Majority | ലോക് സഭ തിരഞ്ഞെടുപ്പിന്റെ വോടെണ്ണല്‍ ആരംഭിച്ച് രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഇന്‍ഡ്യാ സംഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം; 212 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു
യുപിയില്‍ വോടുവിവരം പുറത്തുവരുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷകളെല്ലാം താറുമാറായ കാഴ്ചയാണ് കാണുന്നത്
ഹിമാചല്‍ പ്രദേശിലെ മാണ്ഡ്യയില്‍ ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗട്ട് പിന്നില്‍
ന്യൂഡെല്‍ഹി:(KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോടെണ്ണല്‍ ആരംഭിച്ച് രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഇന്‍ഡ്യാ സംഖ്യം അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവയ്ക്കുന്നതാണ് കാണുന്നത്. എന്‍ഡിഎ സഖ്യം 310 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ 212 സീറ്റുമായി തൊട്ടുപിന്നില്‍ ഇന്‍ഡ്യാസഖ്യവും ഉണ്ട്. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പിന് ശേഷമാണ് വിധി വരുന്നത്.
വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് തിരിച്ചുപിടിച്ചിരിക്കുന്നു. 436 വോടിന്റെ ലീഡ് ആണ് മോദി തുടരുന്നത്. തുടക്കം മുതല്‍ ഇന്‍ഡ്യാ മുന്നണിയിലെ അജയ റാവുവിനെ അപേക്ഷിച്ച് മോദി വളരെ പിന്നില്‍ നില്‍ക്കുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്.
യുപിയില്‍ വോടുവിവരം പുറത്തുവരുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷകളെല്ലാം താറുമാറായ കാഴ്ചയാണ് കാണുന്നത്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ടിയുടെ തേരോട്ടമാണ് കാണുന്നത്. എസ് പി- 32, കോണ്‍ഗ്രസ്-6 ബിജെപി- 25 എന്നിങ്ങനെയാണ് ലീഡ് നില.
ഹിമാചല്‍ പ്രദേശിലെ മാണ്ഡ്യയില്‍ ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗട്ട് പിന്നിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിക്രമാദിത്യ സിംഗ് മുന്നില്‍ നില്‍ക്കുന്നു. മഹാരാഷ്ട്രയില്‍ 13 സീറ്റുമായി ഇന്‍ഡ്യസഖ്യം മുന്നില്‍ നില്‍ക്കുന്നു.
പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് 19 ഇടങ്ങളിലും ബിജെപി 18 ഇടങ്ങളിലും കോണ്‍ഗ്രസ് മൂന്നിടങ്ങളിലും സിപിഎമിന് ഇതുവരെ ലീഡ് ഒന്നും ലഭിച്ചിട്ടില്ല. അയോധ്യയില്‍ ബിജെപി സ്ഥാനാര്‍ഥി പിന്നില്‍ നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. അമേഠിയില്‍ സ്മൃതി ഇറാനി പിന്നിലാണ്. അമിത് ഷായുടെ ലീഡ് നില ഉയരുന്നതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.