Criticism | ശശിയൊക്കെ എന്തിരിക്കുന്നു, കമ്യൂണിസ്റ്റ് ജീവിത ശൈലിയുള്ള എത്ര സഖാക്കളുണ്ട്? 

 
Criticism

Image Credit: Facebook/ Communist Party of India (Marxist)

പാർട്ടിയുടെ ആദർശങ്ങളോടുള്ള പ്രതിബദ്ധതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നിരിക്കുന്നു. 

സോണി കല്ലറയ്ക്കൽ 

(KVARTHA) ഇങ്ങനെ എത്ര ശശിമാർ നമുക്ക് മുന്നിൽ തട്ടിപ്പും വെട്ടിപ്പും നടത്തി വിഹരിച്ചു നടക്കുന്നു. നമ്മൾ കൊയ്യും വയലല്ലാം നമ്മുടെതാകും പൈങ്കിളിയെ. ഇതാണ് നുമ്മ പാർട്ടിലൈൻ. ഇപ്പോൾ കേൾക്കുന്ന വാർത്ത കെ.ടി.ഡി.സി ചെയർമാനും സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശശി പാ൪ട്ടി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ  തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നതാണ്. പി കെ ശശിക്കെതിരെ സിപിഎം അന്വേഷണ കമ്മീഷൻ നടത്തിയ അന്വേഷണത്തിലാണ് ഗുരുതര കണ്ടെത്തലുകൾ. പാ൪ട്ടി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ശശി തിരിമറി ചെയ്ത് സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. 

Criticism

സിപിഎം പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളനം ഫണ്ടിൽ നിന്ന് 10 ലക്ഷവുമാണ് പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശശിയുടേത് കമ്മ്യൂണിസ്റ്റ് ജീവിതശൈലിയല്ലെന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ടിൽ വിമർശിക്കുന്നു. എൻ എൻ കൃഷ്ണദാസ് ഒഴികെ എല്ലാവരും ശശിയെ കൈവിട്ടതോടെ പാർട്ടി ശക്തമായ നടപടിയിലേക്ക് എത്തി. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ ഒഴിവാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. ഇനി പ്രാഥമിക അംഗത്വം മാത്രമായിരിക്കും ഉണ്ടാവുക. 

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ നടപടി റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന പുത്തലത്ത് ദിനേശൻ്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് എല്ലാ നടപടികളും. ശശിക്ക് ഭൂരിപക്ഷമുള്ള മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. 'വർഗ്ഗബോധമില്ലാത്ത ശശി, ശശി സ്വന്തം അകൗണ്ടിലേക്ക് മാറ്റി, അതായത്, ശശി മറ്റ് സഖാക്കളുടെ കൂടി അകൗണ്ടുകളിലേക്ക് മാറ്റിയിരുന്നുവെങ്കിൽ ഈ പ്രശ്നം വരില്ലായിരുന്നു', എന്ന് ആരെങ്കിലും ചോദിച്ചാൽ ഇന്നത്തെ സഖാക്കൾക്ക് എന്ത് ഉത്തരം പറയാൻ സാധിക്കുമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ പരിഹാസം ഉയർന്നു.

പണ്ട് സ്വന്തം സഖാത്തിയെ പീഡിപ്പിച്ചപ്പോൾ പാർട്ടിക്ക് പൊള്ളിയില്ല, എന്നാൽ പാർട്ടി ഫണ്ടിൽ തൊട്ട് കളിച്ചപ്പോൾ പൊള്ളിയെന്നും വിമർശനം ഉണ്ടായി. ശശിയുടേത് കമ്മ്യൂണിസ്റ് ജീവിതശൈലി അല്ലെന്നാണ് പാർട്ടി വിലയിരുത്തൽ. 'കേട്ടാൽ തോന്നും കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരൊക്കെ 'കമ്മ്യൂണിസ്റ്റ്‌ ജീവിത ശൈലിയുടെ ലൈനിൽ മാർച്ച്‌ നടത്തുകയാണെന്ന്', എന്ന കമന്റും സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നു. '20 ലക്ഷം രൂപയല്ലേ ഉള്ളൂ, ഇപ്പോൾ കമ്മ്യൂണിസ്റ്റുകാർക്ക് കോടികളിൽ കുറഞ്ഞുള്ള തുകകളിൽ ഒന്നും ഇടപാടുകൾ നടത്താൻ താല്പര്യമില്ല, അതിനാൽ ഇതിനെ തീവ്രത കുറഞ്ഞ ഇടപാട് എന്ന് ഞങ്ങൾ വിലയിരുത്തുന്നു',. എന്ന് പരിഹസിക്കുന്ന ആളുകളും സഖാക്കളുടെ ഇടയിൽ തന്നെ ഉണ്ടെന്ന് മനസ്സിലാക്കുക. 

