Delay | ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുകൊണ്ട് നാലര വര്‍ഷം പൂഴ്ത്തി? മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ 

​​​​​​​

 
chief minister responds to delays in hemma committee report

Photo Credit: Facebook /Pinarayi Vijayan

'വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യത്തിൽ വിവരാവകാശ കമ്മീഷൻ നിരസിച്ചിരുന്നു'

തിരുവനതപുരം: (KVARTHA) ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിനെ തുടർന്ന് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പോർട്ട് വൈകിയത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് പുറത്തുവിടുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വകാര്യത ലംഘനം ഉണ്ടാകാതിരിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല'

ഹേമ കമ്മറ്റി  റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍  പുറത്ത് വിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്നത്തെ സാംസ്കാരിക  വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കാണ് ജസ്റ്റിസ് ഹേമ ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയത്.  

തങ്ങളുടെ കമ്മറ്റി മുന്‍പാകെ സിനിമാ മേഖലയിലെ  ചില വനിതകള്‍ നടത്തിയത് തികച്ചും രഹസ്യാത്മകമായ  വെളിപ്പെടുത്തലുകള്‍ ആണ്.  ആയതിനാല്‍ യാതൊരു കാരണവശാലും താന്‍ അടങ്ങുന്ന കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പാടില്ല എന്ന് ജസ്റ്റിസ് ഹേമ കത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. 

വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന വിവരങ്ങള്‍ പങ്കിടാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിവരാവകാശ നിയമ പ്രകാരം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വന്ന അപേക്ഷകള്‍ സാസ്കാരിക വകുപ്പിന്‍റെ മുഖ്യവിവരാവകാശ ഓഫീസര്‍ നിരസിച്ചു. അതിനെതിരെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍  2020 ല്‍ തന്നെ വിവരാവകാശ കമ്മീഷനെ സമീപ്പിച്ചിരുന്നു.  റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ കഴിയില്ലെന്ന് 2020 ഒക്ടോബര്‍ 22 ന് കമ്മീഷന്‍ ചെയര്‍മാന്‍ വിന്‍സണ്‍ എം പോള്‍  ഉത്തരവ് ഇട്ടു.

കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളും പരിഹാര നടപടികളും പ്രത്യേക ഭാഗത്തായി നല്‍കിയിരുന്നില്ല. സാക്ഷി മൊഴികളും പരിശോധനാ വിധേയമാക്കിയതിന്‍റെ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നതിനാല്‍ വെളിപ്പെടുത്തേണ്ടവ ഏതെന്ന് വിഭജിച്ച് എടുത്ത് ചൂണ്ടിക്കാട്ടുക അസാധ്യമാണെന്നു നിരീക്ഷിക്കുക കൂടി ചെയ്തു കൊണ്ടാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലെന്ന് വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കിയത്. 
 
2020 ല്‍ പുറപ്പെടുവിച്ച ആ ഉത്തരവിനെ ഓവര്‍ റൂള്‍ ചെയ്താണ് വിവരാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ 2024 ജൂലൈ ഏഴിന്  സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.  വിവരാവകാശ നിയമപ്രകാരം സ്വകാര്യതാ ലംഘനം ഉളള ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനായിരുന്നു കമ്മീഷന്‍ നിര്‍ദേശം. അവ ഏതെല്ലാം എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്ന ഘട്ടത്തിലാണ് തടസ്സഹര്‍ജിയുമായി ഒരു നിര്‍മ്മാതാവ് ഹൈക്കോടതിയെ സമീപിക്കുന്നത്. 

റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിനെതിരെ ഹൈക്കോടതി ആദ്യം സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. പിന്നീട് ആ സ്റ്റേ വെക്കേറ്റ് ചെയ്യപ്പെട്ടു. ഇതോടെ വീണ്ടും റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ്  മറ്റൊരു തടസ്സഹര്‍ജിയുമായി പ്രമുഖ നടി ഹൈക്കോടതിയെ സമീപിച്ചത്. അതിന്‍മേലുളള നിയമതടസ്സങ്ങള്‍ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. അതിന് പിന്നാലെ റിപ്പോര്‍ട്ട് പുറത്ത് വന്നു. സര്‍ക്കാരിന് ഇതില്‍ ഒരൊറ്റ നയമേ ഉളളു. അത് ബന്ധപ്പെട്ട മന്ത്രിയടക്കമുളളവര്‍ പലതവണ വ്യക്തമാക്കിയതാണ്. റിപ്പോര്‍ട്ട് പുറത്ത് വരുന്നത് ഒരു തരത്തിലും സര്‍ക്കാരിന് എതിര്‍പ്പ് ഉളള കാര്യമല്ല.

കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള ഒരു സ്റ്റെനോഗ്രാഫറുടെ സഹായം  പോലും ഇല്ലാതെയാണ് ഹേമ കമ്മിറ്റി ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. സാക്ഷികള്‍ കമ്മറ്റിക്ക് മുമ്പാകെ പറഞ്ഞ പല കാര്യങ്ങളും അതീവ രഹസ്യസ്വഭാവമുള്ളവയാണ്. ആ വിശദാംശങ്ങള്‍ കമ്മിറ്റിയുമായി പങ്കുവെച്ചത് സാക്ഷികള്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസംകൊണ്ടാണെന്നും കമ്മിറ്റി വ്യക്തമാക്കുന്നു. 

ആ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് പ്രൊഫഷണല്‍ ടൈപ്പിംഗ് അറിയാഞ്ഞിട്ടും കമ്മിറ്റി അംഗങ്ങള്‍ സ്വന്തമായി തന്നെ ടൈപ്പ് ചെയ്തത് എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. വ്യക്തികള്‍ കമ്മിറ്റിക്ക് മുന്‍പാകെ വെളിപ്പെടുത്തിയ ഏതെങ്കിലും വിവരങ്ങള്‍ ചോര്‍ന്ന് വിവാദമാകുന്നത് തടയേണ്ടതിന്‍റെ അനിവാര്യത റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നര്‍ത്ഥം. 

സിനിമയില്‍ നിന്നുള്ള നിരവധി വ്യക്തികള്‍ കമ്മിറ്റിക്ക് മുമ്പാകെ ഉന്നയിച്ച വിവിധ ആരോപണങ്ങളുടെ സെന്‍സിറ്റീവ് സ്വഭാവവും അവ പരസ്യമായാല്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് സാക്ഷികളുടെ മൊഴികള്‍ക്ക് പരിപൂര്‍ണമായും രഹസ്യാത്മകത ഉറപ്പുവരുത്താന്‍ കമ്മിറ്റി ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതൊക്കെ വസ്തുതയായിരിക്കെ, സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു എന്ന് പറയുന്നതില്‍ എന്താണര്‍ത്ഥമെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia