ഞു.
സച്ചാർ കമ്മിറ്റി, അലിഗഢ് മലപ്പുറം, മുർഷിദാബാദ് സെന്ററുകൾ, എൻ സി പി യു എൽ തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് അദ്ദേഹം നിരവധി പദ്ധതികൾ നടപ്പിലാക്കിയതായി കാന്തപുരം ചൂണ്ടിക്കാട്ടി. മർകസിന്റെ ദേശീയ വിദ്യാഭ്യാസ പദ്ധതികളെ മൻമോഹൻ സിങ് വളരെ താത്പര്യത്തോടെയാണ് കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഗോള വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തുന്നതിൽ മൻമോഹൻ സിങ് വലിയ പങ്കു വഹിച്ചുവെന്നും കാന്തപുരം പറഞ്ഞു. ഒരു സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹം തന്റെ അറിവും കഴിവും രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിച്ചു. ഇന്ത്യ ഇന്ന് കൈവരിച്ച നിരവധി നേട്ടങ്ങൾക്ക് രാജ്യം മൻമോഹൻ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നുവെന്നും മതേതര-ജനാധിപത്യ വിശ്വാസികൾ എന്നും താങ്കളെ ഓർക്കുമെന്നും അനുശോചന സന്ദേശത്തിൽ ഗ്രാൻഡ് മുഫ്തി പറഞ്ഞു.
ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ ഡോ. ആസാദ് മൂപ്പന്റെ അനുശോചനം
കോഴിക്കോട്: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ ആസ്റ്റർ ഡി.എം ഹെൽത്ത്കെയറിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി.
‘ഒരു സാമ്പത്തിക വിദഗ്ധനും, രാഷ്ട്രമീമാംസകനും, ദയാലുവായ നേതാവുമായിരുന്നു ഡോ. മൻമോഹൻ സിങ്. അദ്ദേഹത്തിന്റെ സേവനങ്ങൾ രാജ്യത്തിന്റെ മുന്നേറ്റത്തിൽ ഒരിക്കലും മായ്ക്കാനാകാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളിലും ലോകവേദിയിലെ നിലപാടുകളിലും അദ്ദേഹം നിർണായകമായ പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ സേവനതല്പരത, സത്യസന്ധത, ദീർഘദർശിത്വം എന്നിവ വരും തലമുറകൾക്ക് പ്രചോദനമാകും,’ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
#ManmohanSingh, #India, #Condolences, #EconomicReforms, #Kerala, #Leaders