കമ്യൂണിസ്റ്റ് ജീവിത ശൈലി ഉള്ള ഒരു സഖാവിനെപ്പോലും ഇന്ന് ഒരിടത്തും കാണിച്ചു തരാൻ പറ്റില്ലെന്നതാണ് യഥാർത്ഥ സത്യമെന്നും അഭിപ്രായങ്ങളുണ്ടായി. അവരൊക്കെ ധൂർത്തിൻ്റെയും ആഡംബരത്തിൻ്റെയുമൊക്കെ വക്താക്കളായി മാറി കഴിഞ്ഞിരിക്കുന്നു എന്നതാണ് നഗ്നസത്യം. പണ്ട് പെണ്ണ് കേസിൽ സഖാക്കളെ അന്വേഷണത്തിന് ഇറക്കി ശശിയെ വിശുദ്ധനാക്കിയ പോലെ വീണ്ടും ശശിയെ പുണ്യാളനാക്കി ഉയർത്തുമോ സിപിഎം എന്നതാണ് ഇനി നോക്കി കാണേണ്ടത്. കമ്മ്യൂണിസ്റ്റ് ജീവിതശൈലി ഉള്ള നേതാക്കൾ ഇന്ന് ആ പാർട്ടിയിൽ വളരെ കുറവാണ്. പാർട്ടി ഫണ്ട്‌ അടിച്ചു മാറ്റിയത് കൊണ്ടാണ് ശശി ശിക്ഷിക്കപ്പെട്ടത്. ഖജനാവിൽ നിന്നും അടിച്ചു മാറ്റിയിരുന്നെങ്കിൽ ഒരിക്കലും ശിക്ഷിക്കപ്പെടില്ലായിരുന്നുവോ? എന്ന് ചോദിക്കുന്നവരുമുണ്ട്.

ഇപ്പോൾ ഏതു നേതാക്കളാണ് ലളിത ജീവിതം നയിക്കുന്നത്. ബ്രാഞ്ച് തലത്തിൽ പോലും അഴിമതിയാണ്. പാർട്ടിക്കുണ്ടായ ഈ അപചയം എങ്ങനെ സംഭവിച്ചു എന്നാണ് കറകളഞ്ഞ കമ്മ്യൂണിസ്റ്റുകൾ വിലയിരുത്തേണ്ടത്. കമ്മ്യൂണിസ്റ്റ് ജീവിത ശൈലിയും, കമ്മ്യൂണിസ്റ്റ് ആദർശങ്ങളും കാത്തു സൂക്ഷിക്കുന്ന എത്ര നേതാക്കൾ ഇപ്പോൾ ഈ പാർട്ടിയിൽ ഉണ്ട്? ചുരുക്കം ചിലർ ഉണ്ടെങ്കിലും അവരെ സൈഡ്ലൈൻ ചെയ്താണ് കാര്യങ്ങളുടെ പോക്ക്. മാത്രമല്ല അത്തരക്കാർക്കു പാർട്ടിയിൽ വലിയ സ്ഥാനങ്ങളും ഇല്ല. ദുരിതം വന്നാലും ആഘോഷം വന്നാലും സുഖിച്ചു ആർഭാടം നടത്താനും നാട്ടുകാരിൽ നിന്നും പൈസ പിരിക്കുക. എന്നിട്ട് അടിച്ചുമാറ്റി സുഖിച്ചു ജീവിക്കുക, പരമ സുഖ ജീവിതം, എന്നിട്ട് അച്ചടക്ക നടപടി എന്ന  പ്രഹസനവും, ഇത് ആർക്കാണ് മനസ്സിലാകാത്തത്.

ആറ് മാസം കഴിയുമ്പോൾ തിരിച്ചെടുത്തു പോയ സ്ഥാനങ്ങൾ എല്ലാം തിരിച്ചു കൊടുക്കും പിന്നെന്ത് നടപടി. നമ്മുടെ ശശിയേട്ടൻ എന്തൊക്കെ കണ്ടിരിക്കുന്നു. ശശിയേട്ടനോടാ കളി. അതിലും വലുത് ഇനി വരാനിരിക്കുന്നത് എന്ന്  ശശിയേട്ടനെ ആരും ഓർമ്മിപ്പിക്കേണ്ട കാര്യവും ഇല്ല. കമ്മ്യൂണിസം എന്ന് പറയുന്നത് മറ്റുള്ളവർക്ക് ഒരു വിഷമവും ഉണ്ടാകാതെ മറ്റുള്ളവരെ പോലെ നമ്മളും ജീവിച്ച് അവർക്ക് ഒരു അനീതിയുടെ കുഴപ്പങ്ങളും ബാധിക്കാതെ സ്വന്തം പ്രവർത്തികൾ സ്വന്തം സുഖവും പോലെ മറ്റുള്ളവർക്കും വരുത്തക്കവിധം കളങ്കമില്ലാതെ ധാർമികമായി ജീവിക്കുക എന്നതാണ്. 

അസത്യങ്ങളും അധർമ്മങ്ങളും അനീതിയും കാട്ടി സ്വന്തക്കാരുടെയും സ്വന്തമായും സ്വാർത്ഥ സുഖങ്ങൾ തേടുന്ന ഭരണാധികാരികൾ ആ രാജ്യത്തെ അസ്വാതന്ത്രമാക്കും,  സംഘർഷഭൂരിതമാക്കും, നാശം വരുത്തും.  രാഷ്ട്രത്തിൻറെ സംസ്കാരവും ജനങ്ങളെയും ശിഥിലമാക്കും. ആദ്യം അധർമ്മങ്ങളിൽ കൂടി സുഖിക്കുമ്പോൾ ഒന്നോർക്കുക നിങ്ങളുടെ ദുഃഖം ഒന്നിനോടും ഉപമിക്കാൻ പറ്റില്ല. സത്യസന്ധനും അഴിമതി രഹിതനുമായ ഒരു ഭരണാധികരി ഏതൊരു ജനതയുടെയും സ്വപ്നം ആണ്. അക്കാര്യത്തിൽ മലയാളികൾ ഭാഗ്യവാന്മാർ ആണോ? ഇത് പൊതുസമൂഹം വിലയിരുത്തട്ടെ.. ശശി എന്ന പേരിനെ കളിയാക്കുന്നവർക്ക്, ഒരു പാർട്ടിയെ തന്നെ ശശി ആക്കിയ ശശിയേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.

#communistparty #corruption #kerala #india #politics #scandal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia