Analysis | വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വീണ്ടും ചർച്ചയാവുമ്പോൾ


അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യവും ജനകീയമായ ഫണ്ടാണെന്ന് ഇതിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നു
സോണി കല്ലറയ്ക്കൽ
(KVARTHA) ആരെങ്കിലും എന്തെങ്കിലും സഹായം കൊടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അർഹതപ്പെട്ടവർക്ക് നേരിട്ടു കൊടുക്കാൻ ശ്രദ്ധിക്കുക. മുൻ അനുഭവങ്ങൾ മറക്കാതിരിക്കുക.. ഇത് പറയുന്നത് ഇവിടുത്തെ സാധാരണ ജനമാണ്. 2018 ൽ പ്രളയം ഉണ്ടായപ്പോൾ കേരളമൊട്ടാകെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈ അയച്ചാണ് സഹായിച്ചത്. എന്നാൽ ആ ദുരിതാശ്വാസ നിധിയെ ഇവിടുത്തെ സർക്കാരിൻ്റെ ഭരണം എട്ട് വർഷം പിന്നിടുമ്പോൾ അത്ര വിശ്വാസം പോരെന്നാണ് ചിലരുടെ വിമർശനം.
കഴിഞ്ഞപ്രാവശ്യത്തെ പോലെ ഒരു ഫണ്ട് ആർജ്ജിക്കാൻ ഇത്തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്ക് സാധിക്കുമോ? അത് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വയനാട് ദുരന്തത്തിൽ പെട്ട ആളുകളെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എല്ലാവരും കൈ അയച്ചു സഹായിക്കണമെന്നുള്ള ആഹ്വാനത്തിന് സോഷ്യൽ മീഡിയയിലും മറ്റും അനേകം അനുകൂല - പ്രതികൂല കമന്റുകളാണ് വരുന്നത്.
വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന സർക്കാർ എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ആ വാക്കുകൾ ഒന്ന് നോക്കാം. ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന സർക്കാർ എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് മറ്റ് എന്ത് പകരം നൽകിയാലും അത് മതിയാകില്ല. എങ്കിലും ദുരിതത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ കൈപിടിച്ചുയർത്തേണ്ടതുണ്ട്.
2018 ൽ പ്രളയം ഉണ്ടായപ്പോൾ കേരളമൊട്ടാകെ ഒറ്റക്കെട്ടായി ദുരന്തബാധിതരെ സഹായിക്കാൻ തയ്യാറായി. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് സഹായഹസ്തം ആ ഘട്ടത്തിൽ നീണ്ടു. അതുപോലെതന്നെ വയനാട്ടിൽ ഇപ്പോൾ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാൻ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണ്. പല വിധത്തിൽ സഹായങ്ങൾ പ്രഖ്യാപിച്ച് ഇതിനോടകം പലരും മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും മതിയാകില്ല. കൂടുതൽ സഹായങ്ങൾ ഉണ്ടെങ്കിൽ മാത്രമേ എല്ലാ തരത്തിലും നമുക്ക് ആ നാടിനെ പുനർനിർമ്മിക്കാൻ സാധിക്കുകയുള്ളൂ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകി അവരെ സഹായിക്കാൻ പങ്കാളികളാകണം. സി. എം.ഡി.ആർ.ഫിലേക്ക് 50 ലക്ഷം കേരള ബാങ്ക് ഇക്കാര്യത്തിൽ ഇപ്പോൾ തന്നെ നൽകിയിട്ടുണ്ട്. സിയാൽ രണ്ട് കോടി രൂപ വാഗ്ദാനം നൽകി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 5 കോടി രൂപ സഹായമായി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട്ടിൽ ഉണ്ടായ ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു പരിപാടികളും ആഘോഷങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ദേശീയപതാക താഴ്ത്തിക്കെട്ടി ദുഃഖാചരണത്തിന്റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ഇതിന് കേരളത്തിലെ പൊതുസമൂഹം നൽകിയ കമൻ്റുകളാണ് ശ്രദ്ധയിൽപ്പെടുത്തുന്നത്. 1) ഭൂമിയുടെ ഘടന അനുസരിച്ച് പ്രണയവും ദുരിതവും എല്ലാം ഉണ്ടാവും. അതിനെയൊക്കെ തരണം ചെയ്യാൻ ആണ് ജനങ്ങൾ നിങ്ങളെ ഭരണം ഏൽപ്പിച്ചത്. ഉള്ളതുകൊണ്ട് ആർഭാടവും കക്കൂസ് വണ്ടിയും ഉണ്ടാക്കുകയല്ല ജനങ്ങൾക്കായി. അല്ലെങ്കിൽ ഇത്തരം പ്രളയങ്ങൾ വരും എന്ന് കരുതി എന്തെങ്കിലും മാറ്റി വയ്ക്കുകയാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണ വർഗക്കാർ ചെയ്യേണ്ടത്. എന്നാൽ എന്തെങ്കിലും പ്രകൃതിദുരന്തം ഉണ്ടാകുമ്പോൾ സക്കാത്ത് വാങ്ങാൻ നടക്കുകയല്ല വേണ്ടത്. ആദ്യം അതിന് പരിഹാരം കാണുക.. നിങ്ങളുടെ കയ്യിലും കാണില്ലേ കോടിക്കണക്കിന് രൂപകൾ. സത്യവാങ്മൂലത്തിൽ കണ്ടതാണ്. അതിൽ നിന്ന് ഒരു 50% ആദ്യം നിങ്ങൾ ഇറക്കുക. എന്നാൽ ജനങ്ങൾ ബാക്കി ഇറക്കും
