Criticism | പുഴ കടക്കാൻ നിൽക്കുന്ന തോണിക്കാരൻ്റെ അവസ്ഥയിൽ മുഖ്യമന്ത്രി; അൻവർ വിവാദത്തിന്റെ ബാക്കിപത്രം
● അൻവറിന്റെ നിലപാടുകൾ പാർട്ടി നേതൃത്വം തള്ളിപ്പറഞ്ഞു.
● അൻവറിന്റെ നിലപാട് പാർട്ടി ശത്രുക്കളുടെ ആയുധമാണെന്നാണ് പാർട്ടിയുടെ വാദം.
സോണി കല്ലറയ്ക്കൽ
(KVARTHA) കമ്യൂണിസ്റ്റ് പാരമ്പര്യം ഇല്ലാത്ത, ഒരു മുൻ കോൺഗ്രസുകാരൻ പറയുന്നത് വിശ്വസിക്കാൻ തക്ക വിഡ്ഢികൾ അല്ല ഞങ്ങൾ സഖാക്കൾ. ഇവിടെ ഞങ്ങൾക്ക് ഒരു ക്യാപ്റ്റൻ ഉണ്ട്. പറയേണ്ടത് ക്യാപ്റ്റൻ പറഞ്ഞു. ക്യാപ്റ്റന് ശശി സഖാവിനെ പൂർണ വിശ്വാസമാണ്. ക്യാപ്റ്റൻ വിശ്വസിക്കുന്ന എല്ലാവരേയും ഞങ്ങൾക്കും വിശ്വാസമാണ്. അൻവർ തുറന്നുകാട്ടിയ പുഴുക്കുത്തുകൾ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ഇഷ്ടക്കാരാണ് എന്ന് വ്യക്തം. അവരെക്കാൾ വലുതല്ല പാർട്ടിയ്ക്കും മുഖ്യമന്ത്രിക്കും അൻവർ. അൻവർ പറഞ്ഞ പുഴുക്കുത്തുകളല്ല, അവരെ തുറന്നുകാട്ടി പാർട്ടിയെ പ്രതിസന്ധിയിലാക്കിയ അൻവറാണ് ഇനി അനുഭവിക്കാൻ പോകുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു നിലവിലെ ഭരണകക്ഷി എൻ.എൽ.എ ആയ പി വി അൻവറിന്റെ പാരമ്പര്യം കോൺഗ്രസിന്റേതാണെന്ന്. ഡിവൈഎഫ്ഐക്കാർ അൻവറിനെ പിന്തുണയ്ക്കുന്നുണ്ടേൽ അത് തെറ്റാണ് എന്ന് ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം ഞായറാഴ്ച രാവിലെയും പറഞ്ഞു. ഇപ്പോൾ അൻവറിനോട് യോജിക്കാനാവില്ല, അൻവർ പാർട്ടി ശത്രുക്കളുടെ ആയുധം എന്ന് സിപിഎമ്മും വ്യക്തമാക്കിയിരിക്കുന്നു. സി.പി.എം ഇതിൻ്റെ പേരിൽ എടുത്തിരിക്കുന്ന നിലപാട് ആണ് ശ്രദ്ധേയം.
അന്‍വര്‍ നിരന്തരം മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കി. അന്‍വറിന്റെ നിലപാട് പാര്‍ട്ടി ശത്രുക്കള്‍ക്ക് ആക്രമിക്കാനുള്ള ആയുധമായി മാറുന്നു. ഇത്തരം നിലപാടുകള്‍ തിരുത്തണം. മാധ്യമങ്ങള്‍ വഴി നിരന്തരം ആരോപണം ഉന്നയിക്കുന്ന അന്‍വറിന്റെ നിലപാടിനോട് പാര്‍ട്ടിക്ക് യോജിക്കാനാകില്ല. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.
ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്. 1. അൻവറിനെതിരെയുള്ള നീക്കം പാർട്ടി അറിഞ്ഞും ആസൂത്രിവുമായിട്ടാണ്. 2. അൻവർ തുറന്നുകാട്ടിയ പുഴുക്കുത്തുകൾ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ഇഷ്ടക്കാരാണ്. അവരെക്കാൾ വലുതല്ല പാർട്ടിയ്ക്കും മുഖ്യമന്ത്രിക്കും അൻവർ. 3. അൻവർ പറഞ്ഞ പുഴുക്കുത്തുകൾ മുഴുവൻ, ഗത്യന്തരമില്ലാതെ, ജനങ്ങളെ ബോധിപ്പിക്കാൻ, പേരിന് ചില നടപടികൾ എടുത്തെങ്കിലും, മുഖ്യമന്ത്രിയുടെയും, പാർട്ടിയുടെയും സംരക്ഷണത്തിലാണ്. 4. അൻവർ ഉന്നയിച്ച ആരോപണങ്ങൾ - പ്രധാനമായും പൊലീസിലെ ആർഎസ്എസ് നിയന്ത്രണം - പാർട്ടി അറിഞ്ഞും സമ്മതിച്ചും നടക്കുന്നതാണ്. 5. അൻവർ പറഞ്ഞ പുഴുക്കുത്തുകളല്ല, അവരെ തുറന്നുകാട്ടി പാർട്ടിയെ പ്രതിസന്ധിയിലാക്കിയ അൻവറാണ് ഇനി അനുഭവിക്കാൻ പോകുന്നത്.
പി വി അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കും എ.ഡി.ജി.പി യ്ക്കും എതിരെ നടത്തിയ പ്രസ്താവനകളും പോരാട്ടങ്ങളും പൊതുസമൂഹത്തിൽ ചർച്ചയാകുകയും ജനശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തിരുന്നു. എന്നാൽ ശശിയെയും എ.ഡി.ജി.പി യെയും പിന്തുണച്ചും ഭരണകക്ഷി എം.എൽ.എ ആയ പി.വി.അൻവറിനെ തള്ളിയും മുഖ്യമന്ത്രി വാർത്താ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ അഭിപ്രായങ്ങൾ പലരും ഞെട്ടലോടെയാണ് കേട്ടത്. വർഷങ്ങളായി നിലമ്പൂരിൽ നിന്ന് ഇടത് പിന്തുണയോടെ വിജയിക്കുന്നയാളും കാലകാലങ്ങളായി സി.പി.എമ്മിനോടൊപ്പം സഞ്ചരിക്കുന്നയാളുമായ പി.വി. അൻവറിന് കോൺഗ്രസ് പാരമ്പര്യമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇതിനെ പിന്തുണച്ച് സി.പി.എമ്മും രംഗത്ത് വന്നിരിക്കുന്നു എന്നതാണ് കൗതുകകരം. എന്തൊക്കെയായാലും ഒരു എം.എൽ.എ കൂടി ആവാതെ കേരള സംസ്ഥാനം ഭരിക്കാനാവുമെന്ന് കാട്ടി തന്ന ശിവശങ്കരനും ശശിയുമാണ് ഇന്ന് കേരളത്തിന്റെ ഹീറോകൾ. ഒരക്ഷരം ഉരിയാടാനാവാതെ ഒന്ന് നെടുവീർപ്പിടാൻ കൂടി ആവാതെ പാവം അടിമകൾക്ക് ഇനിയും ക്യാപ്സൂൾ വിഴുങ്ങി എപ്പോഴെങ്കിലും കിട്ടുന്ന എല്ലിൻ കഷണവും കടിച്ചു കൊണ്ട് സ്തുതി പാടി കൊണ്ടേയിരിക്കാം. മുഖ്യമന്ത്രിയുടെ അവസ്ഥ ഇപ്പോൾ എന്താണ്. അതിന് പറ്റിയ ഒരു കഥപറയാം. പുഴ കടക്കാൻ നിൽക്കുന്ന തോണിക്കാരൻ്റെ കഥ ഓർമ്മ വരുന്നു.
ഒരു കുറുക്കനും ഒരു കോഴിയും ഒരു ചാക്ക് അരിയുമുണ്ട് ആ തോണിക്കാരൻ്റെ കയ്യിൽ. ഒരു സമയത്ത് ഏതെങ്കിലും ഒന്നിനെ മാത്രമേ തോണിയില്‍ കയറ്റാന്‍ പാടുള്ളൂ. അല്ലെങ്കില്‍ തോണി മുങ്ങും. ആദ്യം കുറുക്കനെ കൊണ്ട് പോകാമെന്ന് വെച്ചാല്‍ കരയില്‍ വെച്ച അരി കോഴി തിന്നും. അതല്ല, ആദ്യം അരി കൊണ്ട് പോകാമെന്ന് വെച്ചാല്‍ കുറുക്കന്‍ കോഴിയെ തിന്നും. അതുമല്ലെങ്കില്‍, ആദ്യം കോഴിയെ കൊണ്ട് പോയി പിന്നെ അരി കൊണ്ടു പോകാമെന്ന് വെച്ചാലോ? പിന്നീട് കുറുക്കനെ എടുക്കാന്‍ വരുമ്പോഴേക്കും മറുകരയില്‍ കോഴിയും അരിയും മാത്രമാകും. എന്ത് ചെയ്യും?
സത്യത്തിൽ ആ തോണിക്കാരൻ്റെ അവസ്ഥയിലാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓർക്കുക, തിരുത്തേണ്ടത് അൻവർ അല്ല, പാർട്ടി ആണ്. ഇല്ലേൽ ബംഗാളിലെ അവസ്ഥയാകും. പാർട്ടി ശത്രുക്കൾ എഡിജിപിയെ വെച്ച് ഭരിക്കുന്നത് ആണ് അൻവർ ചൂണ്ടിക്കാണിച്ചത്. അത് തിരുത്താൻ പാർട്ടിക്ക് കഴിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. പാർട്ടിക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കും കത്ത് അയച്ചാൽ മറുപടിയില്ലാതെ വരുന്ന ഘട്ടത്തിൽ പ്രതികരിക്കേണ്ടിവരും. ഈ വിഷയങ്ങൾ പാർട്ടിയും ഭരണവും ചോദിച്ച് വാങ്ങുന്നതാണ്.
#KeralaPolitics #CPIM #corruption #PVAnvar #politicalcrisis #India