2) പ്രളയത്തിന്റെ പേര് പറഞ്ഞു സഖാക്കൾ തടിച്ചു കൊഴുക്കരുത്, അതിന് ആരും സമ്മതിക്കരുത്. പരമാവധി നേരിട്ട് സഹായം ചെയ്യുക. പ്രകൃതിദുരന്തത്തെക്കാളും വലിയ ദുരന്തം കേരളത്തിലെ പാവങ്ങൾ നേരിടാൻ തുടങ്ങിയിട്ട് 8 വർഷത്തിന് മുകളിലായി. അതിലും വലിയ ദുരന്തം ഇനി എന്തോന്ന് വരാൻ. കേരള ജനത ഒറ്റക്കെട്ടായി ഇറങ്ങും. എന്ത് വന്നാലും നിങ്ങളുടെ കയ്യിൽ ഒരു രൂപ തരൂല. 3) അന്ന് ജനം മനസ്സറിഞ്ഞ് തന്ന പണം എന്ത് ചെയ്തെന്ന് നാം കണ്ടതാണ്. പിരിഞ്ഞുകിട്ടിയ പണത്തിന്റെ കണക്കുപോലും ഇതേവരെ ആരും കണ്ടിട്ടില്ല. ഇനിയും കാണില്ല. ആ അബദ്ധം ഇനി ആർക്കും പറ്റരുത്. നേരിട്ട് നൽകുക. അല്ലെങ്കിൽ സന്നദ്ധ സംഘടന മുഖേന നിങ്ങൾ നൽകുക. സഹായം ദുരിതം അനുഭവിക്കുന്നവർക്ക് ലഭിക്കട്ടെ. അർഹതപ്പെട്ടവർക്ക് ലഭിക്കുമോ എന്ന് സംശയം ഉള്ളതുകൊണ്ട് നേരിട്ടു നൽകാനുള്ള വഴികൾ കണ്ടെത്തുന്നതായിരിക്കും ഉചിതമെന്നു തോന്നുന്നു.
4) എല്ലാ കാര്യത്തിനും എല്ലാവരും ഉണ്ടാവും. ലോകം മുഴുവൻ ഉണ്ടാകും. പക്ഷെ, അതിൽ നിന്ന് കക്കരുത് പ്ലിസ് സഹായിക്കണമെന്നുണ്ട്. പക്ഷെ സർക്കാർ നികുതി ആയും വിലക്കയറ്റമായും എല്ലാം അപ്പപ്പോൾ പിടിച്ചുപറിച്ചു വാങ്ങി ജീവിതത്തിൽ ഇത്രയും വിഷമിച്ച അവസ്ഥ ഉണ്ടായിട്ടില്ല. പാർട്ടിയിലെ കൊള്ളക്കാരെ തീറ്റാൻ വേണ്ടി നിങ്ങൾക്ക് തരില്ല, സൻമനസുള്ളവർ നേരിട്ട് എത്തിച്ചുകൊള്ളും. പണം നൽകുമ്പോൾ ദുരിതം അനുഭവിക്കുന്നവർക്കു നേരിട്ടു കൊടുക്കുക. ഭക്ഷണം, വസ്ത്രം, മരുന്നുകൾ, കുടിവെള്ളം, വീടുകൾ എല്ലാം . ആവശ്യസാധനങ്ങൾ നേരിട്ട് എത്തിച്ചുകൊടുക്കുന്നതായിരിക്കും ഉചിതം. 5) കിട്ടിയത് തന്നെ. ആദ്യമേ ആലോചിക്കേണ്ടിയിരുന്നു മുഖ്യാ. ഇനിയും ഒരു അവസ്ഥ ഉണ്ടായാൽ നാട്ടുകാരോട് കയ്യ് നീട്ടേണ്ടി വരുമെന്നും അത് കൊണ്ട് കണക്ക് കണക്കായി കാണിച്ചു കൊടുക്കേണ്ടി വരും എന്നും.
ഇതൊക്കെയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് നേരെ പൊതുജനത്തിൻ്റേതായി വന്ന പ്രസ്താവനകൾ.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി (സിഎംആർഡിഎഫ്) ഒരു സുതാര്യവും ജനകീയമായ ഫണ്ടാണെന്ന് ഇതിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നു. അവരുടെ വാദങ്ങൾ ഇങ്ങനെയാണ്: മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് തീരുമാനമെടുത്ത് ഫണ്ട് ഉപയോഗിക്കാൻ കഴിയില്ല, ഫണ്ട് പ്രവർത്തിപ്പിക്കുന്നത് സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്) ആണ്, ഫണ്ടിലേക്കുള്ള സംഭാവനകൾ ബാങ്കിലെ പൂൾ അക്കൗണ്ടുകളിലേക്കാണ് എത്തുന്നത്.
ഫണ്ടിൽ നിന്നും പണം പിൻവലിക്കാനും വിതരണം ചെയ്യാനും സർക്കാർ ഉത്തരവ് അനിവാര്യമാണ്, ഓരോ തരത്തിലുള്ള ചെലവുകൾക്കും സർക്കാർ ഉത്തരവുകൾ പ്രകാരം പരിധി നിശ്ചയിച്ചിട്ടുണ്ട്. ഫണ്ടിലെ പണം നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതിലൂടെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നു, ഏതൊരാൾക്കും ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ആർടിഐ വഴി ആവശ്യപ്പെടാം, ഫണ്ടിന്റെ കണക്കുകൾ കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ പരിശോധിക്കുന്നതിലൂടെ അഴിമതി സാധ്യത കുറയുന്നു, ഫണ്ടിലെ എല്ലാ ഇടപാടുകളും ബാങ്കിലൂടെ നടക്കുന്നതിനാൽ സുതാര്യത ഉറപ്പാക്കുന്നു'.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ചുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പഴയത് പോലെ സഹായഹസ്തം ഒഴുകിയെത്തുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്.